ഭോപ്പാല്‍: സ്വകാര്യ സ്‌കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നതു സംബന്ധിച്ച പരാതിയുമായെത്തിയ രക്ഷിതാക്കളോട് അപമര്യാദയായി സംസാരിച്ച മന്ത്രിക്കെതിരെ മധ്യപ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നു. സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിങ് പര്‍മാറിനെതിരെയാണ് വ്യാപക പ്രതിഷേധം. പര്‍മാര്‍ രാജി വെക്കണമെന്നും രാജി വെക്കാന്‍ തയ്യാറാകാത്ത പക്ഷം മന്ത്രിസഭയില്‍ നിന്ന് പര്‍മാറിനെ പുറത്താക്കണമെന്നും രക്ഷിതാക്കളും പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ അമിതമായ ഫീസ് ഈടാക്കുന്നതായി നേരിട്ടു കണ്ട് പരാതിപ്പെടാന്‍ പര്‍മാറിന്റെ വസതിയിലെത്തിയ മധ്യപ്രദേശ് പാലക് മാഹാസംഘ് എന്ന സംഘടനയിലെ നൂറോളം രക്ഷിതാക്കളോടായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. പോയി ചത്തൂടേ എന്നായിരുന്നു രക്ഷിതാക്കളോട് പര്‍മാറിന്റെ പ്രതികരണം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അമിതഫീസ് നല്‍കാനാവില്ലെന്ന രക്ഷിതാക്കളുടെ പരാതി പരിഗണിച്ച് ട്യൂഷന്‍ ഫീസ് മാത്രം ഈടാക്കാന്‍ ഹൈക്കോടതി സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, കോടതി ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ ഉയര്‍ന്ന് ഫീസ് ഈടാക്കുന്നത് തുടര്‍ന്നതിനാലാണ് വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടാന്‍ രക്ഷിതാക്കളെത്തിയത്. വിഷയത്തില്‍ മന്ത്രി ഇടപെടണമെന്നും ഫീസ് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍, 'പോയ് ചാകൂ, നിങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യൂ' എന്നായിരുന്നു പര്‍മാറിന്റെ രോഷത്തോടെയുള്ള പ്രതികരണം.
രക്ഷിതാക്കളോട് മന്ത്രി മാപ്പ് പറയണമെന്നും പരാതി പരിഗണിക്കാന്‍ തയ്യാറാവാത്ത പക്ഷം പര്‍മാര്‍ രാജി വെക്കണമെന്നും പാലക് മാഹാസംഘ് പ്രസിഡന്റ് കമല്‍ വിശ്വകര്‍മ ആവശ്യപ്പെട്ടു. 'നാണം കെട്ട' മനുഷ്യനാണ് പര്‍മാറെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പ്രതികരിച്ചു. ആശ്വാസകരമായ നടപടി തേടിയാണ് മന്ത്രിയുടെ സമീപത്തെത്തിയതെന്നും എന്നാല്‍ നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിലൂടെ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് തെളിയിച്ച പര്‍മാറിനെ പുറത്താക്കണമെന്നും സലൂജ കൂട്ടിച്ചേര്‍ത്തു.
Content Highlights: ''Maro Jao'' Madhya Pradesh Minister's Shocking Comment To Parents, Inder Singh Parmar
Published: 30 Jun 2021, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented