
ഡിജിറ്റല്‍ ആര്‍ട്ട് ചിത്രങ്ങള്‍ തയ്യാറാക്കി വിറ്റ് 30 ലക്ഷത്തിലധികം രൂപ വരുമാനം നേടിയിരിക്കുകയാണ് കറുകച്ചാല്‍ ചമ്പക്കര സ്വദേശിയായ നടമേല്‍ അനന്തകൃഷ്ണന്. എന്‍.എഫ്.ടി. (നോണ്‍ ഫന്ജിബിള് ടോക്കണ്‍)യിലൂടെയാണ് അനന്തകൃഷ്ണന് എന്ന 23-കാരന് തന്റെ ഡിജിറ്റല്‍ ചിത്രങ്ങള്‍ ലോകവിപണിയിലെത്തിച്ചത്. ഇതിനം 37 ചിത്രങ്ങളാണ് ഈ യുവാവ് ഇത്തരത്തില്‍ വിറ്റഴിച്ചത്. ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം ഡിജിറ്റല്‍ ഇമേജുകള്‍ വിറ്റ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് താനെന്നും പറയുന്നു അനന്തകൃഷ്ണന്. ഇതുസംബന്ധിച്ച് ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലും അനന്തകൃഷ്ണനെക്കുറിച്ച് പരാമര്‍ശമുണ്ട്.
ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്ന് ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനിങ്ങില്‍ ബിരുദം നേടിയശേഷം ടാറ്റാ കണ്‍സള്‍റ്റന്‍സി സര്‍വീസില്‍ വിഷ്വല്‍ ഡിസൈനറായി പ്രവര്‍ത്തിക്കുകയാണ് അനന്തകൃഷ്ണന്. വിദേശമലയാളിയായ മെല്വിന് തമ്പിയുമായി ചേര്‍ന്ന് എന്‍.എഫ്.ടി. മലയാളി എന്ന കൂട്ടായ്മയ്ക്കും രൂപം നല്‍കിയിരുന്നു. ഡിജിറ്റല്‍ ആര്‍ട്ട് പെയ്ന്റിങ്ങുകളെക്കുറിച്ചും എന്‍.എഫ്.ടിയെക്കുറിച്ചും അതിന്റെ സാധ്യതകളേക്കുറിച്ചും അനന്തകൃഷ്ണന് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
സുഹൃത്തിന്റെ ഉപദേശം തുണയായി...
ചെറുപ്പം മുതല്‍ തന്നെ വരയ്ക്കുന്നതില്‍ താല്പര്യമുണ്ടായിരുന്നു. ബിരുദത്തിന് അനിമേഷന്‍ ആന്‍ഡ് ഡിസൈന്‍ കോഴ്സാണ് ചെയ്തത്. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മൂണിക്കേഷനിലാണ് പഠിച്ചത്. പഠനശേഷം ടാറ്റാ കണ്‍സള്‍റ്റന്‍സി സര്‍വീസില്‍ വിഷ്വല്‍ ഡിസൈനറായി ജോലിയില്‍ പ്രവേശിച്ചു. ആ സമയത്തെല്ലാം ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്കുകളും ഡിസൈനുമാണ് പ്രധാനമായും ചെയ്തുകൊണ്ടിരുന്നത്.
എന്‍.എഫ്.ടി.(Non-fungible token) ഉപയോഗിച്ച് ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്കുകള്‍ വില്ക്കാന് ആരംഭിച്ചത് ഈവര്‍ഷം മാര്‍ച്ച് മാസം മുതലാണ്. ഇത്തരത്തിലൊരു സാധ്യതയേക്കുറിച്ചും അതിലൂടെ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നും എന്റെയൊരു സുഹൃത്താണ് പറഞ്ഞത്. എന്തായാലും നീ വരക്കുന്നുണ്ടല്ലോ, ഇതൊന്നു നോക്കൂ എന്ന് അദ്ദേഹം പറഞ്ഞു... അങ്ങനെയാണ് ഞാന്‍ വില്‍പ്പന ആരംഭിച്ചത്.
ചെറിയ രീതിയില്‍ വരുമാനം ഉണ്ടാക്കുക എന്നതായിരുന്നു തുടക്കത്തില്‍ ലക്ഷ്യം. ചെറിയ വരുമാനം ലഭിച്ചാല്‍ ഇത് അവസാനിപ്പിക്കാം എന്ന രീതിയിലാണ് തുടങ്ങിയത്. പക്ഷേ, ഇതിന്റെ സാധ്യതകള്‍ വളരെ വലുതാണെന്ന് മനസിലാക്കിയത് പിന്നീടാണ്. അങ്ങനെ സ്ഥിരമായി ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ ഏതാണ്ട് ആറ് മാസമായി ചിത്രങ്ങള്‍ വില്‍ക്കുന്നുണ്ട്.

ആദ്യ ചിത്രത്തിന് ലഭിച്ചത് 40,000 രൂപ...
ഇത്തരത്തില്‍ ചിത്രങ്ങള്‍ വില്‍ക്കുന്നതിനും കുറച്ച് ചിലവുണ്ട്. ഒരു ചിത്രം വില്‍പ്പനക്കായി അതിന്റെ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യുന്നതിന് നിശ്ചിത ഫീസ് നല്‍കണം. 'ഓപ്പണ്‍ സീ' എന്ന പ്ലാറ്റ്ഫോമില്ക്കൂടിയാണ് ആദ്യം ചിത്രം വില്ക്കാന് ശ്രമിച്ചത്. ബ്ലോക്ക് ചെയിനിലേക്ക് ചിത്രം അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള എന്തെങ്കിലും ഫയലുകള്‍ അപ്ലോഡ് ചെയ്യുന്നതിന് ഫീസ് നല്‍കണം. ആദ്യത്തെ ചിത്രം അപ്ലോഡ് ചെയ്യാന്‍ 10,000 രൂപയാണ് ചിലവായത്.
'ഫൗണ്ടേഷന്' എന്ന മറ്റൊരു പ്ലാറ്റ്ഫോമില്‍ മൂന്ന് ചിത്രങ്ങള്‍ കൂടി അപ്ലോഡ് ചെയ്തിരുന്നു. തുടക്കത്തില്‍ ഇമേജുകള്‍ അപ്ലോഡ് ചെയ്യാന്‍ തന്നെ 30,000 രൂപക്ക് മുകളില്‍ ചിലവ് വന്നു. അതിന് ശേഷമാണ് ചിത്രങ്ങളുടെ വില്‍പ്പന നടന്നത്. ഫൗണ്ടേഷന് പ്ലാറ്റ്ഫോമില്‍ നിന്ന് ആദ്യ ചിത്രത്തിന് ലഭിച്ചത് 40,000 രൂപയാണ്. രണ്ടാമത്തെ ചിത്രത്തിന് കുറച്ച് വില കൂട്ടിയാണ് ഇട്ടിരുന്നത്. 1.6 ലക്ഷത്തിനാണ് അത് വിറ്റുപോയത്. ഇടക്കമുള്ള മൂന്ന് ചിത്രങ്ങളും ഒരു ദിവസം തന്നെയാണ് വിറ്റത്. അതിന് ഒരാഴ്ചക്ക് ശേഷമാണ് ആദ്യം അപ്ലോഡ് ചെയ്ത ചിത്രം വിറ്റുപോകുന്നത്.
വിറ്റത് 37 ചിത്രങ്ങള്‍, ലഭിച്ചത് 30 ലക്ഷം
ചിത്രങ്ങളുടെ ത്രിമാന രൂപം സൃഷ്ടിച്ചശേഷം അതിന് മുകളിലൂടെ പെയ്ന്റ് ചെയ്താണ് ഇമേജുകള്‍ തയ്യാറാക്കുന്നത്. വില്‍പ്പന ആരംഭിച്ച് മൂന്ന് മാസംകൊണ്ട് 25 വര്‍ക്കുകള്‍ വിറ്റു. അതോടെ, ധൃതിപിടിച്ച് ചിത്രങ്ങള്‍ ചെയ്യുന്നതില്‍ കാര്യമില്ലെന്ന് തോന്നി. പിന്നെ സാവധാനത്തില്‍ സമയമെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ മാസത്തില്‍ ഒരു ചിത്രമൊക്കെയാണ് ഇടുന്നത്. ഇതുവരെ 37 ചിത്രങ്ങളാണ് വിറ്റത്. 30 ലക്ഷത്തോളം രൂപ ഇതുവരെ വരുമാനം ലഭിച്ചു. ചിത്രം അപ്ലോഡ് ചെയ്യുന്നതിനായി കൈയ്യില്‍ നിന്ന് ചിലവായതും പ്ലാറ്റ്ഫോമിന് കമ്മീഷന് ഇനത്തില്‍ നല്കിയതും കഴിഞ്ഞാല്‍ 25 ലക്ഷം രൂപയോളം ലാഭം കിട്ടിക്കാണും.
മറിച്ച് വിറ്റ് ലാഭം നേടണം എന്ന് കരുതി വാങ്ങുന്നവരും ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട് അത് ശേഖരിക്കാനായി വാങ്ങുന്നവരുമുണ്ട്. എന്റെ ഒരു ചിത്രം കഴിഞ്ഞ ഏപ്രിലില്‍ 50,000 രൂപക്ക് മുകളില്‍ വില നല്കി അമേരിക്കയിലുള്ള ഒരു ആര്‍ട്ടിസ്റ്റ് വാങ്ങിയിരുന്നു. അയാള്‍ അത് മറിച്ചുവിറ്റത് 1.75 ലക്ഷം രൂപക്കാണ്. ഒരു ആര്‍ട്ടിന്റെ വാല്യൂ ഉയരുന്നത് അനുസരിച്ച് വാങ്ങുന്നവര്‍ക്ക് വലിയ വിലയില്‍ വില്ക്കാന് സാധിക്കും. ഇതില്‍ നിന്ന് വ്യത്യസ്തമായി വര്‍ക്കിനോടുള്ള താല്പര്യം മാത്രം കണക്കിലെടുത്ത് ചിത്രങ്ങള്‍ വാങ്ങിക്കുന്നവരുമുണ്ട്.
കലാകാരനിലുള്ള വിശ്വാസത്തിലാണ് ചിത്രങ്ങളുടെ കച്ചവടം നടക്കുന്നത്. പക്ഷേ വാങ്ങുന്ന ആളിനെ നമ്മുടെ വര്‍ക്കുകളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതുണ്ട്. അതിന് ട്വിറ്റര്‍ പോലുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നല്‍കേണ്ടതുണ്ട്. ആദ്യത്തെ മുതല്‍മുടക്കിന്റെ റിസ്ക് മാത്രമേ ഇക്കാര്യത്തിലുള്ളു. വരുമാനം ഇല്ലാത്തവര്‍ക്ക് തുടക്കത്തില്‍ അപ്ലോഡിങ് ഫീസ് കണ്ടെത്തല്‍ വെല്ലുവിളിയായേക്കും. പക്ഷേ, കുറഞ്ഞ അപ്ലോഡിങ് ഫീസുള്ള മറ്റ് പ്ലാറ്റ്ഫോമുകളുണ്ട്. പക്ഷേ അവിടെ വില്‍പ്പനയും കുറവായിക്കം.
എന്‍.എഫ്.ടി. മലയാളി
ചിത്രങ്ങള്‍ വിറ്റുപോകാന്‍ തുടങ്ങിയതോടെ വാട്സ് ആപ്പില്‍ ഒരു ഗ്രൂപ്പ് തുടങ്ങി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. തുടക്കത്തില്‍ പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇത് ചെയ്തിരുന്നത്. എന്റെ ഒരു സീനിയറായിരുന്ന വിദേശമലയാളിയായ മെല്വിന് തമ്പിയുമായി ചേര്‍ന്ന് എന്‍.എഫ്.ടി. മലയാളി എന്ന കൂട്ടായ്മയ്ക്കും രൂപം നല്കി. ക്ലബ് ഹൗസ് ആപ്ലിക്കേഷനില്‍ അടക്കം ഇത് സംബന്ധിച്ച ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു.
പരമാവധി ആളുകളിലേക്ക് ഇത് എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. എന്താണ് എന്‍.എഫ്.ടി., എങ്ങനെ എന്‍.എഫ്.ടി. ചെയ്യണം, എങ്ങനെ ചിത്രങ്ങള്‍ വില്‍ക്കണം, മാര്ക്കങ്ങിങ് എങ്ങനെ വേണം, എങ്ങനെ ബ്രാന്‍ഡ് ചെയ്യണം എന്നിവയെക്കുറിച്ചെല്ലാം വിശദമായി ക്ലാസുകള്‍ എടുത്തിരുന്നു. യാതൊരു വരുമാനവും പ്രതീക്ഷിക്കാതെ പരമാവധി ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അത് ചെയ്തത്.
നോണ്‍ ഫന്ജിബിള് ടോക്കണ്‍ (എന്‍.എഫ്.ടി.)
ബ്ലോക്ക്ചെയിന്‍ എന്നറിയപ്പെടുന്ന ഒരു ഡിജിറ്റല്‍ ലെഡ്ജറില്‍ സൂക്ഷിക്കുന്ന ഡാറ്റയെയാണ് എന്‍.എഫ്.ടി.(നോണ്‍ ഫംഗിബിള്‍ ടോക്കണ്‍) എന്നു വിളിക്കുന്നത്. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഒരു ഡിജിറ്റല്‍ മൂല്യമുള്ള കലാവസ്തു അനന്യമാണ്. അതിനാല്‍ത്തന്നെ കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതുമാണ്. ഫോട്ടോ, വീഡിയോ ഓഡിയോ തുടങ്ങി വിവിധ തരം ഡിജിറ്റല്‍ ഫയലുകളെ പ്രതിനിധീകരിച്ച് എന്‍.എഫ്. ടോക്കണുകള്‍ ആക്കിമാറ്റാം. ഇത്തരത്തിലുള്ള ഒരു കലാസൃഷ്ടി വാങ്ങുന്നയാള്‍ക്ക് ഉടമസ്ഥാവകാശം ഉണ്ടായിരിക്കുമെങ്കിലും മറ്റുള്ളവര്‍ക്കും ഈ ഫയല്‍ ലഭ്യമായിരിക്കും. ഈ രീതിയില്‍ ബ്ലോക്ക്ചെയിനില്‍ സൂക്ഷിക്കുന്ന കലാസൃഷ്ടിയുടെ എന്‍.എഫ്.ടി. വഴി ഉടമസ്ഥാവകാശം സുരക്ഷിതമായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതാണ് ഉടമസ്ഥാവകാശവും പകര്‍പ്പവകാശവും തമ്മിലുള്ള വ്യത്യാസം.
Content Highlights: Anathakrishnan earn 30 Lakhs by selling digital paintings through NFT
Published: 17 Sept 2021, 09:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented