മൂന്നാർ: ചിന്നക്കനാലിൽ ഹാരിസൺ മലയാളം കമ്പനി ദീർഘകാലമായി കൈവശം വെച്ചിരുന്ന സർക്കാർ ഭൂമി വനംവകുപ്പ് ഔദ്യോഗികമായി ഏറ്റെടുത്തു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള 40 ഹെക്ടറിലധികം വരുന്ന ഭൂമിയാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗമായത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ള ടെന്റ് ക്യാമ്പ് പ്രവർത്തിച്ചിരുന്നതും കൊളുക്കുമലയ്ക്ക് സമീപമുള്ള ഈ ഭൂമിയിലായിരുന്നു.

To advertise here,

ഈ ഭൂമിയെച്ചൊല്ലിയുള്ള നിയമപോരാട്ടങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1975-ലാണ് ഹാരിസൺ കമ്പനിയിൽ നിന്ന് വനംവകുപ്പ് ആദ്യമായി 210.89 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും, 168.72 ഹെക്ടർ ഭൂമി കമ്പനിക്ക് തന്നെ തിരികെ നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു. ബാക്കിയുള്ള 42.72 ഹെക്ടർ ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്നായിരുന്നു 1987-ലെ ഹൈക്കോടതിയുടെ അന്തിമ വിധി.

2001-ൽ ഈ ഭൂമി റിസർവായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അത് തിരിച്ചുപിടിക്കാനുള്ള ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. നീണ്ട വർഷത്തെ നിയമപ്രക്രിയകൾക്കും ഭരണപരമായ കാലതാമസത്തിനും ശേഷമാണ് ഇപ്പോൾ വനംവകുപ്പ് ഈ പ്രദേശം ഏറ്റെടുത്തിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരും കമ്പനി അധികൃതരും സംയുക്തമായി സർവേ പൂർത്തിയാക്കിയ ശേഷമാണ് ഭൂമി ഔദ്യോഗികമായി ഏറ്റെടുത്തത്.

പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയർന്ന മേഖലകളിലൊന്നായ ഈ പ്രദേശം വന്യജീവികളുടെ പ്രധാന ആവാസവ്യവസ്ഥയാണ്. കടുവ, ആന തുടങ്ങിയ വന്യജീവികളുടെ സ്ഥിര സാന്നിധ്യമുള്ള ഈ വനം അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതാണെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.