
ന്യൂഡൽഹി: നിയമാനുസൃതമായി പ്രതിഷേധ സ്ഥലമല്ലാതായി തുടരുന്നിടത്തോളം കാലം ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് ആഹ്വാനം നൽകില്ലെന്നും ക്രമസമാധാന ലംഘനം നടത്തില്ലെന്നും കോടതിയിൽ ഉറപ്പുനൽകി സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും. ജാമ്യത്തിനായി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.
മോചിതരായാൽ സമാധാന അന്തരീക്ഷം തകർക്കില്ലെന്ന് ഇരുവരും ഉറപ്പ് എഴുതിനൽകിയതായി കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയിലും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ഉൾപ്പെടെയുള്ള സംവിധാനങ്ങളിലും തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് നേതാക്കൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ജന്തർ മന്തറിലെ ബാരിക്കേഡുകൾ തകർത്ത് അകത്ത് പ്രവേശിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ അടുത്ത വിചാരണ ഒക്ടോബർ 23-ലേക്ക് നിശ്ചയിച്ച കോടതി, അന്നേ ദിവസം ജാമ്യക്കാർക്കൊപ്പം ഇരുവരും ഹാജരാകണമെന്നും വിഷയത്തിൽ പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ജന്തർ മന്തറിനെ പ്രക്ഷോഭ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ജന്തർ മന്തറിലെ അടച്ചുപൂട്ടിയിരുന്ന ഗേറ്റുകൾ മറികടന്ന് ഇരുവരും അകത്തുകടന്നത്. ഇതേത്തുടർന്ന് ജന്തർ മന്തറിലെ നിരോധിക്കപ്പെട്ട സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയെന്ന കേസിൽ ഒക്ടോബർ 14മുതൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ ഒക്ടോബർ 19ന് ഇരുവരുടെയും കസ്റ്റഡി രണ്ട് ദിവസംകൂടി നീട്ടിയിരുന്നു. നിയമത്തോട് യാതൊരു ബഹുമാനവുമില്ലാത്ത പെരുമാറ്റമാണ് ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായതെന്നും സമാധാന അന്തരീക്ഷം തകർക്കാൻ സാധ്യതയുണ്ടെന്ന ഗുരുതരമായ ആശങ്കയുണ്ടെന്നും ഒക്ടോബർ 19ലെ ഉത്തരവിൽ എസ്.ഇ.എം കോടതി വ്യക്തമാക്കിയിരുന്നു.
കസ്റ്റഡി കാലാവധി നീട്ടുന്നതിനായി ഡൽഹി പോലീസ് ശക്തമായ വാദങ്ങൾ ഉന്നയിച്ചു. തിഹാർ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകൾ കോടതിയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും സമാധാനലംഘന സാധ്യത ഇനിയും നിലനിൽക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി, സിജെപി നേതാക്കളുടെ അഭിഭാഷകൻ ഉപാധികളില്ലാതെ മാപ്പപേക്ഷിക്കുകയും ഭാവിയിൽ ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തുവെന്നും കോടതി ഉത്തരവിൽ പറയുന്നു.
Published: 21 Oct 2026, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented