നാലുവരിപ്പാതയില്‍ നിന്ന് വണ്ടി ചെറിയൊരു റോഡിലേയ്ക്ക് തിരിഞ്ഞു. ടാറിട്ട റോഡിനെ പാതിയിലധികവും മണ്ണ് പൊതിഞ്ഞിരുന്നു. പൊടി കാറിനുള്ളിലേയ്ക്ക് പറന്ന് കയറി, അമര്‍ സിങ് ഗ്ലാസുകളുയര്‍ത്തി. ഇരുവശത്തേയും ഗോതമ്പ് പാടത്തിനിടയിലെ ചെറിയ വഴി വലിയൊരു കവാടത്തിനടുത്ത് നിന്നു. നീണ്ട താടിയുള്ള, തലപ്പാവ് വെച്ച മെലിഞ്ഞൊരു മനുഷ്യന്‍ വഴി കാട്ടി.

To advertise here,

'ബല്ലോ ഗ്രാമം ഇത് തന്നെ, ദാ ആ കാണുന്ന കെട്ടിടത്തിനപ്പുറമാണ് നിങ്ങളന്വേഷിച്ച വീട്.'

അല്‍പ്പം കൂടി മുന്നോട്ട് പോയി വണ്ടിയൊതുക്കി. ചെറിയൊരു ഗുരുദ്വാര. അതിനുമപ്പുറത്തെ പറമ്പില്‍ വിരിച്ച പ്ലാസ്റ്റിക് ഷീറ്റില്‍ കുറേപ്പേരിരുന്ന് സംസാരിക്കുന്നു. അവരിലൊരു നേതാവ് ഏതോ പഞ്ചാബി വാര്‍ത്താ ചാനലിനോട് നിലപാട് പറയുന്നു. വലതുവശത്തെ ചെറിയ വഴിയിലൂടെ മറ്റൊരു മണ്‍പാതയിലേക്കിറങ്ങി നടന്നു. മീറ്ററുകള്‍ മാത്രം മുന്നില്‍ കാണുന്നതാണ് ശുഭ് കരണ്‍ സിങ്ങിന്റെ വീട്. രണ്ടാം കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് 'രക്തസാക്ഷി'യായ 22-കാരന്‍.

placeholder
കണ്ണീർ പൂത്ത പാടം... | ചിത്രം: ജിഷ്ണു ബാലകൃഷ്ണൻ

പഞ്ചാബ് - ഹരിയാണ അതിര്‍ത്തിയായ ഖനൗരിയില്‍ രണ്ടായിരത്തിലധികം ട്രാക്ടറുകളും പതിനായിരത്തിലധികം കര്‍ഷകരും പ്രക്ഷോഭത്തിന്റെ ഭാഗമാണ്. ബുധനാഴ്ച നേരത്തേ എഴുന്നേറ്റ ശുഭ് കരണ്‍ സിങ് സമരഭൂമിയില്‍ ഭക്ഷണം വെക്കാൻ ഒപ്പം കൂടി. സുഹൃത്തുക്കളൊത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഉച്ചയ്ക്ക് ഹരിയാണ പോലീസും കര്‍ഷകരും തമ്മിൽ ഏറ്റുമുട്ടി. ടിയര്‍ഗ്യാസും റബ്ബര്‍ ബുള്ളറ്റുമായാണ് പോലീസ് കര്‍ഷകരെ നേരിട്ടത്. ടിയര്‍ ഗ്യാസ് പൊട്ടി നീറിപ്പോയ കര്‍ഷകര്‍ പിന്തിരിഞ്ഞോടി. അവരെ ലക്ഷ്യമാക്കി പോലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പായിച്ചു. അതിനിടെ തലയ്ക്ക് പിറകില്‍ പരിക്കേറ്റ് ശുഭ് കരണ്‍ സിങ് നിലത്ത് വീണു.

ഒപ്പമുള്ളവര്‍ ആ യുവാവിനേയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. പക്ഷേ, പട്യാലയിലെ രജീന്ദ്ര ആശുപത്രിയിലെത്തുമ്പഴേക്ക് ആ ജീവന്‍ അവസാന ശ്വാസം വലിച്ചു കഴിഞ്ഞിരുന്നു. ശുഭ് കരണിനൊപ്പം വേറെയും കുറേപ്പേര്‍ പരിക്കേറ്റ് വീണു. ഇത്രയൊക്കെ ചെയ്തിട്ടും കലിയടങ്ങാതിരുന്ന ഹരിയാണ പോലീസ് കര്‍ഷകരുടെ ട്രാക്ടറുകള്‍ തകര്‍ത്തു, ടയര്‍ പൊട്ടിച്ചു. നിരവധി കാറുകള്‍ തരിപ്പണമാക്കി. ഈ സമയമത്രയും ശംഭു അതിര്‍ത്തിയില്‍ ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ച് കര്‍ഷകരെ നേരിട്ട് കൊണ്ടേയിരുന്നു പോലീസ്.

placeholder
ചിത്രം: ജിഷ്ണു ബാലകൃഷ്ണൻ

കഴിഞ്ഞ ഓഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഒരു കാര്യം ഇപ്പോള്‍ ഓര്‍ക്കുന്നു.

'ഡ്രോണുകള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും ആധുനികവത്ക്കരണത്തിനുമായി ഉപയോഗിക്കും.'

കര്‍ഷകര്‍ സമരം ചെയ്യുന്ന ശംഭു അതിര്‍ത്തില്‍ നിന്ന് ഈ പ്രസ്താവന ഓര്‍ത്തു. ആ സമയം ഹരിയാണ പോലീസ് ഡ്രോണുകളുപയോഗിച്ച് കര്‍ഷകരുടെമേല്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിക്കുകയായിരുന്നു. 

ബെല്ലോ ഗ്രാമത്തിലെ വയലുകള്‍ക്കിടയിലെ ഒറ്റപ്പെട്ടൊരു വീടിന് മുന്നിലാണ് നില്‍ക്കുന്നത്. ഇഷ്ടിക കെട്ടിയുണ്ടാക്കിയ വീടിന് മുറ്റത്ത് ഇലയില്ലാത്ത ശിഖരങ്ങളോടെ ഒരു ചെറുമരം. അതിനടുത്ത് എരുമകളെ കെട്ടിയിട്ടിരിക്കുന്നു. ഇപ്പുറത്ത് വലിച്ചുകെട്ടിയ തുണിപ്പന്തലിനുതാഴെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടുണ്ട്. അതിലിരുന്ന് സംസാരിക്കുന്ന പ്രായമായ മനുഷ്യര്‍ക്കിടയില്‍ മിണ്ടാതെ, അനങ്ങാതെ, കനപ്പെട്ട കണ്ണോടെ ഒരു മനുഷ്യന്‍. ശുഭ് കരണ്‍ സിങ്ങിന്റെ അച്ഛനാണ്. അദ്ദേഹത്തോട് ഒന്നും ചോദിച്ചില്ല. അദ്ദേഹം ഒന്നും പറയാനും തുനിഞ്ഞില്ല.

placeholder
ചിത്രം: ജിഷ്ണു ബാലകൃഷ്ണൻ

മുറ്റത്തേക്ക് വാതിലുള്ള രണ്ട് ചെറിയ മുറിയും അടുക്കളയും വലിയൊരാലയുമുള്ള വീട്. രണ്ടാമത്തെ മുറിയുടെ മുന്നിലെ പന്തലില്‍ കുറേ സ്ത്രീകളിരിക്കുന്നു. കരഞ്ഞ് കണ്ണുകലങ്ങിയ കുറേപ്പേര്‍. കൂട്ടത്തിലെ പ്രായം കുറഞ്ഞവളാണ് ശുഭ് കരണിന്റെ ഇളയ സഹോദരി, ഗുര്‍പ്രീത് കൗര്‍.

'എന്റെ സഹോദരന്‍ വീരമൃത്യു വരിച്ചു, ഞങ്ങള്‍ക്ക് നീതി വേണം.' -ഗുർപ്രീത് പറഞ്ഞു. തൊട്ടപ്പുറത്തിരുന്ന് മുത്തശ്ശി പറഞ്ഞു, 'കുടുംബം നോക്കാന്‍ ഇനി ആരുമില്ല...'

placeholder
ചിത്രം: ജിഷ്ണു ബാലകൃഷ്ണൻ

ഗുര്‍പ്രീത് കൗര്‍ പ്ലസ് ടു കഴിഞ്ഞു. മറ്റൊരു സഹോദരിയുടെ വിവാഹം കഴിഞ്ഞു. അമ്മ നേരത്തേ മരിച്ചു പോയി. അച്ഛന്‍ രോഗിയാണ്, എങ്കിലും നാട്ടിലെ സ്‌കൂള്‍ ബസില്‍ സഹായിയായി പോകുന്നു. മാസം മൂവായിരം രൂപ കൂലി കിട്ടും. പ്രായമായ മുത്തശ്ശിയും ഇതേ വീട്ടില്‍ കഴിയുന്നു. കുടുംബത്തിന്റെ ആശ്രയവും അത്താണിയുമായിരുന്നു ശുഭ് കരണ്‍ സിങ് എന്ന ആ യുവാവ്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ അച്ഛനൊപ്പം വയലിലിറങ്ങി. നട്ടും നനച്ചും കളപറച്ചും കീടത്തെ ഓടിച്ചും വിളവെടുത്ത് വിശപ്പകറ്റിയ കര്‍ഷകന്‍. വിള നല്‍കിക്കോണ്ടിരുന്ന വയലുകളില്‍ വിശപ്പ് തളംകെട്ടിത്തുടങ്ങിയപ്പോള്‍ കര്‍ഷകര്‍ സമരത്തിനിറങ്ങി. ആ സമര കാഹളം കേട്ട് ഖനൗരിയിലേയ്ക്ക് പോയതാണ് ശുഭ് കരണ്‍ സിങ്ങും.

മുറ്റത്തെ മണ്ണില്‍ കൊത്തി എന്തൊക്കെയോ തിന്ന് കുറച്ച് കോഴികള്‍. അതിനപ്പുറത്തെ ചെറിയ വഴിയിലൂടെ വയലിലേക്കിറങ്ങാം. ഗോതമ്പ് വളരുന്ന, കടുക് പൂവിട്ട പാടം. ഒരു വശത്തേ കടുകുള്ളു. മഞ്ഞ നിറത്തില്‍ അതിന്റെ പൂവ് സുന്ദര കാഴ്ച. ബാക്കിയെല്ലാം ഗോതമ്പാണ്. ഈ മണ്ണിലാണ് ശുഭ് കരണ്‍ സിങ് പണിയെടുത്തത്. വിത്തു വിളയിച്ചത്. ഇവിടുത്തെ വിളകളെ സംരക്ഷിക്കണം എന്ന് മുദ്രാവാക്യം വിളിച്ചാണവന്‍ ഖനൗരിയില്‍ പ്രക്ഷോഭത്തില്‍ അണി ചേര്‍ന്നത്. അവനെയാണ് കൊന്നു കളഞ്ഞത്.

placeholder
ചിത്രം: ജിഷ്ണു ബാലകൃഷ്ണൻ

ആ വയലിന്റെ ഒത്ത നടുക്ക് നിന്ന് ഞാനാ വീട്ടിലേക്ക് നോക്കി. തലപ്പാവ് വെച്ച കുറേ മനുഷ്യര്‍ വിഷാദഛായയോടെ അവിടെയുമിവിടെയുമായുണ്ട്. വെളുത്ത നിറമുള്ളൊരു നായക്കുട്ടി നിര്‍ത്താതെ കുരയ്ക്കുന്നു. വയലില്‍ സൂര്യനസ്തമിക്കുന്നു.

വിളയ്ക്ക് വില കിട്ടിയില്ലെങ്കില്‍ കര്‍ഷകനെന്ത് ചെയ്യണം? കൃഷി അവസാനിപ്പക്കണമോ? അതോ 'വില ഉറപ്പാക്കൂ' എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടണമോ? ന്യായമായ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണ്ടേ? അത് ചെയ്യാത്തത് കൊണ്ടല്ലേ വയലുകള്‍ സമരമായി മാറുന്നത്? ബല്ലൊ ഗ്രാമത്തിലെ ഈ വയലില്‍ നിന്ന് ചോദ്യങ്ങള്‍ ഒരുപാടുയര്‍ന്ന് വരുന്നു.

സമരം ചെയ്തത് കര്‍ഷകനാണ്. കൊല്ലപ്പെട്ടത് കര്‍ഷകനാണ്. കൊന്നത് ഭരണകൂടമാണ്. ചെയ്തത് നെറികേടാണ് എന്നെല്ലാം പഞ്ചാബിലെ ഒരു ഗ്രാമം വിളിച്ച് പറയുന്നു. രക്തസാക്ഷിയുടെ വീട്ടിലപ്പോഴും ആ കുഞ്ഞുപെങ്ങള്‍ കരഞ്ഞ് മരവിച്ചിരിക്കുന്നു. ആ വയല്‍വരമ്പിലൂടെ തിരിച്ച് നടക്കുന്നു, വീണ്ടും ശംഭുവിലെ സമരത്തെരുവിലേയ്ക്ക്.