ന്യൂഡൽഹി: വിഗ്ഗ് ധരിച്ച് കഷണ്ടി മറച്ചുവെച്ച് വിവാഹം കഴിച്ചെന്നും സ്വകാര്യചിത്രങ്ങളടക്കം പകർത്തി ഭർത്താവ് പണം ആവശ്യപ്പെട്ടെന്നും യുവതിയുടെ പരാതി. ഗ്രേറ്റർ നോയിഡ സ്വദേശിയായ യുവാവിനെതിരേയാണ് ഭാര്യ പോലീസിനെ സമീപിച്ചത്. ഭർത്താവിന്റെ കുടുംബാംഗങ്ങൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും വീട്ടിൽനിന്ന് പുറത്താക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്.

To advertise here,

വിവാഹത്തിന് മുൻപ് വിഗ്ഗ് ധരിച്ച് കഷണ്ടിയുള്ള കാര്യം ഭർത്താവ് മറച്ചുവെച്ചെന്നാണ് യുവതിയുടെ ആരോപണം. പെണ്ണുകാണൽ സമയത്തടക്കം വിഗ്ഗ് ധരിച്ചാണ് ഭർത്താവ് എത്തിയത്. ചെറിയരീതിയിലുള്ള മുടികൊഴിച്ചിലുണ്ടെന്ന് മാത്രമാണ് യുവതിയോട് പറഞ്ഞിരുന്നത്. കൂടുതൽ കഷണ്ടിയുള്ളതായി പറഞ്ഞിരുന്നില്ല. എന്നാൽ, വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയപ്പോഴാണ് ഭർത്താവിന്റെ യഥാർഥ രൂപം കണ്ടതെന്നും യുവതി പറഞ്ഞു.

വീട്ടിൽവെച്ച് ഭർത്താവ് വിഗ്ഗ് മാറ്റിയപ്പോഴാണ് കഷണ്ടിയുള്ളത് കണ്ടത്. ഇതോടെ തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ഇക്കാര്യം ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും സ്വഭാവം മാറിയതെന്നും യുവതി പറഞ്ഞു.

ഭർത്താവ് തന്റെ സ്വകാര്യചിത്രങ്ങളടക്കം മൊബൈൽഫോണിൽ പകർത്തി. പണം നൽകിയില്ലെങ്കിൽ ഈ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭർതൃമാതാപിതാക്കളും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ ഇവർ കൈക്കലാക്കി. ഇതിനുശേഷം വീട്ടിൽനിന്ന് തന്നെ പുറത്താക്കിയെന്നും യുവതി ആരോപിച്ചു.

സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വഞ്ചന, സ്ത്രീധനപീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും മൊബൈൽഫോൺ പരിശോധനയടക്കമുള്ള തെളിവുശേഖരണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.