ന്യൂഡൽ​ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍നിന്ന് അടിയന്തരമായി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര സർക്കാരിന് കത്തെഴുതിയ സംഭവത്തിൽ വിശദീകരണവുമായി ചന്ദ്രചൂഡ്. മക്കളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ചില വ്യക്തിപരമായ കാരണങ്ങളാലാണ് വസതിയൊഴിയാത്തതെന്ന് അദ്ദേഹം കേന്ദ്രത്തിന് നൽകിയ വിശദീകരണത്തിൽ പറയുന്നു.

To advertise here,

തന്‍റെ പെൺമക്കൾക്ക് ജീനുകളുമായി ബന്ധപ്പെട്ട രോഗത്തിന് ചികിത്സ തേടുന്ന സാഹചര്യത്തിലാണ് വസതി ഒഴിയാൻ വൈകുന്നതെന്ന് ചന്ദ്രചൂഡിന്‍റെ വിശദീകരണത്തിൽ പറയുന്നു. നെമലൈൻ മയോപതി എന്ന രോഗാവസ്ഥയ്ക്ക് അവർ എയിംസിൽ വിദഗ്ധ ചികിത്സയിലാണ്. ചികിത്സാസൗകര്യം പരി​ഗണിച്ച് കുടുംബത്തിന് അനുയോജ്യവുമായ വീടൊരുക്കുന്നതിനുള്ള സമയം ആവശ്യമായതിനാലാണ് വസതി ഒഴിയാൻ വൈകിയത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവിടെനിന്ന് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാരുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചിരുന്നതായും തന്റെ ഉത്തരവാദിത്തങ്ങളേക്കുറിച്ച് ബോധ്യമുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു.

2022 നവംബര്‍ മുതല്‍ 2024 നവംബര്‍ വരെ ചീഫ് ജസ്റ്റിസായിരുന്ന ഡിവൈ ചന്ദ്രചൂഡ്, പദവി ഒഴിഞ്ഞതിന് ശേഷം ഏകദേശം എട്ട് മാസത്തോളമായി ഇപ്പോഴും ഈ ബംഗ്ലാവ് കൈവശം വെച്ചിരിക്കുകയാണ്. 2024-ല്‍ വിരമിച്ചശേഷം പിന്നീട് ചീഫ് ജസ്റ്റിസായി എത്തിയ ജസ്റ്റിസ് ഖന്നയോട് 2025 ഏപ്രില്‍ 30 വരെ കൃഷ്ണമേനോന്‍ മാര്‍ഗില്‍ താമസം തുടരാന്‍ ഡി.വൈ.ചന്ദ്രചൂഡ് അനുമതി തേടിയിരുന്നു.

പുതിയ താമസസ്ഥലത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടതിനാലാണ് ഇവിടെ തന്നെ തുടരാന്‍ ചന്ദ്രചൂഡ് അനുമതി തേടിയത്. ചീഫ് ജസ്റ്റിസായിരുന്ന ഖന്ന അനുമതി നൽകിയതിനെ തുടര്‍ന്ന് കേന്ദ്ര ഭവന മന്ത്രാലയം ഇതിന് അംഗീകാരവും നല്‍കിയിരുന്നു. പിന്നീട് മേയ് 31 വരെ തുടരാന്‍ ഡി.വൈ.ചന്ദ്രചൂഡ് വാക്കാൽ അഭ്യര്‍ഥിച്ചെന്നും സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്റെ കത്തില്‍ പറയുന്നു. അതും  വ്യവസ്ഥയോടെ അനുവദിച്ചിരുന്നു. 

എന്നാല്‍, ഇടക്കാലത്ത് സ്ഥാനക്കയറ്റം ലഭിച്ച മറ്റ് ജഡ്ജിമാര്‍ ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുകയും ബംഗ്ലാവ് അനുവദിക്കുന്നതിനായി കാത്തിരിക്കുകയും ചെയ്യുന്നതിനാല്‍ ഇനി കൂടുതല്‍ കാലാവധി നീട്ടിനല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാവ് ഒഴിപ്പിക്കാന്‍ സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.