സോഷ്യല്‍മീഡിയയില്‍ വരുന്ന അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ നിര്‍ണയിക്കുന്ന തങ്ങളുടെ നിയമാവലി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് നടിയും ടെലിവിഷന്‍ അവതാരകയുമായ അനസൂയ ഭരദ്വാജ്.  തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വീറ്റ് ചൂണ്ടിക്കാട്ടി പരാതിപ്പെട്ട നടിയോട്  തങ്ങളുടെ നിയമാവലിക്കെതിരല്ല പ്രസ്തുത അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റ് എന്ന് ട്വിറ്റർ മറുപടി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആ നിയമാവലി ഒന്നു പുന:പരിശോധിക്കാന്‍  നടി ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. 

To advertise here,

ഏറ്റവും തരംതാഴ്ത്തപ്പെട്ട നടിയെന്ന് എഴുതി തന്റെ ഫോട്ടോ സഹിതമുള്ള ട്വീറ്റാണ് നടിയെ പ്രകോപിപ്പിച്ചത്. ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം നടി പരാതിപ്പെട്ടു. ആ പ്രൊഫൈലിനെതിരെ നടപടി സ്വീകരിക്കാമെന്ന് ട്വിറ്റര്‍ നടിക്ക് ഉറപ്പും നല്‍കി. പിന്നീട് ട്വിറ്ററില്‍ നിന്നും ലഭിച്ച ഒരു മെയില്‍ കൂടി നടി പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ട്വീറ്റിലെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ചു. ഞങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ഒന്നും തന്നെ കണ്ടെത്താനായില്ല' എന്നായിരുന്നു മെയിലിലെ ഉള്ളടക്കം. ഇത് നിയമലംഘനമല്ലെങ്കില്‍ പിന്നെ എന്താണെന്നും സൈബര്‍ ആക്രമണം സംശയിച്ച് അത് റിപ്പോര്‍ട്ട് ചെയ്തിട്ടും വിലയില്ലാത്ത നിങ്ങളെ അവര്‍ സ്വാധീനിച്ചതാകുമെന്ന് പറയാനും എനിക്കു മടിയില്ല എന്നാണ് നടിയുടെ പ്രതികരണം. 

ട്വിറ്ററില്‍ നിന്നും പ്രതീക്ഷിച്ച നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് നടി ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കി. പോലീസ് നിര്‍ദേശപ്രകാരം ട്വിറ്റര്‍ അധിക്ഷേപപ്രകാരമുള്ള ട്വീറ്റ് പിന്‍വലിച്ചു. വിവാദട്വീറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ ഉടന്‍ കണ്ടു പിടിക്കാമെന്ന് അറിയിച്ചുകൊണ്ടുള്ള പോലീസിന്റെ ട്വീറ്റും നടി പങ്കുവെച്ചിട്ടുണ്ട്. 

രംഗസ്ഥലം, ലോക്കല്‍ ഗ്യാങ്‌സ, ജബര്‍ദസ്ത്് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലെ അവതാരകയും വിധികര്‍ത്താവുമാണ് അനസൂയ. സുകുമാര്‍-അല്ലു അര്‍ജുന്‍ ടീമിന്റെ ചിത്രത്തിലാണ് അനസൂയ ഇനി അഭിനയിക്കുക.

ANASUYA

ANASUYA 2

Content Highlights : telugu actress anasuya bharadwaja slams twitter for cyber abuse complaints to hyderabad cyber police