കടയ്ക്കൽ (കൊല്ലം):റോഡിനു കുറുകേ ചാടിയ തെരുവുനായയെ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു. ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ കോട്ടപ്പുറം പുളിമൂട് ജങ്‌ഷനിലെ ഡ്രൈവർ വെള്ളാർവട്ടം ഹരിചന്ദനത്തിൽ വിഷുകുമാറി(57)നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ അമ്പലം റോഡിൽ എറ്റിൻകടവ് ഇറക്കത്ത് തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
കടയ്ക്കലിൽ യാത്രക്കാരെ ഇറക്കിയശേഷം മടങ്ങുകയായിരുന്നു ഓട്ടോ. വളവുംതെങ്ങ് ഭാഗത്തുനിന്നു വന്ന ഒരുകൂട്ടം തെരുവുനായ്ക്കളിലൊന്ന് ഓട്ടോയ്ക്കു കുറുകേ ചാടുകയായിരുന്നു. നായയെ ഇടിച്ച് നിയന്ത്രണംവിട്ടു മറിഞ്ഞ ഓട്ടോയ്ക്കുള്ളിൽ വിഷുകുമാറും പട്ടിയും കുടുങ്ങി.
കൈയിൽ കടിച്ചുതൂങ്ങിയ നായയിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമം നടന്നില്ല. വേദനകൊണ്ടു പുളഞ്ഞ വിഷുകുമാർ ഒടുവിൽ മറുകൈകൊണ്ട് പട്ടിയുടെ വായ വലിച്ചുതുറന്ന് രക്ഷപ്പെടുകയായിരുന്നു. അപ്പോഴേക്കും സമീപവാസികളെത്തി ഓട്ടോയ്ക്കുള്ളിൽനിന്ന് വിഷുകുമാറിനെ പുറത്തെടുത്തു.
രണ്ട് കൈകളിലും കടിയേൽക്കുകയും ദേഹമാസകലം മുറിവേൽക്കുകയും ചെയ്ത വിഷുകുമാറിനെ ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
Content Highlights: Auto Overturns After Collision with Stray Dog in Kadakkal, Driver Injured
Published: 02 Dec 2025, 09:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented