
ചേർത്തല(ആലപ്പുഴ): സി.പി.എം. ചേർത്തല ഏരിയ കമ്മിറ്റിയുടെ ചുമതലയിലേക്ക് ജില്ലാ കമ്മിറ്റിയംഗം എ.എം. ആരിഫ് തിരിച്ചെത്തുന്നു. കഴിഞ്ഞദിവസം നടന്ന ജില്ലാ കമ്മിറ്റിയോഗത്തിൽ നിലവിൽ അരൂർ ഏരിയ കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന ആരിഫിനെ ചേർത്തലയിലേക്കു മാറ്റാൻ തീരുമാനിച്ചതായാണ് വിവരം. 2006-നു മുൻപ് എ.എം. ആരിഫ് ചേർത്തല ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
ദീർഘകാലം പ്രവർത്തിച്ച കമ്മിറ്റിയിലേക്കാണ് തിരിച്ചെത്തുന്നത്. 2006-ൽ അരൂരിൽനിന്ന് എം.എൽ.എ. ആയ സാഹചര്യത്തിലായിരുന്നു പ്രവർത്തനം അരൂരിലേക്കു മാറ്റിയത്. 2019-ൽ പാർലമെന്റംഗമായപ്പോഴും പാർട്ടി പ്രവർത്തനമേഖല അരൂരിൽത്തന്നെയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി സജി ചെറിയാന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്നാണ് വിവരം.
നിലവിൽ സജി ചെറിയാൻപക്ഷത്തിനൊപ്പമാണ് ചേർത്തല കമ്മിറ്റിയെങ്കിലും പാളയത്തിനുള്ളിലെ പട അടുത്തിടെയായി തലപൊക്കുന്നത് ഗ്രൂപ്പിനു തലവേദനയായിരുന്നു. കമ്മിറ്റിയെ നയിച്ചിരുന്ന ഏരിയ സെക്രട്ടറി കെ.ആർ. രാജപ്പൻനായരുടെ മരണശേഷമാണ് തർക്കങ്ങളുയർന്നത്. ദീർഘകാല പ്രവർത്തനപരിചയമുള്ള ബി. വിനോദിനെ എതിർപ്പുകളില്ലാതെ ഏരിയ സെക്രട്ടറിയാക്കിയെങ്കിലും പലയിടത്തും പൊട്ടലും ചീറ്റലുമുയർന്നത് പുതിയ സമ്മേളനത്തിലേക്കു കടക്കുന്ന ഘട്ടത്തിൽ ഗ്രൂപ്പിന് ആശങ്കയേറ്റുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളായ ജില്ലാ സെക്രട്ടേറിയറ്റംഗം കെ. പ്രസാദിനും ജില്ലാ കമ്മിറ്റിയംഗം എൻ.ആർ. ബാബുരാജിനുമൊപ്പം ചുമതലക്കാരനായി എ.എം. ആരിഫിനെയും നിയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം ജില്ലാ സെക്രട്ടേറിയറ്റംഗം മനു സി. പുളിക്കലിനും നിർണായക സ്വാധീനമുള്ളതാണ് കമ്മിറ്റി. പല തലകൾ കമ്മിറ്റിക്കു മേലേവരുന്നത് ഏതുതരത്തിൽ പ്രതിഫലിക്കുമെന്നതാണ് പ്രധാനം.
നിലവിൽ രാജപ്പൻനായരുടെയും ബിസിനസ് രംഗത്തേക്കുമാറിയ പള്ളിപ്പുറത്തുനിന്നുള്ള യുവനേതാവിന്റെയും ഒഴിവുകൾ 21 അംഗ ഏരിയ കമ്മിറ്റിയിലുണ്ടെങ്കിലും ഇതു നികത്താത്തതിനുപിന്നിൽ പാളയത്തിലെ പ്രശ്നങ്ങളാണെന്നാണു വിവരം. ഗ്രൂപ്പിലെ മുൻനിര നേതാക്കൾക്കുനേരേയുണ്ടായ ആരോപണങ്ങളും വാളായി പാർട്ടിക്കുമുന്നിൽ ഉയർന്നിട്ടുണ്ട്. പള്ളിപ്പുറത്ത് വ്യവസായികളിൽനിന്നു പണംവാങ്ങിയെന്നതിൽ ഏരിയ കമ്മിറ്റി നിയോഗിച്ച കമ്മിഷൻ അന്വേഷണം നടത്തുകയാണ്.
ഇതിനൊപ്പം പാണാവള്ളിയിൽ നേതാവ് അങ്കണവാടിയുടെ സ്ഥലം കൈയേറിയെന്ന ആരോപണവും പാർട്ടിക്കു തലവേദനയായിട്ടുണ്ട്. അടുത്തമാസം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങാനിരിക്കേ തർക്കങ്ങളില്ലാത്ത തിരഞ്ഞെടുപ്പിനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. കഴിഞ്ഞ സമ്മേളനത്തിൽ അരൂക്കുറ്റിയിൽമാത്രമാണ് ചേരിതിരിഞ്ഞു മത്സരം നടന്നത്. അരൂക്കുറ്റി കമ്മിറ്റി വിഭജിച്ചു വരുതിയിലാക്കിയെങ്കിലും തർക്കങ്ങൾ മറ്റിടങ്ങളിൽ പൊങ്ങുമോയെന്നാണ് നേതൃത്വത്തിന്റെ ആശങ്ക.
Content Highlights: AM Arif returns take charge of CPM Cherthala Area Committee
Published: 05 Aug 2024, 07:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented