തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി പ്രൊഫസർ ഡോ. പി. രവീന്ദ്രനെ നിയമിച്ച് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉത്തരവിട്ടു. കഴിഞ്ഞ ഒന്നരവർഷമായി കാലിക്കറ്റ് സർവകലാശാലയുടെ താൽക്കാലിക വിസിയായി ഡോ. രവീന്ദ്രൻ തുടരുകയാണ്. വൈസ് ചാൻസലർ നിയമനത്തിനായി നിയമിച്ച മൂന്നംഗ സമിതി തയ്യാറാക്കിയ പാനലിൽനിന്നാണ് ചാൻസലർ ഡോ. രവീന്ദ്രനെ നിയമിച്ചത്. നാലുവർഷത്തേക്കാണ് നിയമനം.

To advertise here,

ഏറെ വിവാദങ്ങൾക്ക് ശേഷമാണ് കാലിക്കറ്റ് സർവകലാശാല വിസി നിയമനം നടന്നത്. ചാൻസലറുടെ നിർദ്ദേശാനുസരണം നാലുതവണ സെനറ്റ് യോഗം ചേർന്നശേഷമാണ് ഹൈക്കോടതിയുടെ കൂടി നിർദ്ദേശപ്രകാരം സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുത്തത്. തുടർന്ന് ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റി കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ അപേക്ഷകരായ 35 പേരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അഞ്ചംഗ പാനൽ ഗവർണർക്ക് സമർപ്പിച്ചത്. പതിവിനു വിപരീതമായി സെർച്ച് കമ്മിറ്റി അംഗങ്ങൾ മൂന്നുപേരും നേരിട്ട് ഗവർണറെ സന്ദർശിച്ചാണ് പാനൽ കൈമാറിയത്.

അതിനിടെ, വിസി തെരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച ലോക് ഭവന്റെ നടപടി ചോദ്യംചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിസി നിയമന നടപടി തടയാൻ വിസമ്മതിച്ച ഹൈക്കോടതി ഹർജി 27-ാം തീയതിലേക്ക് മാറ്റി. കോടതിവിധിക്ക് വിധേയമായാണ് ഗവർണർ വിസി നിയമന ഉത്തരവിൽ ഒപ്പുവെച്ചത്.

കാലിക്കറ്റ് സർവകലാശാല വിസി നിയമനം നടന്നതോടെ സംസ്ഥാനത്തെ 14 സർവകലാശാലകളിൽ നാലിടത്ത് സ്ഥിരം വിസിമാർ നിയമിതരായി. കേരള, എംജി, സർവകലാശാല വിസിമാരെ തിരഞ്ഞെടുക്കുന്നതിന് സർവകലാശാല പ്രതിനിധിയെ നിശ്ചയിക്കാൻ ഗവർണർ രണ്ട് സർവകലാശാലകൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ്.

മദ്രാസ് ഐഐടിയിൽനിന്ന് പിഎച്ച്ഡി നേടിയ രവീന്ദ്രൻ 2005-ൽ കാലിക്കറ്റ് സർവകലാശാലയിൽ റീഡറായി നിയമിതനാകുന്നതിനുമുമ്പ് ജർമനിയിലെ ഗോട്ടിൻജൻ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ വിസിറ്റിങ് സയന്റിസ്റ്റ്, അമേരിക്കയിലെ നോർത്ത് കരോലിന സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് അസോസിയേറ്റ്, ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഇൻഡസ്ട്രിയൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ശാസ്ത്രജ്ഞൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പുലാമന്തോൾ സ്വദേശിയാണ്. ഭാര്യ പ്രൊഫ. എം. ആർ. രശ്മി പട്ടാമ്പി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്നു. ബെംഗളൂരു ഐബിഎം ജീവനക്കാരി ലക്ഷ്മി, വിദ്യാർത്ഥിയായ ഗൗരീശങ്കർ എന്നിവർ മക്കളാണ്.