ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയില്‍ നിന്ന് ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ഥിനി. മനോന്‍മണിയം സുന്ദരനര്‍ സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന 32-മത് ബിരുദദാനച്ചടങ്ങിനിടെയാണ് സംഭവം. ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ക്കെതിരെയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനി വിസ്സമതം പ്രകടിപ്പിച്ചത്. പകരം സര്‍വകലാശാല വൈസ് ചാന്‍സലറില്‍നിന്ന് അവര്‍ ബിരുദം സ്വീകരിച്ചു. 

To advertise here,

മൈക്രോ ഫിനാന്‍സില്‍ ഡോക്ടറേറ്റ് നേടിയ ജീന്‍ ജോസഫാണ് ഗവര്‍ണറെ ഒഴിവാക്കിയത്. താന്‍ മനഃപൂര്‍വമാണ് അത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് ജീന്‍ ജോസഫ് പ്രതികരിച്ചു. "ആര്‍.എന്‍. രവി തമിഴ്‌നാടിനും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കും എതിരാണ്. തമിഴ്‌നാട് ജനതയ്ക്കുവേണ്ടി ഗവര്‍ണര്‍ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തില്‍നിന്ന് ബിരുദം സ്വീകരിക്കാന്‍ എനിക്ക് താത്പര്യമില്ല", ജീന്‍ ജോസഫ് പറഞ്ഞു. 

ജീന്‍ ജോസഫ് ചടങ്ങില്‍ മുഖ്യാതിഥിയായ ഗവര്‍ണറെ ഒഴിവാക്കുന്നതും വൈസ് ചാന്‍സലര്‍ എന്‍. ചന്ദ്രശേഖറിനോടൊപ്പം ബിരുദദാനത്തിനുശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമായ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥിനി തന്നെ ഒഴിവാക്കി നീങ്ങുന്നത് കാണുന്ന ഗവര്‍ണര്‍ വിദ്യാര്‍ഥിനിയ്ക്ക് തെറ്റുപറ്റിയതാണെന്ന് കരുതുന്നതും എന്നാല്‍ താന്‍ മനഃപൂര്‍വം അത്തരത്തില്‍ പ്രവര്‍ത്തിച്ചതാണെന്നുള്ള ആംഗ്യം ജീന്‍ ജോസഫില്‍ നിന്നുണ്ടാകുന്നതും അതിനെ ഗവര്‍ണര്‍ തലകുലുക്കി അംഗീകരിക്കുന്നതും വീഡിയോയില്‍ കാണാം. 

ജീനന്‍ ജോസഫിന്റെ ഭര്‍ത്താവ് രാജന്‍ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴക (ഡിഎംകെ) പ്രവര്‍ത്തകനാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഗവര്‍ണര്‍ സംസ്ഥാനത്ത് സമാന്തഭരണത്തിന് ശ്രമിക്കുന്നുവെന്നാണ് ഡിഎംകെയുടെ ആരോപണം. ബില്ലുകള്‍ തടഞ്ഞുവെക്കുന്നതുള്‍പ്പെടെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിരന്തരപ്രശ്‌നങ്ങളാണുള്ളത്.