തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ജില്ലയിലെ സി.പി.എം. നേതൃത്വത്തിൽ മറനീക്കി വിഭാഗീയത. ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ ചേരിതിരിവാണ് ഇപ്പോൾ പരസ്യമായി പ്രകടമാകുന്നത്. മുൻ മന്ത്രിയും തലസ്ഥാനത്തെ മുതിർന്ന നേതാവുമായ വി. ശിവൻകുട്ടി സംസ്ഥാനനേതൃത്വത്തിനു മുന്നിൽ പരാതിയുമായി എത്തുംവരെയായി കാര്യങ്ങൾ.
സി.പി.എം. കോവളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വിഴിഞ്ഞത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിലാണ് വി. ശിവൻകുട്ടി കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയത്. വിഴിഞ്ഞം തുറമുഖ വിഷയത്തിൽ നടന്ന പ്രതിരോധസംഗമം ഉദ്ഘാടനം ചെയ്തത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനായിരുന്നു. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ., കേന്ദ്രകമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ, ടി.എൻ. സീമ തുടങ്ങിയ നേതാക്കളെല്ലാം ക്ഷണിക്കപ്പെട്ടിരുന്നു. എന്നാൽ, കോവളം ഏരിയാ കമ്മിറ്റി ശിവൻകുട്ടിയെ ഇക്കാര്യം അറിയിച്ചില്ല. എം.വി. ഗോവിന്ദനെ ഫോണിൽ വിളിച്ച് ശിവൻകുട്ടി പരാതിയും അറിയിച്ചു. പരാതിയുണ്ടെങ്കിൽ പരിപാടി മാറ്റിവെക്കാമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. കടുത്ത അതൃപ്തിയാണ് ഇക്കാര്യത്തിൽ ശിവൻകുട്ടി പ്രകടിപ്പിച്ചത്.
ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിലും ശിവൻകുട്ടി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു വി. ജോയിയെ വീണ്ടും ജില്ലാ സെക്രട്ടറിയാക്കിയത്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ആ യോഗത്തിൽനിന്ന് ശിവൻകുട്ടി വിട്ടുനിൽക്കുകയും ചെയ്തു.
ഇതിനിടെയാണ് തിരുവനന്തപുരം കോർപ്പറേഷൻ അവിശ്വാസപ്രമേയ വിഷയത്തിൽ ജില്ലാ സെക്രട്ടറിയും ശിവൻകുട്ടിയും ഭിന്ന അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ബി.ജെ.പി. ഭരണസമിതിയെ എതിർക്കാൻ കോൺഗ്രസിന്റെ അവിശ്വാസപ്രമേയത്തെ പിന്താങ്ങുന്നതിൽ തെറ്റില്ലെന്നായിരുന്നു ശിവൻകുട്ടി പറഞ്ഞത്. ഇതിനുപിന്നാലെ അത്തരമൊരു നിലപാടോ തീരുമാനമോ പാർട്ടിക്ക് ഇല്ലെന്നും സംസ്ഥാനനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ജില്ലാ സെക്രട്ടറി വി. ജോയി വ്യക്തമാക്കി. ഇത്തരം ഭിന്നിപ്പ് തുടരുന്നതിനിടെയാണ് വിഴിഞ്ഞം പ്രതിരോധസംഗമത്തിൽനിന്നും ശിവൻകുട്ടി ഒഴിവാക്കപ്പെട്ടത്.
തിരഞ്ഞെടുപ്പിനു പിന്നാലെ ജില്ലയിലെ ഏരിയാ കമ്മിറ്റികളെല്ലാം സംസ്ഥാന നേതൃത്വത്തിനെതിരേ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുയർന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻപോയ വി. ജോയിക്കുപകരം എ.എ. റഹീമിന് ജില്ലാ സെക്രട്ടറിയുടെ താത്‌കാലിക ചുമതല നൽകിയിരുന്നു.
വി. ജോയിയെ തിരികെ സെക്രട്ടറിയാക്കുന്നതിലാണ് ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ, പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ വി. ജോയി വീണ്ടും അതേസ്ഥാനത്ത് എത്തുകയായിരുന്നു.
Content Highlights: Internal rift within CPM Thiruvananthapuram intensifies as V Sivankutty protests being excluded from party events.
Published: 08 Jul 2026, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented