ന്യൂഡൽഹി: ഹൽദ്വാനിയിൽ താൻ പങ്കെടുത്ത വേദി ശുദ്ധീകരിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് പാർട്ടിയിലെ എല്ലാവരുടെയും പിന്തുണ ലഭിച്ചില്ലെന്ന് എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞദിവസം നടന്ന കോൺഗ്രസ് പ്രവർത്തക സമിതി (സി.ഡബ്ല്യു.സി) യോഗത്തിലാണ് ഖാർഗെ ഇക്കാര്യം പറഞ്ഞ് വികാരധീനനായത്.

To advertise here,

ഈ സംഭവത്തിൽ പാർട്ടിയിൽനിന്ന് ആവശ്യത്തിന് പിന്തുണ ലഭിക്കാത്തത് തന്നെ ഏറെ വേദനിപ്പിച്ചതായും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ഒരു ചടങ്ങ് നടന്ന വേദി പിന്നീട് ശുദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

സംഭവം പാർലമെന്റിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും  തുടർന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഇതിനെ തള്ളിപ്പറയുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ, ഈ വിഷയത്തിൽ സ്വന്തം പാർട്ടിയിലെ മുഴുവൻ അംഗങ്ങളും തനിക്കൊപ്പം നിന്നില്ലെന്ന് ഖാർഗെ ആരോപിച്ചു.

മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്ന കോൺഗ്രസിലെ ചില 'സുമുഖരായ' നേതാക്കൾ ഈ സംഭവത്തെ തള്ളിപ്പറയുവാൻ തയ്യാറായില്ലെന്ന് ഖാർഗെ യോഗത്തിൽ ആരോപിച്ചു. എല്ലാ വിഷയങ്ങളിലും പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് അനുസരിച്ചല്ല ചില നേതാക്കൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യോഗത്തിൽ സംസാരിക്കുമ്പോൾ ഖാർഗെ അതീവ അസ്വസ്ഥനായി കാണപ്പെട്ടിരുന്നുവെന്ന് ചില പ്രവർത്തക സമിതി അംഗങ്ങൾ വെളിപ്പെടുത്തി. അതേസമയം, ഖാർഗെയുടെ വേദന പങ്കുവെക്കലിന് പിന്നാലെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വിഷയത്തിൽ ഇടപെട്ടു.

ഹൽദ്വാനിയിലെ സംഭവത്തെ കോൺഗ്രസ് പാർട്ടി ശക്തമായി അപലപിച്ചിട്ടുണ്ടെന്നും വിഷയം പാർട്ടി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ യോഗത്തിൽ വിശദീകരിച്ചു. അതേസമയം, പാർട്ടിയുടെ ഏറ്റവും ഉയർന്ന വേദിയായ പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ തന്റെ മനോവേദന പരസ്യമാക്കിയത് കോൺഗ്രസിനുള്ളിലെ ഭിന്നതകളാണ് വ്യക്തമാക്കുന്നത്.