പത്തനംതിട്ട: ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും കേസെടുത്തതില്‍ തൃപ്തിയുണ്ടെന്ന് പിതാവ് സജീവ്. അന്വേഷണം ശരിയായ നിലയിലാണെന്നതിന് തെളിവാണ് തങ്ങൾ നല്‍കിയ രണ്ട് പരാതികളിലും നടപടി വന്നത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും സജീവ് പറഞ്ഞു. പത്തനംതിട്ട ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല. 

To advertise here,

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അമ്മു എ. സജീവ്. കഴിഞ്ഞ നവംബര്‍ 15-നാണ് പത്തനംതിട്ടയില്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വിദ്യാര്‍ഥിനി വീണുമരിച്ചത്. അമ്മുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മതിയായ ചികിത്സ നല്‍കുന്നതിനും വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനും വൈകിയെന്ന് കാണിച്ചാണ് പിതാവ്  പരാതി നല്‍കിയിരുന്നത്. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് വരുന്ന വഴിക്കായിരുന്നു അമ്മുവിന്റെ മരണം സംഭവിച്ചത്. 

ചികിത്സാപ്പിഴവ് സംഭവിച്ചുവെന്ന് കാണിച്ച് അമ്മുവിന്റെ പിതാവ് സജീവ് നല്‍കിയ പരാതിയില്‍ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നു ഡോക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. അമ്മു പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍, ഓര്‍ത്തോ വിഭാഗം ഡോക്ടര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഡോക്ടര്‍മാര്‍ കൃത്യമായി ചികിത്സ നല്‍കിയില്ലെന്നും ഐ.സി.യു. സൗകര്യമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചില്ലെന്നും സജീവ് പരാതിയില്‍ പറയുന്നു. 

സജീവിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടര്‍, ഓര്‍ത്തോ ഡോക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവ് ഉണ്ടായെന്ന് എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ മാരക പരിക്കും രക്തസ്രാവവുമാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.