ന്യൂയോർക്ക്: വ്യത്യസ്ത മതങ്ങൾക്കിടയിൽ ഐക്യവും സൗഹാർദ്ദവും ഉണ്ടാകണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ നടന്ന ‘വൺ വേൾഡ്: വൺ ഹ്യൂമാനിറ്റി’ (ഒരു ലോകം, ഒരു മാനവികത) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലത്ത് മതങ്ങൾ പ്രധാനമായും അനുഷ്ഠാനങ്ങളാൽ നിർവചിക്കപ്പെട്ടിരിക്കുകയാണെന്നും, ദൈവീകമായ പാത പിന്തുടരുന്നതിനും മതപരമായ അച്ചടക്കത്തിനും ഇത്തരം അനുഷ്ഠാനങ്ങൾ ആവശ്യമാണെങ്കിലും സത്യത്തിലേക്ക് നയിക്കുക എന്നതാണ് മതത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മതങ്ങൾ വ്യത്യസ്തമായിരിക്കാമെങ്കിലും മാനവികത ഒന്നാണെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്നും, മാനവികത എന്നത് സത്യത്തിന്റെ ഉൽപ്പന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിൽ മുസ്ലിങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു ചിന്തിക്കുന്നുണ്ടെങ്കിൽ, അവൻ ഹിന്ദുമതത്തിന്റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ല എന്ന് മോഹൻ ഭാഗവത് പറഞ്ഞു. മനുഷ്യർ തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളൊന്നുമില്ലെന്നും ഓരോരുത്തർക്കും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ താമസിക്കുന്ന മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളുമായി ആർ.എസ്.എസ് ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് മോഹൻ ഭാഗവത് വെളിപ്പെടുത്തി. ചർച്ചകൾ ആരംഭിക്കുക എന്നത് ആദ്യപടിയാണെന്നും, അതിനൊപ്പം തന്നെ വിവേചനമില്ലാതെയുള്ള സേവന പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയെക്കുറിച്ച് തെറ്റായ ആഖ്യാനങ്ങളിലൂടെ ചില ധാരണകൾ ഉണ്ടാക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ആളുകൾ നേരിട്ട് വന്ന് തങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുമ്പോൾ ഇത്തരം തെറ്റായ ധാരണകൾ വളരെ പെട്ടെന്ന് ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ താൽപ്പര്യങ്ങൾ കാരണം മതസൗഹാർദ്ദം ഇല്ലാതാകുന്നു എന്ന സൂചന നൽകിയ അദ്ദേഹം, നിർഭാഗ്യവശാൽ രാഷ്ട്രീയം ഇപ്പോൾ സ്വാർത്ഥതയുടെ കളിയായി മാറിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. 'എന്റേത്', 'ഞാൻ' എന്ന ചിന്തയുള്ളിടത്ത് പരിഹാരമില്ലെന്നും 'നമ്മുടേത്', 'നമ്മൾ' എന്ന ചിന്തയാണ് പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: RSS chief Mohan Bhagwat addressed the 'One World: One Humanity' conference in New York, emphasizing religious harmony and unity.
Published: 30 Aug 2026, 02:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented