കണ്ണൂർ: പോലീസിനെ ബോംബ് എറിഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് പരോൾ. നവംബർ മാസം 25-ാം തീയതിയാണ് വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. എന്നാൽ വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് പത്ത് വർഷം അനുഭവിച്ചാൽ മതിയാകും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയായിരുന്നു വിധി പ്രസ്താവിച്ചത്.

To advertise here,

ശിക്ഷിക്കപ്പെട്ട് ഒരുമാസം തികഞ്ഞതിന് പിന്നാലെയാണ് നിഷാദിന് ആറുദിവസത്തേക്ക് പരോൾ ലഭിച്ചിട്ടുള്ളത്. അച്ഛന് അസുഖമാണെന്ന കാരണത്തെ തുടർന്നാണ് പരോൾ അനുവദിച്ചിരിക്കുന്നത് എന്നാണ് വിവരം.

തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലേക്ക് മത്സരിച്ച് നിഷാദ് ജയിച്ചിരുന്നു. 46-ാം വാർഡായ മൊട്ടമ്മലിൽനിന്നായിരുന്നു ജനവിധി തേടിയത്. പത്രിക നൽകുന്ന സമയത്ത് ശിക്ഷ വിധിക്കാതിരുന്നതിനാൽ മത്സരിക്കുന്നതിന് തടസ്സമുണ്ടായിരുന്നില്ല. എന്നാൽ ഫലം വന്നപ്പോൾ ജയിച്ചുവെങ്കിലും ജയിലിലായിരുന്നു. അതിനാൽ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. അതിവേഗം പരോൾ അനുവദിക്കപ്പെട്ടതിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

2012 ഓഗസ്റ്റ് ഒന്നിനായിരുന്നു നിഷാദ് പ്രതിയായ കേസിന് ആസ്പദമായ സംഭവം. അരിയിലെ എംഎസ്എഫ് നേതാവ് ഷൂക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്.

നിഷാദ് 16 കേസുകളിൽ പ്രതിയാണ്. 2009 മുതൽ 2016 വരെ പയ്യന്നൂർ പോലീസ് സ്റ്റേഷനിലാണ് ഇത്രയും കേസുകൾ രജിസ്റ്റർചെയ്തിട്ടുള്ളത്. 2009-ൽ ഒരു കേസാണുള്ളത്. എന്നാൽ, 2010-ൽ രണ്ടും തൊട്ടടുത്ത വർഷം മൂന്നും കേസ് നിഷാദിന്റെ പേരിൽ രജിസ്റ്റർചെയ്തു. 2012-ൽ മാത്രം പൊതുമുതൽ നശിപ്പിച്ചതും സ്‌ഫോടകവസ്തുക്കൾ കൈയിൽ കരുതിയതുമുൾപ്പെടെ എട്ടു കേസുകളുണ്ട്. 2013-ലും 2016-ലും ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.