
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്, ഗവര്‍ണര്‍ ആര്‍എന്‍ രവി പോര് രൂക്ഷമാവുന്നു. തമിഴ്നാടിന്റെ സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്ത് ആലപിച്ചപ്പോൾ ദ്രാവിഡ എന്ന വാക്ക് വിട്ടുപോയതാണ് പ്രശ്നങ്ങളുടെ ആരംഭം. ഗവര്‍ണര്‍ ദ്രാവിഡ വംശത്തെ നിന്ദിക്കുകയും ഹിന്ദി ഭാഷയെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നുവെന്നാണ് എം കെ സ്റ്റാലിന്റെ ആരോപണം. സംസ്ഥാനത്തിന്റെ നിയമങ്ങൾ അംഗീകരിക്കാത്ത ആർ.എൻ. രവി ഗവർണർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കുകയാണ് ഗവർണർ.
വെള്ളിയാഴ്ച വൈകീട്ട് തമിഴ്നാട് ദൂരദർശന്റെ സുവർണജൂബിലി ആഘോഷത്തിന്റെയും ഹിന്ദി മാസാചരണത്തിന്റെയും സമാപനച്ചടങ്ങിലാണ് തമിഴ് തായ് വാഴ്ത്ത് അപൂർണമായി ആലപിച്ചത്. ഹിന്ദിയിതരപ്രദേശങ്ങളിൽ ഹിന്ദിഭാഷയെ ആദരിക്കുന്ന ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിനു പിന്നാലെയാണ് ചടങ്ങു നടന്നതും പുതിയ വിവാദം ഉടലെടുത്തതും. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരേ ഡി.എം.കെ പ്രവർത്തകർ പ്രതിഷേധിക്കുന്നതിന് ഇടയിലായിരുന്നു ദൂരദർശൻ കേന്ദ്രത്തിലെ ചടങ്ങ്.
വിഷയത്തില്‍ സ്റ്റാലിന് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയും പ്രതികരിച്ചിരുന്നു. എന്തുകൊണ്ട് ഗവര്‍ണര്‍ ഉടനടി തെറ്റുതിരുത്തിയില്ലെന്ന് സ്റ്റാലിന് ചോദിക്കുന്നു. ഇതിന് മുന്‍പും സമാന പ്രവര്‍ത്തി ഗവര്‍ണര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. താങ്കള്‍ക്ക് ഇത്തരമൊരു ചരിത്രമുള്ളതിനാല്‍ ദ്രാവിഡ എന്ന് വാക്ക് എങ്ങനെ അബദ്ധത്തില്‍ ഒഴിവാക്കിയതാണെന്ന് വിശ്വസിക്കും - പോസ്റ്റില്‍ ചോദിക്കുന്നു. ഗവര്‍ണര്‍ രാജ്യത്തിന്റെ ഐക്യത്തെയും നാട്ടില്‍ ജീവിക്കുന്ന നാനാജാതിക്കാരെയും അപമാനിച്ചെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തി . ഗവർണർ ആർ.എൻ. രവി ആര്യനാണോ എന്നും ദേശീയഗാനത്തിൽനിന്ന് ദ്രാവിഡമെന്ന പദം എടുത്തകളയാൻ അദ്ദേഹം ആവശ്യപ്പെടുമോയെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പ്രസ്താവനയിൽ ചോദിച്ചു. സംസ്ഥാനത്തെ നിയമവും ചട്ടങ്ങളും അനുസരിക്കാത്തയാൾ ഗവർണർ പദത്തിൽ ഇരിക്കാൻ യോഗ്യനല്ല -സ്റ്റാലിൻ പറഞ്ഞു.
സ്റ്റാലിന്റെ പരാമര്‍ശം വംശീയമാണെന്നും മുഖ്യമന്ത്രിയുടെ ഉയര്‍ന്ന ഭരണഘടനാ പദവിയുടെ അന്തസ്സ് കുറയ്ക്കുന്നതുമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഹിന്ദിക്ക് സ്വീകാര്യതയുണ്ടെന്നാണ് ഗവര്‍ണറുടെ പക്ഷം. തമിഴ് ഭാഷയുടെ പ്രചാരണത്തിന് ഏറ്റവുമധികം അധ്വാനിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണറുടെ വാദങ്ങളോട് ഉടനടി മറുപടിയുമായി സ്റ്റാലിന് രംഗത്തെത്തി. മുഖ്യമന്ത്രി തെറ്റായ ആരോപണം ഉന്നയിച്ച് വംശീയ പരാമര്‍ശം നടത്തിയെന്ന് താങ്കള്‍ പറഞ്ഞിരുന്നുവല്ലോ. ഗവര്‍ണര്‍... തമിഴാണ് ഞങ്ങളുടെ വംശം. അത് ഞങ്ങളുടെ ജീവരക്തമാണ്. തമിഴ് ഭാഷയ്ക്കായി ജീവന് കളഞ്ഞവരാണ് തമിഴര്‍. ഞങ്ങളുടെ തമിഴിനോടുള്ള സ്നേഹത്തെ നിങ്ങള്‍ തമിഴ് വംശീയവാദമെന്ന് വിളിക്കുകയാണെങ്കില്‍ അത് ഞങ്ങള്‍ക്ക് അഭിമാനമാണ് - സ്റ്റാലിന് വ്യക്തമാക്കി
എല്ലായിടത്തും ഹിന്ദി, എന്തിനും ഹിന്ദി എന്ന നയം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രത്തെയും ഗവര്‍ണറെയും അദ്ദേഹം വിമര്‍ശിച്ചു. ഈ പ്രശ്നത്തെ വ്യക്തമാക്കികൊണ്ട് സ്റ്റാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഹിന്ദി ഭാഷ സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി സംബന്ധമായ പരിപാടികള്‍ക്ക് പകരം പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നടത്തണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു. ഒരു ഭാഷയ്ക്കും ഭരണഘടന ദേശീയ പദവി നല്‍കുന്നില്ലെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി മാസാചരണം നടത്തുന്നത് മറ്റു ഭാഷകളെ ചെറുതാക്കുന്നതിന് തുല്യമാണ് - സ്റ്റാലിന് കത്തില്‍ പറയുന്നു
മലയാളിയായ മനോന്മണിയം പി. സുന്ദരംപിള്ള രചിച്ച തമിഴ് തായ് വാഴ്ത്തിനെ ഡി.എം.കെ. സർക്കാരാണ് തമിഴ്നാടിന്റെ സംസ്ഥാനഗാനമാക്കി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഔദ്യോഗികപരിപാടികൾ ആരംഭിക്കുന്നതിനുമുൻപ് ഗാനം ആലപിക്കണമെന്നും അപ്പോൾ എഴുന്നേറ്റുനിൽക്കണമെന്നും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഗവർണറുടെ പരിപാടിയിൽ ഗായകസംഘം ഗാനം ആലപിച്ചെങ്കിലും അതിലെ ‘തെക്കണമും അതിർസിറന്ത ദ്രാവിഡ നൽ തിരുനാടും’ എന്നഭാഗം ഒഴിവായി. ഗവർണർ രവിയുടെ ദ്രാവിഡവിരോധമാണ് ഇതിനുപിന്നിലെന്നാണ് ഡി.എം.കെ.യുടെ ആരോപണം. എന്നാൽ തമിഴ് തായ് വാഴ്ത്തിൽ ഒരു വരി വിട്ടുപോയതിൽ ഗവർണർക്ക് പങ്കില്ലെന്ന് രാജ്ഭവൻ അറിയിച്ചു. ദൂരദർശൻ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകമാത്രമാണ് ഗവർണർ ചെയ്തത്. ഗീതമാലപിച്ച ഗായകസംഘത്തിന് പറ്റിയ പിഴവാണ്. ഉടൻതന്നെ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെന്ന് രാജ്ഭവൻ വ്യക്തമാക്കി.
ഗായകസംഘം ഒരുവരി പാടാൻ വിട്ടുപോയതാണെന്ന് ദൂരദർശൻ കേന്ദ്രവും വ്യക്തമാക്കി. പറ്റിയ അബദ്ധത്തിൽ ചെന്നൈ ദൂരദർശൻ കേന്ദ്രം ഖേദം പ്രകടിപ്പിച്ചു. തമിഴ് ഗീതത്തെ അവഹേളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയിച്ചു.
Content Highlights: MK Stalin vs Governor issue
Published: 19 Oct 2024, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented