കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 'ഗുണ്ടാ നിയമം' പാസാക്കി സുവേന്ദു അധികാരി സർക്കാർ. സംഘടിത കുറ്റകൃത്യങ്ങളും അക്രമങ്ങളും കർശനമായി അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള ‘വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആന്റ് കൺട്രോൾ ഓഫ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് ബിൽ -2026’ ആണ് തിങ്കളാഴ്ച നിയമസഭ പാസാക്കിയത്. 176 അംഗങ്ങൾ ബില്ലിനെ അനുകൂലിക്കുകയും 41 പേർ എതിർത്തും വോട്ട് ചെയ്തു.

To advertise here,

പൊതുജന സുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ടെത്തുന്ന ഏതൊരാളേയും ഒരു വർഷംവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെക്കാൻ ഈ നിയമം ഭരണകൂടത്തിന് അനുമതി നൽകുന്നു. ജില്ലാ മജിസ്ട്രേറ്റുമാർക്കും പോലീസ് കമ്മിഷണർമാക്കും ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാം.

പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്ന കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

കുറ്റകൃത്യങ്ങളുടെ വ്യാപ്തി വർധിപ്പിച്ചുകൊണ്ട് കള്ളക്കടത്ത് അനധികൃത മണൽ ഖനനം, വന്യജീവി-വനം കൊള്ള എന്നിവയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നയാളെ ജില്ലാ മജിസ്ട്രേറ്റിനോ പോലീസ് കമ്മിഷണർക്കോ ജില്ലയിൽനിന്ന് ഒരു വർഷത്തേക്ക് പുറത്താക്കാനും അധികാരമുണ്ട്.