ന്യൂഡല്‍ഹി: സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചതിനു പിന്നാലെ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ പ്രൈവറ്റ് സെക്രട്ടറി വി.കെ. പാണ്ഡ്യന് ക്യാബിനറ്റ് പദവിയോടെ നിയമനം. 2011-മുതല്‍ നവീന്‍ പട്‌നായികിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വന്ന വി.കെ. പാണ്ഡ്യന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വിരമിച്ചത്. പിന്നാലെ പാണ്ഡ്യനെ ക്യാബിനറ്റ് പദവിയോടെ ഒഡിഷ ട്രാന്‍സ്ഫമേഷണല്‍ ഇനിഷ്യേറ്റിവ്‌സ്(5ടി), നബീന്‍ ഒഡിഷ എന്നിവയുടെ ചെയര്‍മാനായി നിയമിച്ചതായി ചൊവ്വാഴ്ച ഉത്തരവിറങ്ങി. 

To advertise here,

പാണ്ഡ്യന്‍ ഭരണകക്ഷിയായ ബി.ജെ.ഡി.(ബിജു ജനതാദള്‍)യില്‍ ചേരുമെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

തമിഴ്‌നാട് സ്വദേശിയായ വി.കെ. പാണ്ഡ്യന്‍ 2000 ഐ.എ.എസ്. ബാച്ചിലെ ഒഡിഷ കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു. കാളഹന്ദിയിലെ ധര്‍മഗഢ് സബ്കളക്ടറായാണ് ആദ്യനിയമനം. പിന്നീട് 2011-ല്‍ നവീന്‍ പട്‌നായികിന്റെ പ്രൈവറ്റ് സെക്രട്ടറിയായി. 2019-ല്‍ പട്‌നായിക് അഞ്ചാം തവണയും മുഖ്യമന്ത്രിയായപ്പോള്‍ 5ടിയുടെ സെക്രട്ടറി സ്ഥാനം പാണ്ഡ്യനു നല്‍കി. സെക്രട്ടറി സ്ഥാനം പ്രയോജനപ്പെടുത്തി ഭൂരിഭാഗം  സര്‍ക്കാര്‍ പദ്ധതികളിലും പാണ്ഡ്യന്‍ ഇടപ്പെട്ടു. പല പ്രധാന പദ്ധതികളിലും ഇടനിലക്കാരന്റെ വേഷത്തിലും പാണ്ഡ്യന്‍ പ്രവര്‍ത്തിച്ചു.

സ്‌കൂളുകളുടെ പരിഷ്‌കരണം, ക്ഷേത്ര നവീകരണം, ഒഡീഷയെ സ്‌പോര്‍ട്‌സ് ഹബ്ബാക്കാനുള്ള പ്രര്‍ത്തനങ്ങള്‍, വന്‍കിട പദ്ധതികള്‍ക്കായി സര്‍ക്കാരിന്റെ സഹകരണം എന്നീ ശ്രമങ്ങളുടെയെല്ലാം ആണിക്കല്ലായി പ്രവര്‍ത്തിച്ച പാണ്ഡ്യന്‍ ബിജെഡിയിലും സര്‍ക്കാരിലും വിശ്വാസം നേടി. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായും മാറി. പിന്‍ഗാമിയായി നവീന്‍ പട്‌നായിക് വി.കെ പാണ്ഡ്യനെ പരിഗണിക്കാന്‍ ഇത് തന്നെ പ്രധാന കാരണം. എന്നാല്‍ തമിഴ്‌നാട്ടില്‍ ജനിച്ച വി.കെ പാണ്ഡ്യനെ പ്രാദേശിക വാദം നന്നായുയര്‍ത്തുന്ന ഒഡീഷക്കാര്‍ എങ്ങനെ സ്വീകരിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

പട്‌നായിക്കല്ല പാണ്ഡ്യനാണ് ഭരണം നടത്തുന്നുതെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പരക്കെയുള്ള ആക്ഷേപം. പാണ്ഡ്യന്‍ തന്റെ പദവി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതായും വിമര്‍ശനങ്ങളുയര്‍ന്നു. 

ഏറെ ചൂടുപിടിച്ച വിവാദമായിരുന്നു സംസ്ഥാനത്തെ 30 ജില്ലകളില്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പാണ്ഡ്യന്‍ നടത്തിയ സന്ദര്‍ശനം. ബി.ജെ.ഡി.യുടെ രാഷ്ട്രീയ പ്രചരണത്തിനായി പാണ്ഡ്യന്‍ നടത്തിയ റാലികളാണിതെന്നായിരുന്നു പ്രതിപക്ഷം കുറ്റപ്പെടുത്തിയത്. സര്‍വീസ് നിബന്ധനകള്‍ ലംഘിച്ച പാണ്ഡ്യനെതിരെ നടപടികള്‍ വേണമെന്നാവശ്യവുമായി ബി.ജെ.പി.യുള്‍പ്പടെയുള്ള കക്ഷികള്‍ രംഗത്തെത്തി. താമസിയാതെ പാണ്ഡ്യന്റെ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നും പ്രതിപക്ഷം ആരോപിച്ചു.