
Supreme Court | Photo - PTI
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മണിപ്പൂരി സാമൂഹ്യ പ്രവർത്തകൻ ലിച്ചോമ്പം എറെൻഡ്രോയെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. ഇന്നു വൈകീട്ട് അഞ്ചു മണിക്കുള്ളിൽ മോചിപ്പിക്കാനാണ് കോടതിയുടെ കർശന നിർദേശം. ഗോമൂത്രവും ചാണകവും കൊറോണയ്ക്കുള്ള ചികിത്സയല്ല എന്ന് കുറിച്ച് ബിജെപി നേതാക്കളെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനാണ് എറെൻഡ്രോയ്ക്കെതിരേ ദേശീയ സുരക്ഷാ നിമയപ്രകാരം കേസെടുത്തത്.
എറെൻഡ്രോയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അച്ഛൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും എറെൻഡ്രോയെ ഉടൻ മോചിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ആർട്ടിക്കിൾ 21 പ്രകാരം ലിച്ചോമ്പം തടവിൽ തുടരുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ മേയിലാണ് 37 കാരനായ എറെൻഡ്രോയെ ദേശീയ സുരക്ഷാ നിയമപ്രകാരം മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. മണിപ്പൂർ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന സൈഖോം ടിക്കേന്ദ്ര കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ഗോമൂത്രവും ചാണവും കൊറോണയ്ക്കുള്ള ചികിത്സയല്ലെന്ന് ലിച്ചോമ്പം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മണിപ്പൂർ ബിജെപി സംസ്ഥാന നേതാക്കളുടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരുന്നത്.
രാജ്യസഭാ എംപി സനജോബ ലീഷെംബയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും അപമാനിക്കുന്ന തരത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ 2020ലും ലിച്ചോബയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പിന്നീട് ജാമ്യം ലഭിച്ചു.
content highlights:'Free Him By 5 PM': Supreme Court On Activist Held Over Facebook Post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..