ബെംഗളൂരു: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമായി കോണ്‍ഗ്രസിന്റെ  സോഷ്യല്‍ മീഡിയ മുന്‍ മാനേജറും മുന്‍ ലോക്‌സഭാംഗവുമായ ദിവ്യ സ്പന്ദന. 

To advertise here,

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ആഘാതത്തിനു പിന്നാലെ കഴിഞ്ഞ ജൂണ്‍ മുതലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ദിവ്യ സ്പന്ദന അപ്രത്യക്ഷയായത്. ട്വിറ്റര്‍ അക്കൗണ്ട് അവര്‍ ഡിലീറ്റ് ചെയ്തിരുന്നു. ജൂണ്‍ 2നായിരുന്നു ദിവ്യയുടെ അവസാനത്തെ ട്വീറ്റ്. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് ദിവ്യ അക്കൗണ്ടില്‍ ആദ്യമായി തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

അതേസമയം എന്തുകൊണ്ടാണ് ദിവ്യ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഒഴിഞ്ഞുനിന്നത് എന്നതിനെ കുറിച്ചറിയില്ലെന്നാണ് ദിവ്യയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നേതാക്കളുമായി ദിവ്യ ബന്ധം സൂക്ഷിക്കുന്നുണ്ട്. അവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോവുകയോ പുറത്ത് പോവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പ്രതികരിച്ചു. 

കുറിക്കുകൊള്ളുന്ന ട്വീറ്റകളിലൂടെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മുഖമായി മാറിയ ആളായിരുന്നു ദിവ്യ. എന്നാല്‍ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചതുള്‍പ്പെടെയുള്ള വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ തലപ്പത്ത് നിന്നും ദിവ്യയെ മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights: Actor-politician Ramya back on social media after a year, Congress says she never quit party