
ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ- ജപ്പാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലാണ് തീരുമാനമെടുത്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു. നിർമ്മിത ബുദ്ധി (AI), പ്രതിരോധം, ഊർജ്ജം, സാമ്പത്തിക സുരക്ഷ എന്നിവയിൽ കൂടുതൽ സഹകരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനെയ് തകൈച്ചിയുടെ കന്നി ഇന്ത്യൻ സന്ദർശനമാണിതെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.
സാങ്കേതികവിദ്യയിലൂന്നിയുള്ള പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും ശക്തമായ അടിസ്ഥാനമായി മാറുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നിർമ്മിത ബുദ്ധി മേഖലയിൽ വിവിധ ഇന്ത്യൻ, ജാപ്പനീസ് സ്ഥാപനങ്ങൾ തമ്മിൽ കരാറുകളിൽ ഒപ്പിടുകയും ചെയ്തു. ഇതിന് പുറമെ പ്രതിരോധ രംഗത്തും സുപ്രധാനമായ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. സംയുക്ത പ്രതിരോധ വികസന പദ്ധതിയായ 'യൂണിക്കോൺ' നേവൽ റേഡിയോ ആന്റിന (Unicorn - Naval Radio Antenna) സംബന്ധിച്ച കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ഇത് സമുദ്ര സുരക്ഷയ്ക്കും പ്രതിരോധ സാങ്കേതിക വിദ്യയ്ക്കും കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു. യുദ്ധക്കപ്പലുകളിൽ ഉപയോഗിക്കുന്ന അത്യാധുനിക ആന്റിന സിസ്റ്റം ആണ് യൂണിക്കോൺ. ജപ്പാൻ മറ്റൊരു രാജ്യത്തിന് കൈമാറുന്ന ആദ്യത്തെ തന്ത്രപ്രധാന സൈനിക സാങ്കേതികവിദ്യകളിൽ ഒന്നാണിത്. ഇന്ത്യയുടെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) ജാപ്പനീസ് കമ്പനികളും ചേർന്നാണ് ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്കായി ഇത് ഇന്ത്യയിൽ നിർമ്മിക്കുന്നത്.
സാധാരണ യുദ്ധക്കപ്പലുകളുടെ മുകളിൽ പല തരത്തിലുള്ള ആശയവിനിമയ ആന്റിനകൾ പ്രത്യേകം പ്രത്യേകമായി സ്ഥാപിക്കാറുണ്ട്. എന്നാൽ 'യുണികോൺ' സാങ്കേതികവിദ്യയിൽ, ഈ വ്യത്യസ്ത ആന്റിനകളെല്ലാം ഒരുമിച്ച് ഒരു കോണാകൃതിയിലുള്ള പുകക്കുഴലിന് സമാനമായ ഘടനയ്ക്കുള്ളിൽ (Radome) ഒതുക്കുന്നു.
കപ്പലിൻ്റെ ഡെക്കിൽ നിരവധി ആന്റിനകൾ പരന്നു കിടക്കുന്നത് ശത്രുക്കളുടെ റഡാറുകളിൽ കപ്പൽ എളുപ്പത്തിൽ പെട്ടുപോകാൻ (Radar Cross-Section വർദ്ധിക്കാൻ) കാരണമാകും. ആന്റിനകളെല്ലാം ഒരൊറ്റ ഘടനയ്ക്കുള്ളിലാക്കുന്നതിലൂടെ കപ്പലുകളുടെ സ്റ്റെൽത്ത് ശേഷി (റഡാറുകളുടെ കണ്ണിൽ പെടാതെ മറഞ്ഞിരിക്കാനുള്ള ശേഷി) ഗണ്യമായി വർദ്ധിക്കുന്നു. ഒരൊറ്റ മാസ്റ്റിലേക്ക് മാറ്റുന്നതിലൂടെ റേഡിയോ തരംഗങ്ങളുടെ തടസ്സങ്ങൾ ഒഴിവാക്കാനും, കൂടുതൽ വേഗതയേറിയതും സുരക്ഷിതവുമായ കമ്മ്യൂണിക്കേഷൻ സാധ്യമാക്കാനും ഇതിന് സാധിക്കും.
ഇന്ത്യയിലുടനീളം 1,000 ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഇന്ത്യ-ജപ്പാൻ ബയോഗ്യാസ് ഇനിഷ്യേറ്റീവ് ആണ് മറ്റൊരു സുപ്രധാന തീരുമാനം. ഗ്രാമീണ ഉപജീവനത്തിനും ഇന്ത്യയുടെ ഹരിത ഊർജ്ജ ലക്ഷ്യങ്ങൾക്കും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലേക്ക് 10 ട്രില്യൺ യെന്നിന്റെ ( ഏകദേശം 5.91 ലക്ഷം കോടി ഇന്ത്യൻ രൂപ) ജാപ്പനീസ് നിക്ഷേപം ആകർഷിക്കാനും അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
സ്വതന്ത്രവും സമൃദ്ധവും നിയമസാധുതയുള്ളതുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുന്നതിന് ജപ്പാനും ഇന്ത്യയും മുൻഗണന നൽകുന്നു. സെമികണ്ടക്ടറുകൾ, നിർണ്ണായക ധാതുക്കൾ, ക്വാണ്ടം സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും ഉച്ചകോടിയിൽ തീരുമാനമായി. അടിസ്ഥാന സൗകര്യ വികസനത്തിൽ നിന്ന് ആധുനിക സാങ്കേതികവിദ്യയിലേക്കും ആഗോള തന്ത്രപ്രധാന മേഖലകളിലേക്കും ഇന്ത്യ-ജപ്പാൻ ബന്ധം വളരുന്നതിന്റെ സൂചനയാണ് ഉച്ചകോടിയിലെ തീരുമാനങ്ങൾ.
Content Highlights: 16th India-Japan Annual Summit focused on AI, defense, and energy., Agreement on the 'Unicorn' Naval Radio Antenna for stealth capabilities., Initiative to build 1,000 biogas plants across India., Target of 10 trillion Yen Japanese investment in India., Strategic cooperation in semiconductors, quantum tech, and critical minerals.
Published: 02 Jul 2026, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented