ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ഡൽഹിയിലെ വസതിയിലെത്തി അസം പോലീസ്.

To advertise here,

ഹിമന്തയുടെ ഭാര്യ റിനികി ഭുയാന് മൂന്ന് പാസ്‌പോർട്ടുണ്ടെന്ന് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ ഖേര ആരോപിച്ചിരുന്നു. പിന്നാലെയാണ് അവർ പോലീസിൽ പരാതി നൽകിയതും അസം പോലീസ് പരിശോധനയ്ക്കായി ഖേരയുടെ വീട്ടിലെത്തി പരിശോധന നടത്തിയതും. ഡൽഹി പോലീസും ഇവർക്കൊപ്പമുണ്ടായിരുന്നു.

ഇന്ത്യയുടെ കൂടാതെ ഈജിപ്തിന്റെയും യുഎഇയുടെയും പാസ്‌പോർട്ട് റിനികിയ്ക്ക് ഉണ്ടെന്നായിരുന്നു ഖേര പറഞ്ഞത്. വീട്ടിൽ പവൻ ഖേര ഉണ്ടായിരുന്നില്ലെന്നും പരിശോധനയിൽ ചില രേഖകൾ കണ്ടെടുത്തതായും അസം പോലീസ് അറിയിച്ചു.

അതേസമയം, ഇന്നലെ പവൻ ഖേര ഗുവാഹത്തിയിൽനിന്ന് ഓടി രക്ഷപ്പെട്ടെന്ന് ഹിമന്ത പറഞ്ഞു. അദ്ദേഹത്തിന്റെ വസതിയിൽ പോലീസ് ചെന്നതായി മാധ്യമങ്ങളിലൂടെ താൻ അറിഞ്ഞുവെന്നും എന്നാൽ അദ്ദേഹം ഹൈദരാബാദിലേക്ക് കടന്നുകളഞ്ഞുവെന്നും ഹിമന്ത കൂട്ടിച്ചേർത്തു. നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.