പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് ആറന്മുളയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. മന്ത്രി പി.സി. വിഷ്ണുനാഥ്, അബിൻ വർക്കി എംഎൽഎ, ആന്റോ ആന്റണി എം.പി, കളക്ടർ നിസാമുദ്ദീൻ എന്നിവർ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ആറന്മുളയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ഉടൻതന്നെ സർക്കാർ ഒരുക്കിയിട്ടുള്ള ദുരിദാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
2018-ലെ പ്രളയ സാഹചര്യം ആവർത്തിക്കില്ലെന്ന തെറ്റിദ്ധാരണയിൽ പലരും വീടുകളിൽതന്നെ തുടരുന്നത് അപകടകരമാണെന്ന് പി.സി. വിഷ്ണുനാഥ് മുന്നറിയിപ്പ് നൽകി. 'രാത്രിയിൽ മഴ കനക്കുകയും വെള്ളം ഉയരുകയും ചെയ്താൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാകും, അതിനാൽ റിസ്‌ക് എടുക്കാതെ എല്ലാവരും ക്യാമ്പുകളിലേക്ക് മാറണം.' അദ്ദേഹം ഓർമ്മിപ്പിച്ചു.
ആവശ്യമായ ഇടങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യം നേരിടാൻ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും എൻഡിആർഎഫിന്റെ പ്രത്യേക സംഘവും സജ്ജമാണെന്ന് അബിൻ വർക്കി അറിയിച്ചു.
റാന്നിയിൽ ജലനിരപ്പ് താഴുമ്പോൾ ആറന്മുളയിൽ വെള്ളം ഇരട്ടിയായി ഉയരാൻ സാധ്യതയുണ്ടെന്നതാണ് നിലവിലെ പ്രധാന ആശങ്ക. പമ്പയാറ്റിലൂടെ ഒഴുകിയെത്തുന്ന വെള്ളം കരകവിഞ്ഞ് ആറന്മുളയിൽ വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ അടുത്ത 24 മണിക്കൂർ അതീവ നിർണ്ണായകമാണെന്നും സഹായത്തിനായി പഞ്ചായത്ത് അംഗങ്ങളെയോ റവന്യൂ ഉദ്യോഗസ്ഥരെയോ ബന്ധപ്പെടണമെന്നും ജനപ്രതിനിധികൾ അഭ്യർത്ഥിച്ചു.
Content Highlights: Aranmula water levels rising due to heavy rainfall. Officials warn residents not to assume 2018 flood conditions will not repeat. Immediate evacuation to government relief camps advised. NDRF teams and rescue boats from Kollam and Alappuzha are on standby. Next 24 hours are critical due to Pampa river overflow.
Published: 01 Aug 2026, 07:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented