ഭുവനേശ്വര്‍: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം ജൂലൈ 14-ന് വീണ്ടും തുറക്കാന്‍ നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ രത്‌ന ഭണ്ഡാരം തുറക്കണമെന്നാണ് ജസ്റ്റിസ് ബിശ്വനാഥ് റാത്ത് കമ്മിറ്റി നിര്‍ദേശിച്ചത്. 

To advertise here,

രത്‌ന ഭണ്ഡാരത്തില്‍ സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പട്ടികപ്പെടുത്താനാണ് ഒഡീഷ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ ജസ്റ്റിസ് ബിശ്വനാഥ് റാത്തിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി രൂപവത്കരിച്ചത്. 16 അംഗ സമിതിയുടെ രണ്ടാമത് യോഗം ചൊവ്വാഴ്ച ചേര്‍ന്നിരുന്നു. 

രത്‌ന ഭണ്ഡാരത്തിലെ ബഹര (അകത്തുള്ള), ഭിടാര (പുറത്തുള്ള) നിലവറകളാണ് തുറന്ന് പരിശോധിക്കുക. നിലവറകളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ പട്ടികപ്പെടുത്തുന്നതിനൊപ്പം അവ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍കൂടി രത്‌ന ഭണ്ഡാരം തുറക്കുന്ന ദിവസം നടക്കും. ഇതിനുള്ള നിര്‍ദേശം അംഗീകാരത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. 

1960-ലെ ജഗന്നാഥ ക്ഷേത്ര നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവുകളോടെ മാത്രമേ രത്‌നഭണ്ഡാരത്തിന്റെ പൂട്ടുകള്‍ തുറക്കാന്‍ കഴിയൂ. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകള്‍ക്കനുസരിച്ചാണ് രത്‌ന ഭണ്ഡാരം തുറക്കേണ്ടത്. 

'നിയമങ്ങള്‍ പാലിച്ച് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം തുറക്കുന്നതിനുള്ള നിര്‍ദേശം ക്ഷേത്രഭരണ സമിതിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സമിതി ഇക്കാര്യം ചര്‍ച്ചചെയ്ത് സര്‍ക്കാരിലേക്ക് അംഗീകാരത്തിനായി അയയ്ക്കും. രത്‌ന ഭണ്ഡാരത്തിലുള്ള ആഭരണങ്ങള്‍ വളരെ പഴക്കമുള്ളതും അപൂര്‍വ്വവുമാണ്. അവ പരിശോധിക്കാന്‍ അനുയോജ്യരായ സ്വര്‍ണ്ണപ്പണിക്കാരേയും ലോഹവിദഗ്ധരേയും ആവശ്യമാണ്. അവരെ സംസ്ഥാന സര്‍ക്കാരാണ് തിരഞ്ഞെടുക്കുക', ഉന്നത സമിതി യോഗത്തിനുശേഷം ജസ്റ്റിസ് ബിശ്വനാഥ് റാത്ത് പറഞ്ഞു. 

രത്‌ന ഭണ്ഡാരം തുറക്കുന്ന ദിവസങ്ങളില്‍ ക്ഷേത്ര ചടങ്ങുകള്‍ മുടക്കമില്ലാതെ നടക്കുമെങ്കിലും ഭക്തരുടെ ദര്‍ശനം തടസപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന് മുമ്പ് 1978 മേയ് 13 മുതല്‍ ജൂലൈ 23 വരെയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം തുറന്ന് പരിശോധിച്ചത്.

രത്‌ന ഭണ്ഡാരം
പുരി ജഗന്നാഥ ക്ഷേത്രത്തിലെ 'ജഗമോഹന'യ്ക്ക് വടക്കുഭാഗത്തായാണ് രത്‌ന ഭണ്ഡാരം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ മൂന്ന് ദേവതകളുടേയും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമാണ് രത്‌ന ഭണ്ഡാരത്തിലുള്ളത്. പുറത്തെ നിലവറ (ബഹാര ഭണ്ഡാര്‍), അകത്തെ നിലവറ (ഭിടാര ഭണ്ഡാര്‍) എന്നിങ്ങനെ രണ്ട് നിലവറകളാണ് ഇതില്‍ ഉള്ളത്. രത്‌ന ഭണ്ഡാരത്തിലെ വടക്കേ ചുമരാണ് പ്രധാനക്ഷേത്രത്തെ രത്‌ന ഭണ്ഡാരവുമായി വേര്‍തിരിക്കുന്നത്. 

പുരി ജഗന്നാഥ ക്ഷേത്രം 12-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചത്. രത്‌ന ഭണ്ഡാരം പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. എന്നാല്‍, ഏതുകാലത്താണ് ഇത് നിര്‍മ്മിച്ചത് എന്നത് സംബന്ധിച്ച ഒരു വിവരവും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ബ്രിട്ടീഷ് ഭരണത്തിനുകീഴിലാണ് രത്‌ന ഭണ്ഡാരത്തേക്കുറിച്ച് ഔദ്യോഗികമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. അന്നത്തെ പുരി കളക്ടറായിരുന്ന ചാള്‍സ് ഗ്രോം 1805 ജൂണ്‍ 10-നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ഈ റിപ്പോര്‍ട്ട് പ്രകാരം രത്‌ന ഭണ്ഡാരത്തില്‍ സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ആഭരണങ്ങളും സ്വർണനാണയങ്ങളും ഉണ്ട്. സ്വർണത്തിന് 128.38 കിലോഗ്രാമും വെള്ളിക്ക് 221.53 കിലോഗ്രാമും തൂക്കംവരും. ആഭരണങ്ങളിൽ രത്‌നങ്ങളും പതിച്ചിട്ടുണ്ട്. കൂടാതെ 128 സ്വര്‍ണ്ണനാണയങ്ങള്‍, 24 വ്യത്യസ്ത സ്വര്‍ണ്ണ മുദ്രകള്‍ (മൊഹര്‍), 1297 വെള്ളിനാണയങ്ങള്‍, 106 ചെമ്പുനാണയങ്ങള്‍, 1333 തരം വസ്ത്രങ്ങള്‍ എന്നിവയും രത്‌ന ഭണ്ഡാരത്തിലുണ്ട്.