
കൊല്ലം: ബി.ജെ.പി.യുടെ പുതിയ ദേശീയ ഭാരവാഹികളെ അഖിലേന്ത്യാ പ്രസിഡൻറ് നിതിൻ നബീൻ ജൂൺ പകുതിയോടെ പ്രഖ്യാപിക്കും. കേരളത്തിൽനിന്ന് കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പട്ടികയിൽ ഉണ്ടാകുമെന്നാണ് സൂചന. എ.പി. അബ്ദുള്ളക്കുട്ടി, അനിൽ ആൻറണി എന്നിവരാണ് നിലവിൽ കേരളത്തിൽനിന്നുള്ള ദേശീയ ഭാരവാഹികൾ.
ശോഭാ സുരേന്ദ്രൻ, ജോർജ് കുര്യൻ, പത്മജ വേണുഗോപാൽ എന്നിവർ പരിഗണനയിലുണ്ട്. ചുമതലയൊഴിയുന്ന സംസ്ഥാന പ്രസിഡന്റുമാർക്ക് കാര്യമായ പദവിനൽകുന്ന പതിവ് ബി.ജെ.പി. പിന്തുടരുന്നതിനാൽ, കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറിയാകുമെന്നാണ് വിവരം.
ശോഭാ സുരേന്ദ്രനെ മഹിളാമോർച്ച ദേശീയ ജനറൽ സെക്രട്ടറിയാക്കാൻ ആലോചനയുണ്ട്. രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കുന്ന ജോർജ് കുര്യൻ ന്യൂനപക്ഷമോർച്ച ദേശീയ പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആകാനാണ് സാധ്യത. അനിൽ ആൻറണിയോ അനൂപ് ആന്റണിയോ രാജ്യസഭാ അംഗമായേക്കും. ഉടൻ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തിലും ജോർജ് കുര്യന് പകരം കേരളത്തിൽനിന്ന് മന്ത്രി ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ രാജ്യസഭാംഗമായ സി. സദാനന്ദൻ മന്ത്രിയാകുമെന്ന് പറഞ്ഞുകേൾക്കുന്നുണ്ട്.
ഇതിനൊപ്പം സംസ്ഥാനതലത്തിലും പുനഃസംഘടന നടക്കുമെന്ന് ഉറപ്പാണ്. മോശം പ്രകടനം കാഴ്ചവെച്ച ചില സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും മാറ്റുന്നതിന് സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വവുമായി ചർച്ചനടത്തിയതായാണ് വിവരം.
തിരുവനന്തപുരം നോർത്ത്, എറണാകുളം സിറ്റി, കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്, പത്തനംതിട്ട, പാലക്കാട് ഈസ്റ്റ്, മലപ്പുറം ഈസ്റ്റ്, കോഴിക്കോട് റൂറൽ, തൃശ്ശൂർ നോർത്ത്, തൃശ്ശൂർ സിറ്റി, ആലപ്പുഴ നോർത്ത് എന്നീ ജില്ലകളിലെ അധ്യക്ഷന്മാരെ നീക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഇതിൽ ചിലരെ ഒഴിവാക്കുന്നതിനെതിരേ കടുത്ത സമ്മർദമുണ്ട്.
ഇരട്ടപ്പദവികൾ പാടില്ല എന്ന നിബന്ധന ബി.ജെ.പി. െവച്ചുപുലർത്തുന്നതുകൊണ്ട് തിരുവനന്തപുരം മേയർ വി.വി. രാജേഷിന് സംസ്ഥാന സെക്രട്ടറി സ്ഥാനം നഷ്ടമായേക്കും. ശോഭാ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിലേക്ക് പോയാൽ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിവുവരും. അനൂപ് ആന്റണി രാജ്യസഭാംഗമായാൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഷോൺ ജോർജ് എത്താൻ സാധ്യതയുണ്ട്. പുനഃസംഘടനാ ചർച്ച തുടങ്ങിയതോടെ പ്രവർത്തനമികവ് ബോധ്യപ്പെടുത്താനുള്ള കണക്കുകളുമായി ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിക്കുന്നതായാണ് വിവരം.
Content Highlights: Nitin Nabin to announce new BJP national office bearers by mid-June 2026., K Surendran, Shobha Surendran, and George Kurian are under consideration for national roles., State-level organizational restructuring expected under Rajeev Chandrasekhar., Potential removal of district presidents in several Kerala districts due to performance issues., Strict implementation of 'one person, one post' policy affecting current office holders.
Published: 30 May 2026, 04:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented