കോഴിക്കോട്: ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണയുടെ മഹത്തായ സന്ദേശവുമായി കേരളത്തിലെ വിശ്വാസികള്‍ ശനിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിച്ചു.

To advertise here,

രാവിലെതന്നെ പള്ളികളിലും ഈദ്ഗാഹുകളിലും ബലിപെരുന്നാള്‍ നമസ്‌കാരം നടന്നു. ലോകമെമ്പാടുനിന്നുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ പുണ്യഭൂമിയില്‍ സംഗമിക്കുന്ന ഹജ്ജ് കര്‍മം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. അറഫാസംഗമവും ജംറത്തുല്‍ അഖബയിലെ കല്ലേറുമുള്‍പ്പെടെയുള്ള കര്‍മം പൂര്‍ത്തിയാക്കി ഹാജിമാര്‍ വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍.

തലസ്ഥാനത്ത് വിവിധ ജമാ അത്തുകളുടെ നേതൃത്വത്തില്‍ ഈദ്ഗാഹുകളും പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരവും നടന്നു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ ഏഴുമുതലാണ് ഈദ്ഗാഹുകള്‍ ആരംഭിച്ചത്. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പാളയം മുസ്ലിം ജമാ അത്ത് ഈദ്ഗാഹ് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നബീല്‍ സ്വലാഹിയും മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൗലവി ഇ.കെ. സുജാദും നമസ്‌കാരത്തിനു നേതൃത്വം നല്‍കി.

കേശവദാസപുരം ജുമാ മസ്ജിദില്‍ പാനിപ്ര ഇബ്രാഹിം മൗലവി, കുമാരപുരം മുസ്ലിം ജമാ അത്തില്‍ ഇമാം മുഹമ്മദ് സയ്യിദ് അല്‍ അസ്ഹരി, മെഡിക്കല്‍ കോളജ് ജുമാ മസ്ജിദില്‍ അലി അക്ബര്‍ മൗലവി, പേയാട് മുസ്ലിം ജമാ അത്തില്‍ സലിം മൗലവി അല്‍ഖാസിമി തുടങ്ങിയവര്‍ പെരുന്നാള്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കി.