പട്ന: അടുത്ത അഞ്ച് വർഷത്തേക്ക് തന്റെ വരുമാനത്തിന്റെ 90 ശതമാനവും പ്രസ്ഥാനത്തിന് സംഭാവനയായി നൽകുമെന്ന് പ്രഖ്യാപിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. ബിഹാറിലെ വെസ്റ്റ് ചമ്പാരനിലുള്ള ഭിതിഹാർവ ഗാന്ധി ആശ്രമത്തിൽ നടത്തിവന്ന ഒരു ദിവസത്തെ മൗനോപവാസം അവസാനിപ്പിച്ചു കൊണ്ടായിരുന്നു വെള്ളിയാഴ്ച പ്രശാന്തിന്റെ പ്രഖ്യാപനം. ഡൽഹിയിലെ കുടുംബവസതിയൊഴികെ തന്റെ ഭൂരിഭാഗം സ്വത്തുക്കളും തൻ്റെ പ്രസ്ഥാനത്തിന് സംഭാവനയായി നൽകുമെന്നാണ് മുൻ രാഷ്ട്രീയതന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് അറിയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ മുഖ്യമന്ത്രി മഹിളാ റോസ്ഗാർ പദ്ധതി പ്രകാരമുള്ള 2 ലക്ഷം രൂപ ഓരോ ഗുണഭോക്താവിനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ജനുവരി 15 മുതൽ സംസ്ഥാനത്ത് ബിഹാർ നവനിർമ്മാൺ സങ്കൽപ് അഭിയാൻ" എന്ന പേരിൽ പുതിയൊരു പ്രചാരണ പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

To advertise here,

"ജൻ സുരാജിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് ഗാന്ധിയുടെ ആശ്രമം എപ്പോഴും ഒരു പ്രചോദനത്തിന്റെ ഉറവിടമാണ്. പ്രയാസകരമായ സമയങ്ങളിൽ മൂന്നര വർഷം മുൻപ് ഈ യാത്ര ആരംഭിച്ച ഇവിടേക്ക് ഞങ്ങൾ മടങ്ങിവരികയാണ്," പ്രശാന്ത് പറഞ്ഞു.

അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രശാന്ത് കിഷോർ, വൻതോതിലുള്ള വോട്ട് കച്ചവടത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ചതായി വിമർശനമുന്നയിച്ചു. "ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഒരു സർക്കാരും കോടിക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളുടെ വോട്ടുകൾ 10,000 രൂപ വീതം നൽകി വാങ്ങിയിട്ടില്ല... ഞാൻ പറയുന്നത് വാസ്തവമല്ലെങ്കിൽ സർക്കാർ എനിക്കെതിരെ കേസെടുത്ത് ജയിലിലടയ്ക്കട്ടെ," അദ്ദേഹം പറഞ്ഞു.

"ഈ അനീതി ജൻ സുരാജിനോ രാഷ്ട്രീയ പാർട്ടികൾക്കോ ജയിച്ചവരോ തോറ്റവരോ ആയ സ്ഥാനാർഥികൾക്കോ എതിരെ മാത്രമല്ല. ഈ അനീതി, തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള സ്വപ്നങ്ങളെ 10,000 രൂപയ്ക്ക് വിറ്റുകളഞ്ഞ ആ പാവപ്പെട്ട ജനങ്ങളോടാണ്," അദ്ദേഹം പറഞ്ഞു. ജനുവരി 15 മുതൽ, അടുത്ത 15 മുതൽ 18 മാസം വരെ ഓരോ ഗ്രാമത്തിലും ഓരോ വാർഡിലും ഓരോ വീട്ടിലുമെത്തി, അനീതിക്കിരയായവർക്കൊപ്പം നിൽക്കുകയും കഴിയുന്നത്ര സഹായങ്ങൾ നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന പ്രകാരം പ്രാരംഭമായി 10,000 രൂപ ലഭിച്ച സ്ത്രീകൾക്ക്, സർക്കാർ പദ്ധതി അനുസരിച്ച് വാഗ്ദാനം ചെയ്ത ബാക്കി 2 ലക്ഷം രൂപ കൂടി ലഭിക്കുന്നുണ്ടെന്ന് ജൻ സരാജ് ഉറപ്പാക്കുമെന്ന് കിഷോർ പ്രഖ്യാപിച്ചു.

“കഴിഞ്ഞ 20 വർഷത്തിനിടെ ഞാൻ സമ്പാദിച്ച എല്ലാ സ്ഥാവര, ജംഗമ സ്വത്തുക്കളും ജൻ സുരാജിന്റെ ആവശ്യാനുസരണം സംഭാവന ചെയ്യും. ഫണ്ടിന്റെ അഭാവം ബിഹാറിലെ പാവപ്പെട്ടവർക്കു വേണ്ടിയുള്ള ഞങ്ങളുടെ പ്രചാരണത്തെ ഒരിക്കലും തടയില്ല. പണം കാരണം ബിഹാറിന്റെ അഭിലാഷങ്ങൾ തകരാൻ ഞാൻ അനുവദിക്കുകയില്ല. ഞാൻ 90 ശതമാനം നൽകുന്നു, ഞാൻ നിങ്ങളോട് 10 ശതമാനം പോലും ചോദിക്കുന്നില്ല. എന്നാൽ ജൻ സുരാജുമായി ബന്ധമുള്ള ഓരോ വ്യക്തിയോടും, ബിഹാറിനെ സ്നേഹിക്കുന്ന ഓരോ വ്യക്തിയോടും ഞാൻ അഭ്യർഥിക്കുന്നു, കുറഞ്ഞത് 1,000 രൂപയെങ്കിലും സംഭാവന ചെയ്യുക. നിങ്ങൾ അതീവ ദരിദ്രരാണെങ്കിൽ, നിങ്ങളുടെ സമൂഹത്തിൽ നിന്ന് പണം സ്വരൂപിക്കുക.

എന്നാൽ ജൻ സുരാജിന്റെ ശ്രമങ്ങളെ വിലമതിക്കുന്നവർ യൂട്യൂബ് കാണുകയോ അഭിപ്രായം പറയുകയോ മാത്രം ചെയ്താൽ പോരാ. ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകണമെങ്കിൽ നിങ്ങൾ 1,000 രൂപ സംഭാവന ചെയ്യണം... ബിഹാറിലെ ഒരുകോടി ആളുകൾ 1,000 രൂപ വീതം സംഭാവന ചെയ്താൽ, അടുത്ത അഞ്ച് വർഷത്തേക്ക് ഈ പ്രസ്ഥാനത്തെ ആർക്കും തടയാനാവില്ല. ഇനി മുതൽ, ഈ പ്രചാരണത്തിന് ഈ തുക സംഭാവന ചെയ്യാത്ത ആരെയും ഞാൻ കാണില്ല. ജൻ സൂരജിനെ പിന്തുണയ്ക്കാത്ത ആരുമായും ഞാൻ ഇടപഴകില്ല. ഉപദേശത്തിന്റെ സമയം കഴിഞ്ഞു, പോരാട്ടത്തിന്റെ സമയം ആരംഭിച്ചിരിക്കുന്നു," അദ്ദേഹം പറഞ്ഞു.

അഴിമതി ആരോപണങ്ങളും ക്രിമിനൽ പശ്ചാത്തലവുമുള്ള മന്ത്രിമാരെ വീണ്ടും നിയമിച്ചതിലൂടെ സംസ്ഥാന മന്ത്രിസഭാ രൂപവത്കരണം ബിഹാറിലെ ജനങ്ങളുടെ മുറിവിൽ മുളകുപുരട്ടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.