ന്യൂഡൽഹി: ആഗോള പ്രതിസന്ധികൾക്കിടയിൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പൗരന്മാർക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ യാത്രകളും ആഡംബരത്തിനുവേണ്ടി സ്വർണം വാങ്ങിക്കൂട്ടുന്നതും ഒഴിവാക്കണമെന്നും സ്വദേശി ഉൽപന്നങ്ങൾക്കും ആഭ്യന്തര വിനോദസഞ്ചാരത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം മൂലം എണ്ണ വിതരണം തടസപ്പെടുകയും ആഗോളതലത്തിൽ വില വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കാനുള്ള സാധ്യതകൾ ശക്തമാകുന്നു എന്നതിന്റെ സൂചനയായാണ് നിരീക്ഷകർ പ്രധാനമന്ത്രിയുടെ അസാധാരണ പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്. ഇന്ത്യ നേരിടുന്ന സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ ദൈനംദിന ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തണമെന്നാണ് പൊതുജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ നിർദേശം. ഹൈദരാബാദിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ, ദേശസ്‌നേഹം എന്നത് സൈനികരുടെ ത്യാഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, പൗരന്മാരുടെ ദൈനംദിന ജീവിതത്തിലെ ഉത്തരവാദിത്വമുള്ള പെരുമാറ്റവും അതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി (Work From Home) പ്രോത്സാഹിപ്പിക്കാനും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. ഭക്ഷ്യ എണ്ണയുടെയും രാസവളങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ഇറക്കുമതി ചെലവ് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ജീവിതശൈലി സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ആഗോളതലത്തിൽ ഇന്ധനവില വർധിക്കുമ്പോഴും ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പെട്രോൾ, ഡീസൽ വിലകൾ സ്ഥിരമായി നിലനിർത്താൻ സർക്കാർ വലിയ തുക ചെലവഴിക്കുന്നുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള ഇന്ധനവില വർധനവിന്റെ ആഘാതം കുറയ്ക്കാൻ പ്രതിദിനം 1,600 മുതൽ 1,700 കോടി രൂപ വരെയാണ് കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്. ഇത് രാജ്യത്തിന്റെ ധനക്കമ്മി വളരെയധികം കൂട്ടും. യുദ്ധം മൂലം മേഖലയിൽ അധികം പരിക്കേൽക്കാതെ നിൽക്കുന്ന സന്പദ് വ്യവസ്ഥായാണ് ഇന്ത്യ. എന്നാൽ ദിവസവും വിപണിയിലേക്ക് പണം പന്പുചെയ്യുന്നത് രാജ്യത്തിന്റെ സാന്പത്തിക സുരക്ഷയെ ബാധിച്ചേക്കാം. ഈ സാന്പത്തിക ഭാരം കുറയ്ക്കാനാണ് പ്രധാനമന്ത്രി ജനങ്ങളുടെ സഹായം അഭ്യർഥിച്ചിരിക്കുന്നത്.
പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കണമെന്നും സാധ്യമാകുന്നിടത്തെല്ലാം മെട്രോ സേവനങ്ങളും ബസുകളും മറ്റ് പൊതുഗതാഗത മാർഗങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കാർ പൂളിങ് (Car-pooling) പരീക്ഷിക്കാനും ചരക്ക് നീക്കത്തിനായി റെയിൽവേയെ കൂടുതൽ ആശ്രയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം അദ്ദേഹം പ്രോത്സാഹിപ്പിച്ചു. കോവിഡ് കാലത്തെ രീതികൾ പരാമർശിച്ചുകൊണ്ട്, യാത്രകൾ കുറയ്ക്കാനും ഇന്ധനം ലാഭിക്കാനും ചെലവ് ചുരുക്കാനും വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിംഗുകൾ, വെർച്വൽ കോൺഫറൻസുകൾ എന്നിവ വീണ്ടും നടപ്പിലാക്കാമെന്ന് മോദി പറഞ്ഞു. തുടക്കമെന്ന നിലയിൽ സ്വയം നിയന്ത്രണങ്ങളാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ സാഹചര്യങ്ങൾ മോശമാകുമെന്ന ഘട്ടമെത്തിയാൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്താൻ കേന്ദ്രം നിർബന്ധിതമാകുമെന്നാണ് പ്രധാനമന്ത്രിയുടെ അസാധാരണ നിർദേശങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം പരിക്കില്ലാതെ സംരക്ഷിച്ച് നിർത്തേണ്ടതുണ്ട്. ഇത് കണക്കിലെടുത്താണ് വിദേശ വിനോദയാത്രകളും വിദേശത്തെ വിവാഹ ആഘോഷങ്ങളും (Destination weddings), അത്യാവശ്യമല്ലാത്ത സ്വർണം വാങ്ങലും തത്കാലത്തേക്ക് ഒഴിവാക്കാൻ അദ്ദേഹം അഭ്യർഥിച്ചിരിക്കുന്നത്. ഇത്തരം ഇടപാടുകൾ കുറയ്ക്കുന്നത് പണം രാജ്യത്തിനുള്ളിൽ തന്നെ നിലനിർത്താനും രൂപയുടെ മൂല്യം വർധിപ്പിക്കാനും സഹായിക്കും. എണ്ണ, സ്വർണ്ണം എന്നിവയുടെ ഉയർന്ന ഇറക്കുമതി ചെലവ് കാരണം കഴിഞ്ഞ 10 ആഴ്ചയ്ക്കുള്ളിൽ ഏകദേശം ഒരു ലക്ഷം കോടി രൂപ രാജ്യത്തിന് പുറത്തേക്ക് പോയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ധനത്തിന്റെ ആവശ്യം കുറയ്ക്കുന്നത് ഇറക്കുമതിയുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കുമെന്നും ഭാവിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ധന ഉപയോഗത്തിൽ 10 ശതമാനം കുറവുണ്ടായാൽ പോലും രാജ്യത്തിന് പ്രതിദിനം ഏകദേശം 160 കോടി രൂപ ലാഭിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിദേശ നാണയ ശേഖരത്തെ ബാധിക്കുന്നതാണ് ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി. ഇന്ത്യ വലിയ അളവിൽ പാചക എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.
പണം രാജ്യത്തിനകത്ത് തന്നെ ചെലവഴിക്കുന്നതിനായി ദൈനംദിന ഉപയോഗത്തിനായി 'മെയ്ഡ്-ഇൻ-ഇന്ത്യ' ഉൽപ്പന്നങ്ങളും പ്രാദേശികമായി നിർമ്മിച്ച സാധനങ്ങളും തിരഞ്ഞെടുക്കാനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശ വിനോദ യാത്രകൾക്ക് പകരം ആഭ്യന്തര വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിച്ചു.
ഇന്ത്യയ്ക്കുള്ളിൽ ചെലവഴിക്കുന്ന പണം പ്രാദേശിക ഹോട്ടലുകൾ, ഡ്രൈവർമാർ, കടയുടമകൾ, ഗ്രാമീണ സമ്പദ്വ്യവസ്ഥകൾ എന്നിവയ്ക്ക് ഗുണകരമാകും.
ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷങ്ങൾ കാരണം പശ്ചിമേഷ്യയിലെ പ്രധാന എണ്ണ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രി പൊതുജനങ്ങൾക്കായി പുതിയ നിർദേശങ്ങൾ പങ്കുവെച്ചത്. ഹോർമുസ് പ്രതിസന്ധി വൈകാതെ അവസാനിക്കും എന്ന തരത്തിലുള്ള സൂചനകൾ ലഭിക്കാത്തതിനാലാണ് ഇത്തരമൊരു നിർദേശം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. സംഘർഷം പരിഹരിക്കപ്പെടാതെ തുടർന്നാൽ ഇപ്പോൾ നിർദേശിച്ചിരിക്കുന്ന പലതും കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും.
Content Highlights: PM Modi suggests WFH and virtual meetings to reduce fuel consumption. Call to reduce non-essential gold imports and foreign travel to protect the rupee. Emphasis on using public transport and electric vehicles to lower import dependency. Promotion of Made-in-India products to support local businesses during global crises. Strait of Hormuz blockage identified as the primary driver of current oil price volatility.
Published: 11 May 2026, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented