
പെരുമ്പാവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയിൽനിന്ന് തന്നെമാത്രം ഒഴിവാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഇതിനുപിന്നിൽ രാഷ്ട്രീയമായ ഗൂഢാലോചനയുണ്ടെന്നും പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. സമാനമായ കേസുകൾ നേരിടുന്ന മറ്റ് നേതാക്കൾ, പി.കെ. ശശി ഉൾപ്പടെയുള്ളവർ കോൺഗ്രസ് പട്ടികയിലുണ്ടായിട്ടും തന്നെമാത്രം ലക്ഷ്യംവെക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
എഐസിസി പട്ടിക വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ ഗാന്ധിയിലും പാർട്ടി കേന്ദ്രനേതൃത്വത്തിലും തനിക്ക് പൂർണവിശ്വാസമുണ്ടെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
തനിക്കെതിരെയുള്ള പീഡനക്കേസ് രാഷ്ട്രീയ ഭാവി നശിപ്പിക്കാൻ ചിലർ ആസൂത്രിതമായി ഉണ്ടാക്കിയതാണെന്ന് എൽദോസ് ആരോപിച്ചു. ഇതൊരു വ്യാജ കേസാണ്. പരാതിക്കാരിക്ക് മറ്റ് പലരുമായും ബന്ധപ്പെട്ട് അമ്പതോളം കേസുകൾ നിലവിലുണ്ട്. സെഷൻസ് കോടതിയും ഹൈക്കോടതിയും കേസിന്റെ നിജസ്ഥിതി മനസ്സിലാക്കിയാണ് തനിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതെന്നും കോടതിവിധി വായിച്ചാൽ അത് വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റിടങ്ങളിൽ ജയിലിൽ കിടന്നവരും സമാനമായ കേസുകൾ ഉള്ള, പി.കെ. ശശിയടക്കമുള്ളവർ മത്സരിക്കുന്നുണ്ടെന്നും പിന്നെ തനിക്കുമാത്രം എന്തിന് അയോഗ്യത കൽപ്പിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. മണ്ഡലത്തിലെ വോട്ടർമാരിലും ജനപ്രതിനിധികളിലും തനിക്ക് വലിയ വിശ്വാസമുണ്ട്. ജനങ്ങളുടെ പൾസ് തനിക്ക് അനുകൂലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ഒരുവർഷത്തിനിടെ 117 ദിവസംകൊണ്ട് 15,000 വീടുകൾ താൻ നേരിട്ട് സന്ദർശിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ ഏഴ് പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പൽ ചെയർമാനും തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും തന്നോട് മത്സരിക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും താൻ മത്സരരംഗത്ത് ഉണ്ടാകുമെന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. പാർട്ടി തനിക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ നടക്കുന്ന അട്ടിമറിശ്രമങ്ങളെ പാർട്ടി ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Published: 19 Mar 2026, 05:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented