ജയ്പൂര്‍: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേരെയുള്ള നിലപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കേണ്ടി വരുമെന്ന് മാലിക് പറഞ്ഞു. പുതിയ പാര്‍ലമെന്റ് നിര്‍മാണത്തേയും അദ്ദേഹം വിമര്‍ശിച്ചു, ലോകാത്തരമായ കോളേജുകള്‍ പണിയുകയായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പകരം കേന്ദ്രം ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തേജ ഫൗണ്ടേഷന് സംഘടിപ്പിച്ച ജാട്ട് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മേഘാലയ ഗവര്‍ണര്‍.
600ല്‍ അധികം ആളുകള്‍ രക്തസാക്ഷികളായ ഒരു വലിയ പ്രക്ഷോഭം രാജ്യം ഇതിന് മുന്‍പ് കണ്ടിട്ടില്ല. ഒരു മൃഗം മരിച്ച് വീണാല്‍ പോലും അനുശോചനക്കുറിപ്പ് ഇറക്കുന്ന നേതാക്കള്‍ ഇത്രയും കര്‍ഷകര്‍ മരിച്ച് വീണിട്ടും മിണ്ടാന്‍ കൂട്ടാക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. പാര്‍ലമെന്റിനുള്ളിലുള്ള കര്‍ഷകനേതാക്കള്‍ പോലും ഇതിന് തയ്യാറാകാത്തത് മോശമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കര്‍ഷകരുടെ പ്രക്ഷോഭത്തോടുള്ള കേന്ദ്ര നയത്തില്‍ താന്‍ ക്ഷുഭിതനാണെന്നും പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങളെ തെറ്റായി മനസ്സിലാക്കിയിരിക്കുകയാണ് നിങ്ങള്‍. ഈ സിഖ്, ജാട്ട് സമൂഹം അങ്ങനെ സമരത്തില്‍ നിന്ന് പിന്തിരിയുമെന്നും വെറുംകയ്യോടെ മടങ്ങുമെന്നും നിങ്ങള്‍ തെറ്റിദ്ധരിക്കരുതെന്നും പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും ഗവര്‍ണര്‍ അറിയിച്ചു. കര്‍ഷകര്‍ക്കെതിരെ രണ്ട് കാര്യങ്ങള്‍ ചെയ്യരുതെന്ന് പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. അവര്‍ക്കെതിരെ സേനയെ ഉപയോഗിക്കരുത്, അവരെ വെറുംകയ്യോടെ മടക്കി അയക്കരുത്. അവര്‍ ഒന്നും മറക്കുന്ന കൂട്ടത്തിലല്ല. നൂറ് വര്‍ഷം കഴിഞ്ഞാലും അവര്‍ ഒന്നും മറക്കില്ല. പ്രധാനമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തില്‍ ഇക്കാര്യം അറിയിച്ചുവെന്നും ഗവര്‍ണര്‍ പറയുന്നു.
സിഖ് സമൂഹത്തോട് ചെയ്ത കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് എന്താണ് സംഭവിച്ചതെന്നും മാലിക് ഓര്‍മ്മിപ്പിച്ചു. ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ നടപ്പിലാക്കിയതിന് പകരമായി ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന് നഷ്ടമായ കാര്യമാണ് മാലിക് ഓര്‍മ്മിപ്പിച്ചത്. കര്‍ഷകരോട് സംസാരിക്കാന്‍ തയ്യാറാകണം, കേന്ദ്ര നിലപാടാണ് ശരിയെന്ന് അവരെ ബോധിപ്പിക്കണം എന്നിരുന്നാലും കര്‍ഷകരുടെ വേദന കാണാന്‍ കഴിയാത്തത് കൊണ്ട് പിന്മാറുന്നു എന്ന് പറയണം. ഇത് നിങ്ങളെ വലിയവനാക്കുകയേയുള്ളൂ എന്നും പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞ മറുപടി എന്താണെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാലിക് പറഞ്ഞു.
Content Highlights: meghalaya governor satya pal malik against centre
Published: 08 Nov 2021, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented