ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കഴിഞ്ഞാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും അന്ന് വെളിപ്പെടുത്തിയതിൽ പദ്ധതിപ്പേരിൽനിന്ന് രാഷ്ട്രപിതാവിനെ പാടേ തഴഞ്ഞിരുന്നില്ല. ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ ഗാരന്റി യോജന’ എന്നായിരുന്നു പുറത്ത് പ്രചരിച്ച പേര്. എന്നാൽ, തിങ്കളാഴ്ച ലോക്‌സഭാ അംഗങ്ങൾക്ക് പരിശോധനയ്ക്കായി നൽകിയ ബില്ലിന്റെ പേരിൽനിന്ന് ഗാന്ധിജി തീർത്തും ഒഴിവാക്കപ്പെട്ടു.
പേര് വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ അജീവിക മിഷൻ- ഗ്രാമീൺ എന്നായി. 2005ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം പദ്ധതിയുടെ പേര് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നായിരുന്നു.
2006 മുതൽ പദ്ധതി നടപ്പാക്കിത്തുടങ്ങി. 2008-ൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 2009-ലാണ് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് പദ്ധതിക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പേരിട്ടത്.
നിലവിലവിലെ നിയമത്തിലുള്ള വ്യവസ്ഥകൾ
- തൊഴിൽ ആവശ്യത്തിനനുസരിച്ച് 15 ദിവസത്തിനകം അനുവദിക്കണം
- 100 തൊഴിൽദിനങ്ങൾ തൊഴിലാളികൾക്ക് വർഷത്തിൽ എപ്പോൾ വേണമെങ്കിലും തൊഴിൽ ആവശ്യപ്പെടാം, നിയന്ത്രണമില്ല
- ഗ്രാമസഭകളും ഗ്രാമപ്പഞ്ചായത്തുകളും തൊഴിൽ നിശ്ചയിക്കും
- കേന്ദ്ര, സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത - ഫണ്ടിൽ കേന്ദ്രത്തിന് പ്രാഥമിക ഉത്തരവാദിത്വം. 90 ശതമാനം വിഹിതം കേന്ദ്രം, 10 ശതമാനം സംസ്ഥാനം
- സാങ്കേതികവിദ്യയുടെ ഉപയോഗം - നിർബന്ധിത വ്യവസ്ഥയല്ല, ഭരണപരമായ ഉപയോഗത്തിന് മാത്രം
- സുതാര്യതയും വിശ്വാസ്യതയും - സോഷ്യൽ ഓഡിറ്റിങ്ങിന് ഊന്നൽ
- ഭരണപരമായ വ്യവസ്ഥാലംഘനങ്ങൾ - പരാതിപരിഹാരത്തിനും സോഷ്യൽ ഓഡിറ്റിങ്ങിന്റെ അടിസ്ഥാനത്തിലുള്ള തിരുത്തലിനും ഊന്നൽ
പുതിയ നിയമത്തിലുള്ള വ്യവസ്ഥകൾ
- കേന്ദ്രം നിശ്ചയിക്കുന്ന വിഹിതത്തിനനുസരിച്ചാകും തൊഴിലുറപ്പ്. സംസ്ഥാനങ്ങൾക്കും ബാധ്യത
- 125 തൊഴിൽദിനങ്ങൾ
- കാർഷികസീസണിന്റെ മൂർധന്യഘട്ടം കണക്കിലെടുത്ത് 60 ദിവസംവരെ തൊഴിലുറപ്പിൽ മറ്റ് തൊഴിലനുവദിക്കേണ്ട
- ദേശീയ അടിസ്ഥാനസൗകര്യ താത്‌പര്യങ്ങൾക്കനുസരിച്ച് പിഎം ഗതിശക്തിയുമായി ബന്ധപ്പെടുത്തി വികസിത് ഗ്രാമപ്പഞ്ചായത്തുകൾ തൊഴിൽ നിശ്ചയിക്കും
- കേന്ദ്രം 60 ശതമാനം, സംസ്ഥാനം 40 ശതമാനം. ചെലവ് അധികമായാൽ ആ ബാധ്യതയും സംസ്ഥാനത്തിന്
- ബയോമെട്രിക് ഒതന്റിക്കേഷൻ, ഡാഷ്ബോർഡുകൾ, ജിയോസ്പേഷ്യൽ പ്ലാനിങ് എന്നിവ നിർബന്ധം(ഇത് ഗ്രാമീണജനതയെ അകറ്റിയേക്കും)
- സോഷ്യൽ ഓഡിറ്റിങ് തുടരണം, പക്ഷേ, വിശ്വാസ്യതയുറപ്പാക്കാൻ ഡിജിറ്റൽ സംവിധാനം
- വ്യവസ്ഥാലംഘനത്തിന് 10,000 രൂപവരെ പിഴ
പേരുമാറ്റം തുടർക്കഥ
നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം പേരുമാറ്റി പുതുരൂപത്തിലാക്കിയ കോൺഗ്രസ് സർക്കാർ കാലത്തെ പദ്ധതികളേറെ. 2014 ൽ മോദി സർക്കാർ അധികാരത്തിലേറിയശേഷമുള്ള സ്വച്ഛ്‌ഭാരത്, മൻമോഹൻ സിങ്ങിന്റെ കാലത്തെ നിർമൽ ഭാരത് അഭിയാനായിരുന്നു. ഇങ്ങനെ ഇരുപതിലധികം പദ്ധതികളുടെ പേര്‌മാറ്റി.
- ഇന്ദിരാ ആവാസ് യോജന - പ്രധാനമ ന്ത്രി ഗ്രാമീൺ ആവാസ് യോജന
- രാജീവ് ആവാസ് യോജന (ചേരി നിർമാർജനം)- സർദാർ പട്ടേൽ നാഷണൽ മിഷൻ ഫോർ അർബൻ ഹൗസിങ്
- നാഷണൽ ഇ ഗവേണൻസ് പ്ലാൻ- ഡി ജിറ്റൽ ഇന്ത്യ
- നാഷണൽ മാനുഫാക്‌ചറിങ് പോളിസി- മെയ്ക്ക് ഇൻ ഇന്ത്യ (ആത്മനിർഭർ ഭാരത്)
Content Highlights: Mahatma Gandhi National Rural Employment Guarantee Scheme (MGNREGA) is being renamed. new name, updated provisions, and key changes in this comprehensive overview.
Published: 16 Dec 2025, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented