തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ചും പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും വിശദീകരണവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. കൗൺസിലർ ഗായത്രി ബാബു മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രതികരണം ഏകപക്ഷീയമായ മനസ്സിന്റെ വികാരം മാത്രമാണെന്നും ഫേസ്ബുക്കിൽ വിമർശനക്കുറിപ്പിട്ടത് ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘പാർട്ടിപരമായ കാര്യങ്ങൾ പറയണമെങ്കിൽ പാർട്ടിക്കുള്ളിൽ പറയണം. ഫേസ്ബുക്കിൽ ഇട്ടത് ശരിയല്ലെന്ന് അത് കണ്ടപ്പോൾത്തന്നെ ബന്ധപ്പെട്ട ആളുകൾ അവരോട് സൂചിപ്പിച്ചു. തുടർന്ന് അവർ അത് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. കോർപ്പറേഷനിൽ വലിയ തിരിച്ചടിയാണ് സിപിഎം നേരിട്ടതെങ്കിലും ബിജെപി കേവല ഭൂരിപക്ഷത്തിന് അടുത്തേക്കുമാത്രമാണ് എത്തിയിരിക്കുന്നത്. യുഡിഎഫും ബിജെപിയും സിപിഎമ്മിനെ പൊതുശത്രുവായി കണ്ടപ്പോൾ സ്വാഭാവികമായി പ്രതീക്ഷിച്ച ഒരു നിലയിലേക്ക് കാര്യങ്ങൾ വന്നില്ല. ഈ തിരഞ്ഞെടുപ്പിൽ ലഭ്യമാകേണ്ടുന്ന 14-15 സീറ്റുകൾ പാർട്ടിക്കു നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും, ജനവിധി മാനിക്കുക എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്’, അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് 50 സീറ്റുകൾ ഉള്ളതിനാൽ, അവർ ഭരിച്ച് ജനങ്ങളെ കാണിക്കട്ടെ എന്ന നിലപാടിലാണ് ഇപ്പോൾ ഞങ്ങൾ നിൽക്കുന്നതെന്നും വി. ജോയ് പറഞ്ഞു. ഞങ്ങൾക്ക് ആകെ 29 സീറ്റുകൾ മാത്രമാണുള്ളത്. അതിനാൽ, മേയർ സ്ഥാനത്തേക്ക് ഒരു സ്ഥാനാർഥിയെ നിർത്തി മത്സരം നടത്താൻ നിലവിൽ സാധിക്കുന്ന സാഹചര്യമല്ല ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുട്ടടയിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ചതിനെക്കുറിച്ച് പ്രതികരിക്കവെ, താമസമില്ലാത്തവരുടെ വോട്ട് ഒഴിവാക്കുക എന്നത് ഇലക്ഷൻ കമ്മീഷൻതന്നെ പറഞ്ഞിട്ടുള്ള കാര്യമാണെന്നും അവിടെയും അതാണ് ചെയ്തതെന്നും വി. ജോയ് വിശദീകരിച്ചു. കൂടാതെ, ജില്ലാ സെക്രട്ടറിയുടെ സ്വന്തം പഞ്ചായത്തായ അഴൂർ ഗ്രാമപഞ്ചായത്തിലും തിരിച്ചടിയുണ്ടായി. അവിടെ പരാജയത്തിന് കാരണമായത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ആണ്. അഴൂരിൽ മൂന്ന് സീറ്റുകളിൽ കോൺഗ്രസിന്റെ വോട്ട് 100-ൽ കുറവായിരുന്നു. ഇവർ തമ്മിലുണ്ടായ അഡ്ജസ്റ്റ്മെന്റാണ് പരാജയത്തിന് കാരണമായതെന്നും വി. ജോയ് ആരോപിച്ചു.
Content Highlights: CPM Thiruvananthapuram District Secretary V. Joy addresses corporation poll setbacks and internal party differences, clarifying remarks by a councilor and party`s stance on results.
Published: 14 Dec 2025, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented