ഭോപാല്‍:  ഭാര്യയെ മര്‍ദിക്കുകയും അതിന് ശേഷം ഒരു കൂസലുമില്ലാതെ  കുടുംബവഴക്കിന്റെ ഭാഗമെന്ന് പറഞ്ഞ് ന്യായീകരിക്കുകയും ചെയ്ത ഡിജിപിക്ക് ഒടുവില്‍ സ്ഥാനചലനം. മധ്യപ്രദേശ് ഡിജിപി(പ്രോസിക്യൂഷന്‍) പുരുഷോത്തം ശര്‍മയെയാണ് സ്ഥലംമാറ്റിയത്‌.

മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ്‌ വീഡിയോയില്‍ കണ്ടത് കുടുംബ തര്‍ക്കത്തിന്റെ ഭാഗമായി സംഭവിച്ചുപോയതാണെന്നും അതൊരു കുറ്റമല്ലെന്നും പുരുഷോത്തം ശര്‍മ ന്യായീകരിക്കാന്‍ ശ്രമിച്ചത്‌.

സ്ഥിരം വഴക്കുകൂടുന്ന സ്വഭാവമായിരുന്നു തന്റേതെങ്കില്‍ ഭാര്യ മുമ്പെതന്നെ പരാതിപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്രമകാരിയായ വ്യക്തിയല്ല, ക്രിമിനലുമല്ല ഈയൊരു സാഹചര്യത്തെ മറികടക്കാന്‍ കഴിയാതെ പോയത് ദൗര്‍ഭാഗ്യകരമായി പോയി. വീട്ടില്‍ ക്യാമറ വെച്ചിട്ട് ഭാര്യ തന്നെ ശല്യപ്പെടുത്തുകയായിരുന്നുവെന്നും പുരുഷോത്തം ശര്‍മ അവകാശപ്പെടുന്നു. 

32 വര്‍ഷമായുള്ള ദാമ്പത്യ ജീവിതത്തിനിടെ 2008ല്‍ മാത്രമാണ് ഭാര്യ ഒരു പരാതി ഉന്നയിച്ചിരുന്നത്. എന്നാല്‍ അതിനു ശേഷവും അവര്‍ തന്നോടൊപ്പം താമസിക്കുകയും തന്റെ ചെലവില്‍ സഞ്ചരിക്കുകയും സുഖ സൗകര്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നത് തുടര്‍ന്നിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. 

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇയാളെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ദേശീയ വനിതാ കമ്മീഷനും ഇയാള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വീഡിയോ അടക്കം പുറത്തുവന്നിട്ടും ഇയാള്‍ക്കെതിരെ കര്‍ശന നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നത് വിമര്‍ശനം ശക്തമാണ്‌. 

Content Highlights: Madhya Pradesh Cop Justifies Beating Wife On Video, Not Arrested