
ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി അണുബോംബ് പ്രയോഗിച്ചതുപോലെയാണ് വിവാദ ബില്ലുമായി മോദിസർക്കാർ ലോക്‌സഭയിലെത്തിയത്. ജനാധിപത്യവിരുദ്ധമെന്ന് വിമർശിച്ച് പ്രതിപക്ഷം ചെറുക്കാൻ ശ്രമിച്ചെങ്കിലും അമിത് ഷാ ആയുധംതൊടുത്തു. ഇരുതലമൂർച്ചയുള്ള ഈ ആയുധത്തിന്റെ പ്രധാനലക്ഷ്യം പ്രതിപക്ഷവേട്ടയാണ്. രണ്ടാമത്തെ ലക്ഷ്യം വോട്ടുവിവാദ ആരോപണങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കലും. പാർലമെന്റിന്റെ മഴക്കാല സമ്മേളനം അവസാനിക്കാൻ ഒരുദിവസംമാത്രം ബാക്കിനിൽക്കെ നാടകീയമായ നീക്കമാണ് കേന്ദ്രസർക്കാർ നടത്തിയത്. ജമ്മു-കശ്മീർ പുനഃസംഘടനാ ബില്ലും ഭാരതീയ ന്യായ സംഹിതയ്ക്കായുള്ള ഭേദഗതി ബില്ലും കൊണ്ടുവന്നതിന് സമാനമായി അവിചാരിതമായ കരുനീക്കമായിരുന്നു പുതിയ വിവാദ ബില്ലിന് പിന്നിലും.
മറ്റുരണ്ട് മുൻ ബില്ലുകളും അവതരണവേളയിലാണ് പ്രതിപക്ഷം അറിഞ്ഞതെങ്കിൽ, ഇക്കുറി തലേന്നുരാത്രി വൈകി സപ്ലിമെന്ററി പട്ടികയിൽ ഉൾപ്പെടുത്തി പുറംലോകത്തെ അറിയിച്ചാണ് കൊണ്ടുവന്നതെന്ന വ്യത്യാസമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഈ മൂന്നുബില്ലും അവതരിപ്പിച്ചത്. എൻഡിഎ സർക്കാരിന്റെ ആദ്യബില്ലുകളൊക്കെ ബിജെപിയുടെ പ്രത്യക്ഷ രാഷ്ട്രീയനിലപാടുകളുടെയും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെയും പകർപ്പുകളായിരുന്നതിനാൽ വലിയ അതിശയത്തിന് ഇടമില്ല. ചൊവ്വാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ച 130-ാമത് ഭരണഘടനാഭേദഗതി ബിൽ അങ്ങനെയല്ല. ‘രാജ്യത്തെ ജനാധിപത്യം ഈ ഭേദഗതിയോടെ അവസാനിക്കു’മെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിമർശനം ബില്ലിന്റെ ഉള്ളടക്കം വെളിവാക്കുന്നു.
ദുരുപയോഗസാധ്യത ഏറെ
കടമ്പകൾ ഏറെയുണ്ടെങ്കിലും ഇത് നിയമമായാൽ വലിയ ദുരുപയോഗത്തിന് കാരണമായേക്കും. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന ആക്ഷേപം ശക്തമായി ഉയരുന്നതിനിടെ, അതിനായി പുതിയ ഒരായുധംകൂടി പുറത്തിറക്കിയെന്ന തോന്നലാണ് പ്രതിപക്ഷക്യാമ്പിലുള്ളത്.
ബില്ലിന്റെ പരിധിയിൽ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ന്യായീകരണം ഭരണപക്ഷം ഉയർത്തുന്നുണ്ടെങ്കിലും ഇവരെ ആരെയും കോടതി നിർദേശമോ സർക്കാരിന്റെ അനുമതിയോ ഇല്ലാതെ അന്വേഷണ ഏജൻസികൾക്ക് തൊടാനാകില്ല. ഈ ഏജൻസികളിൽനിന്ന് സംസ്ഥാന മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും സംരക്ഷണം കിട്ടുന്നുമില്ല.
പെട്ടെന്നുള്ള കാരണങ്ങൾ
കേസിൽ കുടുങ്ങിയിട്ടും വിവിധ സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ പ്രതിപക്ഷനിരയ്ക്ക് ഊർജംപകരുന്നത് ബിജെപിയെ അലോസരപ്പെടുത്തുന്നു. ഡൽഹിയിൽ അരവിന്ദ് കെജ്‍രിവാൾ മദ്യനയക്കേസിൽ ജയിലിലായിട്ടും മുഖ്യമന്ത്രിക്കസേര കൈവിട്ടില്ല. ജയിലിൽ കിടന്ന് ഭരിച്ചും രാഷ്ട്രീയംപറഞ്ഞും കെജ്‍രിവാൾ പാർട്ടിയെയും സർക്കാരിനെയും നയിച്ചു. തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്റ്റാലിൻ അദ്ദേഹത്തെ മന്ത്രിപദത്തിൽനിന്ന് നീക്കാത്തത് ഗവർണറുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. ഭൂമികുംഭകോണക്കേസിൽ ഇഡി അറസ്റ്റുചെയ്യുന്നതിന് ഒരുദിവസംമുൻപാണ് ഝാർഖണ്ഡ് മുഖ്യമന്ത്രി ഷിബുസോറൻ രാജിവെച്ചത്.
വിവാദബിൽ അവതരിപ്പിച്ച അമിത് ഷാ 2010-ൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽക്കേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജയിലിലായി. അതിനുമുമ്പ് ഷാ രാജിെവച്ചു എന്നത് വിമർശനങ്ങൾക്ക് ബിജെപിയുടെ തടയാണ്.
ആരോപണങ്ങൾക്ക് പരിച
വോട്ടുകവർച്ച ആരോപണമുയർത്തി രാഹുൽ ഗാന്ധിയും ഇന്ത്യസഖ്യവും നടത്തുന്ന പ്രചാരണങ്ങൾക്കുള്ള പരിചകൂടിയാണ് ബിജെപിക്ക് ഈ വിവാദ ബിൽ. രാഹുലിന്റെ റാലി, പ്രതിപക്ഷനിരയിലെ ഐക്യം തുടങ്ങിയ ഘടകങ്ങളെ പുകമറയിലാക്കാൻ ബില്ലിലൂെട കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
കടുത്ത എതിർപ്പുമായി പ്രതിപക്ഷം
വിവാദ ബിൽ പ്രതിപക്ഷപാർട്ടികളെ ലക്ഷ്യമിട്ടുള്ളതാണെന്നും ഇത് ജനാധിപത്യത്തിനും ഫെഡറലിസത്തിനുമുള്ള മരണമണിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ‘‘ഇത് ക്രൂരതയാണ്. അഴിമതിവിരുദ്ധ നീക്കമായി കാണിക്കുന്നത് ജനങ്ങളുടെ കണ്ണുമൂടാനാണ്. നാളെ നിങ്ങൾക്കെതിരേ ഏതു കേസും ചുമത്താം. ശിക്ഷിക്കാതെ 30 ദിവസം ജയിലിലിടാം. അപ്പോഴേക്ക് നിങ്ങൾ മുഖ്യമന്ത്രിയല്ലാതാകും’’ -കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാകാത്ത പ്രതിപക്ഷ മുഖ്യമന്ത്രിമാരെ നീക്കംചെയ്യാനാണ് ഈ നിയമം കൊണ്ടുവന്നതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഘ്‌വി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിനെതിരായ ഹിറ്റ്‌ലർ മാതൃകാ ആക്രമണമാണിതെന്നും അത് സൂപ്പർ അടിയന്തരാവസ്ഥയെക്കാൾ വലുതാണെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ഇത് നവ-ഫാസിസ്റ്റ് സ്വഭാവത്തെ തുറന്നുകാട്ടുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്താനും ഫെഡറൽ ഘടനയെ ദുർബലപ്പെടുത്താനുമാണ് ബിൽ രൂപകല്പനചെയ്തതെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ് പറഞ്ഞു. പ്രതികാരരാഷ്ട്രീയത്തിന്റെ കവാടം തുറക്കാനുള്ള ആയുധമാണ് ബില്ലുകളെന്ന് സിപിഐ എംപി പി. സന്തോഷ് കുമാർ പറഞ്ഞു. പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യുമെന്നായിരുന്നു അസദുദ്ദീൻ ഒവൈസിയുടെ ചോദ്യം.
Content Highlights: New Bill Raises Questions About Checks and Balances: Opposition Fears Misuse by Central Agencies
Published: 21 Aug 2025, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented