തിരുവനന്തപുരം:  കോവിഡ് ബാധയെ തുടര്‍ന്ന് ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ഇവിടെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം താത്കാലികമായി അടച്ചത്. 

To advertise here,

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും. അതിര്‍ത്തിയില്‍ 24 മണിക്കൂറും പരിശോധന ഉണ്ടാകും. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ കോവിഡ് നെഗറ്റീവ് ആയതിന്റെ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതിന്റെ രേഖകള്‍ കൈവശം ഉണ്ടാകണം. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് വളരെ ഉയര്‍ന്നേക്കാനാണ് സാധ്യതയെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. ഇന്ന് 20,000 പേരെങ്കിലും പോസിറ്റീവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഉയരുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. 

രോഗവ്യാപനം രൂക്ഷമായ കോഴിക്കോട്, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ ഐസിയു സൗകര്യങ്ങള്‍ പൂര്‍ണമായും നിറയുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 60 ശതമാനത്തോളം ഐസിയുകളും നിലവില്‍ ഉപയോഗിക്കുന്നുണ്ട്. രോഗവ്യാപനം അതിരൂക്ഷമായാല്‍ സ്ഥിതി നിയന്ത്രണാതീതമാകും.

Content Highlight: Covid: cardiac surgery department  closed in Sree Chitra Medical College