ദോഹ: ഓഗസ്ത് 13 മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഖത്തര്‍ എയര്‍വെയ്സ്.  ഖത്തര്‍ എയര്‍വെയ്സ് അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള സര്‍ട്ടഫിക്കറ്റാണ് ഹാജരാക്കേണ്ടത്. 

To advertise here,

ഇന്ത്യക്കു പുറമേ അര്‍മീനിയ, ബംഗ്ലാദേശ്, ബ്രസീല്‍, ഇറാന്‍, ഇറാഖ്, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്ര്ീലങ്ക, നേപ്പാള്‍, നേജീരിയ, റഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ളത്. ഖത്തര്‍ എയര്‍വെയ്സ് അംഗീകരിച്ച ലബോറട്ടറികളില്‍ നിന്ന് യാത്രപുറപ്പെടുന്നതിന്റെ 72 മണിക്കൂറിനകം കോവിഡ് ആര്‍ടി-പിസിആര്‍ മെഡിക്കല്‍ ടെസ്റ്റ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. കോവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റോട് കൂടി യാത്ര ചെയ്യുന്ന രക്ഷിതാക്കളോടൊപ്പം വരുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സ്വന്തം ചെലവിലാണ് പരിശോധന നടത്തേണ്ടത്. 

കേരളത്തില്‍ കോഴിക്കോട്  അസ ഡയഗ്നോസ്റ്റിക് സെന്റര്‍, തിരുവനന്തപുരം ഡി.ഡി.ആര്‍.സി ടെസ്റ്റ് ലാബ്, കൊച്ചി മെഡിവിഷന്‍ സ്‌കാന്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക് റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലാണ് ഖത്തര്‍ എയര്‍വെയ്സ് അംഗീകൃത ടെസ്റ്റിങ് കേന്ദ്രങ്ങളുള്ളത്. 

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ഉള്‍പ്പെടെ ഏത് രാജ്യത്തേക്കും ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം നിര്‍ബന്ധമായിരിക്കും. മറ്റു വിമാന കമ്പനികള്‍ ഇതു സംബന്ധമായി ഇതുവരെ അറിയിപ്പ്  നല്‍കിയിട്ടില്ല. അതേ സമയം, ഈ കോവിഡ് ടെസ്റ്റിന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച ക്വാറന്റീനുമായി ബന്ധപ്പെട്ട ടെസ്റ്റുമായി ബന്ധമില്ല. ഇത് വിമാന കമ്പനികള്‍ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തുന്ന നിബന്ധന മാത്രമാണ്.