തിരുവല്ല: പത്തുവയസ്സുകാരനെ ഉപയോഗിച്ച് പലയിടങ്ങളില്‍ പിതാവ് എംഡിഎംഎ വിറ്റു എന്ന കേസില്‍ പുതിയ വഴിത്തിരിവ്. കുട്ടിക്ക് ലഹരിക്കടത്തുമായി ബന്ധമില്ലെന്നും പോലീസിന് പറ്റിയ അബദ്ധമാണെന്നും കുട്ടിയുടെ അമ്മ മാതൃഭൂമിയോട് പറഞ്ഞു. ബാലാവകാശ നിയമപ്രകാരം കേസെടുത്തതിലും ദുരൂഹത. കേസെടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും കുട്ടിയുടെ അമ്മയും തമ്മിലുള്ള സംഭാഷണം പുറത്തായി. കുട്ടിയുടെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങളാണ് പുറത്തായത്. 

To advertise here,

മൊഴി വായിച്ചുനോക്കി ഒപ്പിട്ടുകൊടുത്തെങ്കിലും ഉള്ളടക്കത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഒരു വര്‍ഷത്തോളമായി കുട്ടിയുടെ പിതാവും താനും പിരിഞ്ഞുതാമസിക്കുകയാണെന്നും കുട്ടി തന്നോടൊപ്പമാണ് താമസിക്കുന്നതെന്നും ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. 

കുട്ടിയുടെ പിതാവിനെതിരെ ബാലാവകാശ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനുപിന്നാലെ കുട്ടിയുടെ വീട്ടില്‍ തിരുവല്ല സി.ഐ എത്തുന്നവേളയില്‍ പത്രക്കാര്‍ക്ക് പറ്റിയ തെറ്റ് എന്നായിരുന്നു സി.ഐയുടെ ന്യായീകരണം. കുട്ടിയുടെ വീട്ടുകാരില്‍ ചില സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഈ കേസില്‍ പോലീസ് തിടുക്കം കാണിച്ചു എന്നാണ് അമ്മയുടെ  ആരോപണം. 

പോലീസ് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത് കുട്ടിയെ ഉപയോഗിച്ച് ലഹരി കടത്തി എന്നായിരുന്നു. പത്തുവയസ്സുകാരന്റെ ശരീരത്തില്‍ എംഡിഎംഎ പ്ലാസ്റ്റിക് കവറിലാക്കി ഒട്ടിച്ച് കുട്ടിയെയും കൊണ്ട് ആവശ്യക്കാര്‍ക്ക് കൈമാറി എന്നായിരുന്നു കുട്ടിയുടെ പിതാവിനെതിരെയുള്ള കേസ്. 

ലഹരി ഉപയോഗിച്ച് വന്ന് തന്നെ മര്‍ദ്ദിച്ചുവെന്നുകാണിച്ച് കുട്ടിയുടെ അമ്മ രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവിനെതിരെ പോലീസ് സ്‌റ്റേഷനില്‍ കേസ് കൊടുത്തിരുന്നു. 

അമ്മയുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.