മുംബൈ: ഓണ്‍ലൈന്‍ ഗെയിമിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ യുവാവിനോടൊപ്പം ജീവിക്കാന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുവതി സീമ ഹൈദറിനോട് സിനിമയില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് രാജ് താക്കറെ നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന (എംഎന്‍എസ്). എംഎന്‍എസിന്റെ ജനറല്‍ സെക്രട്ടറി അമേയ ഖോപ്കറാണ് സീമ ഹൈദറിനോട് സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഖോപ്കര്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

To advertise here,

"ഇന്ത്യന്‍ സിനിമാരംഗത്ത് ഒരിക്കലും ഒരു പാകിസ്താന്‍ പൗരന് സ്ഥാനമുണ്ടായിരിക്കില്ല. നിലവില്‍ ഇന്ത്യയിലുള്ള സീമ ഹൈദര്‍ ഒരു പാക് വനിതയാണ്. അവര്‍ ഒരു ഐഎസ് ഏജന്റായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അതേ സീമ ഹൈദറിനെ നമ്മുടെ സിനിമാമേഖലയിലെ ചില പ്രമുഖര്‍ പ്രശസ്തിയ്ക്ക് വേണ്ടി നടിയാക്കുന്നു. നിര്‍മാതാക്കള്‍ക്ക് ലജ്ജയില്ലേ?", ഖോപ്കര്‍ ചോദിച്ചു. പരസ്യമായ ഒരു മുന്നറിയിപ്പാണിതെന്നും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഉടനടി നിര്‍ത്തിയില്ലെങ്കില്‍ എംഎന്‍എസിന്റെ ഭാഗത്തുനിന്ന് പ്രതിഷേധനടപടികള്‍ നേരിടേണ്ടി വരുമെന്നും ഖോപ്കര്‍ കൂട്ടിച്ചേര്‍ത്തു. 

അമിത് ജാനി സംവിധാനം ചെയ്യുന്ന 'കറാച്ചി ടു നോയിഡ' എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് സീമ ഹൈദര്‍. സിനിമയ്ക്ക് വേണ്ടി സീമ ഹൈദര്‍ ഓഡിഷനില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടിയിരുന്നു. സീമയും സച്ചിന്‍ മീണയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. 

പബ്ജിയിലൂടെയാണ് സീമ ഹൈദര്‍ സച്ചിന്‍ മീണയുമായി പ്രണയത്തിലായത്. പിന്നീട് ഭര്‍ത്താവ് ഗുലാം ഹൈദറിനെ ഉപേക്ഷിച്ച് സീമ ഇന്ത്യയിലെത്തി. തുടര്‍ന്ന് ഇരുവരും വിവാഹിതരാകുകയും സീമ ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. അനധികൃതമായി അതിര്‍ത്തി കടന്നതിന് ജൂലായ് നാലിന് സീമ ഹൈദറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും വിവിധ അന്വേഷണസംഘങ്ങളുടെ നിരീക്ഷണത്തിലാണ് യുവതി.