
ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി.യുടെ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പറയുന്ന ഭാഗം ഉൾപ്പെടുത്തിയതിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീംകോടതി. വിഷയം അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ഇക്കാര്യം താൻ അറിഞ്ഞിട്ടുണ്ടെന്നും സ്വമേധയാ ഇടപെടാൻ തീരുമാനിച്ചതായും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. എത്ര ഉന്നതരായാലും നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത കളങ്കപ്പെടുത്താൻ അനുവദിക്കില്ല. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിംഘ്‌വിയുമാണ് ബുധനാഴ്ച ഇക്കാര്യം ചീഫ് ജസ്റ്റിസിന് മുൻപാകെ അവതരിപ്പിച്ചത്. കോടതി സ്വമേധയാ കേസെടുക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. എന്നാൽ, വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകരും ജഡ്ജിമാരുമെല്ലാം അസ്വസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒട്ടേറെ ഫോൺ വിളികളും മെസേജുകളും ലഭിച്ചു. അതിനാൽ സ്വമേധയാ ഇടപെടുകയാണെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
പാഠപുസ്തകത്തിലെ ഇതുസംബന്ധിച്ച ഉള്ളടക്കമല്ല, മറിച്ച് തിരഞ്ഞുപിടിച്ചുള്ള കൈകാര്യംചെയ്യലാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നതെന്ന് സിംഘ്‌വി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥതലത്തിലോ, രാഷ്ട്രീയത്തിലോ, പൊതുജീവിതത്തിലോ ഉള്ള അഴിമതിയെക്കുറിച്ച് പറയാതെ ജുഡീഷ്യറിയെമാത്രം തിരഞ്ഞുപിടിച്ചെന്നും സിംഘ്‌വി പറഞ്ഞു.
കണക്കുകൂട്ടിയുള്ള നീക്കമാണിതെന്നും കൂടുതൽ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. കേസ് വ്യാഴാഴ്ച പരിഗണിക്കും.
പിൻവലിച്ച് എൻ.സി.ഇ.ആർ.ടി.
എൻ.സി.ഇ.ആർ.ടി.യുടെ പുതിയ പാഠപുസ്തകത്തിലെ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം പിൻവലിച്ചതായി റിപ്പോർട്ട്. വെബ്‌സൈറ്റിൽനിന്ന് പുസ്തകം എൻ.സി.ഇ.ആർ.ടി. പിൻവലിച്ചിട്ടുണ്ട്. പാഠഭാഗങ്ങൾ സർക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു. സുപ്രീം കോടതി ഇടപെടുന്നതിനുമുൻപുതന്നെ വിവാദഭാഗം പിൻവലിച്ചതായാണ് വിവരം.
ജുഡീഷ്യറിയിൽ പൊള്ളി എൻ.സി.ഇ.ആർ.ടി.
പാഠപുസ്തകങ്ങളിലൂടെയുള്ള പതിവ് കരുനീക്കങ്ങൾ ജുഡീഷ്യറിക്കെതിരേയായപ്പോൾ എൻ.സി.ഇ.ആർ.ടി.ക്ക് പൊള്ളി. കോടതി ഇടപെട്ടപ്പോൾ, വിവാദത്തിൽനിന്ന് തലയൂരാൻ പഴുതുനോക്കലിലായി നേതൃത്വം. പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ കാലഘട്ടത്തെയും സ്വാതന്ത്ര്യസമര ചരിത്രത്തെയും രാജ്യത്തിന് അടിത്തറയിട്ട നേതാക്കളായ ഗാന്ധിജിയെയും നെഹ്‌റുവിനെയുംവരെ പടിയിറക്കിയ സ്ഥാപനം കോടതിയുടെ വിമർശനത്തിനുമുന്നിൽ മുഖം രക്ഷിക്കാനുള്ള മാർഗം തിരയുകയാണ്.
വിവാദമുയർന്ന ഘട്ടങ്ങളിലൊക്കെ സ്വന്തം നടപടികളെ ന്യായീകരിച്ച് താത്വികപിടിവാശിയിലുറച്ചുനിന്ന നേതൃത്വം ഇക്കുറി എട്ടാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കാൻ നിർബന്ധിതമായി. പാഠപുസ്തകങ്ങളിൽ ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും അജൻഡകൾ പ്രത്യക്ഷമായും പരോക്ഷമായും കലർത്തുന്ന രീതിയാണ് പാഠപുസ്തകസ്രഷ്ടാക്കളായ എൻ.സി.ഇ.ആർ.ടി സമീപകാലത്ത് സ്വീകരിക്കാറുള്ളത്. ചരിത്ര, സാമൂഹിക പാഠ, രാഷ്ട്രതന്ത്ര വിഷയങ്ങളിൽ മാത്രമല്ല, ശാസ്ത്രവിഷയങ്ങളിൽപ്പോലും ഈ വിശ്വാസപ്രമാണങ്ങളുടെ അധിനിവേശം പ്രകടം. മുഗൾ ഭരണകാലത്തെ തമസ്‌കരിച്ച് ഹിന്ദുരാജാക്കന്മാരുടെ വീരകഥകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും ബ്രിട്ടീഷ് അധിനിവേശ ചരിത്രത്തെ മാറ്റിവെച്ചും പലവട്ടം വിവാദങ്ങളുയർത്തിയ എൻ.സി.ഇ.ആർ.ടി., ഇന്ത്യയിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലും വെള്ളംചേർത്തു. പല പാഠങ്ങളിൽനിന്നും മഹാത്മാഗാന്ധിയും നെഹ്‌റുവും മൗലാനാ അബുൾ കലാം ആസാദും പുറത്തായി.
ഈ നടപടികളിൽ പ്രതിപക്ഷ പാർട്ടികളും അക്കാദമിക് വിദഗ്ധരും ചരിത്രപണ്ഡിതന്മാരും എതിർപ്പുയർത്തിയെങ്കിലും എൻ.സി.ഇ.ആർ.ടി. വഴങ്ങിയില്ല. ഈ ആത്മവിശ്വാസമാണ് ജുഡീഷ്യറിയുടെ മേലേക്ക് കടന്നുകയറാൻ പ്രേരണയായത്.
എന്നാൽ, സുപ്രീംകോടതി സ്വമേധയാ വിഷയത്തിൽ ഇടപെട്ടതോടെ നേതൃത്വം ഇക്കുറി പ്രതിരോധത്തിലായി. എത്രതന്നെ ഉന്നതരായാലും നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്ന ചീഫ് ജസ്റ്റിസിന്റെ നിലപാട് അവഗണിക്കുക എളുപ്പമല്ല. രാജ്യത്തെ ഉന്നത നീതിസംവിധാനങ്ങളെക്കുറിച്ച് പുതിയ തലമുറകളുടെ മനസ്സിൽ സംശയം വേരോടിക്കാൻ പുസ്തകത്തിന്റെ ഉള്ളടക്കം പ്രേരണയാകുമെന്ന ആശങ്ക അക്കാദമിക് സമൂഹവും ഉയർത്തിയിട്ടുണ്ട്. അതിനാൽ, പുസ്തകത്തിലെ വിവാദഭാഗങ്ങൾ പിൻവലിച്ച് സമർഥമായി കൈയൊഴിയാനാണ് എൻ.സി.ഇ.ആർ.ടി.യുടെ നീക്കം.
Content Highlights: Supreme Court takes suo motu cognizance of an NCERT chapter on judicial corruption
Published: 26 Feb 2026, 04:28 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented