ഭാര്യ ആനിക്ക് ജന്മദിനാശംസകൾ നേർന്ന് സംവിധായയകൻ ഷാജി കൈലാസ്.

To advertise here,

“തങ്ങൾ സ്വപ്നം കണ്ട പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്ന് വരില്ല. പക്ഷെ എനിക്ക് കിട്ടി. എന്നെ സന്തോഷിപ്പിക്കുന്നതെന്തെന്നും സങ്കടപ്പെടുത്തുന്നത് എന്തെന്നും അവൾക്കറിയാം. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവൾ എന്നോടൊപ്പം ഉണ്ട്. നിന്നോട് എനിക്കുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ഈ ഒരു ആശംസ മതിയാകില്ല …. എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ,” ഷാജി കൈലാസ് കുറിച്ചു.

ഈയിടെയാണ് ഇരുവരും ഇരുപത്തിനാലാം വിവാഹ വാർഷികം ആ​ഘോഷിച്ചത്. ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചാണ് ഷാജി കൈലാസ് ആനിക്ക് അന്ന് വിവാഹവാർഷികാശംസകൾ നേർന്നത്.

"ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വർഷങ്ങൾ... ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്... പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയിൽ കൂട്ടും കരുത്തുമായി നിൽക്കുന്ന ഏവർക്കും ഒത്തിരിയേറെ നന്ദി...

ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുൽനാമ്പിനെ പോലും വേദനിപ്പിക്കുവാൻ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെയാണ്. സന്തോഷങ്ങളും പരിഭവങ്ങളും പങ്ക് വെക്കുവാൻ അമ്മ അരികില്ലാത്ത ആനിക്ക് ഞാൻ ഒരു അമ്മയാണ്...
അവളുടെ എല്ലാമാണ്...
വളച്ചൊടിക്കപ്പെട്ട പലതിനും മുന്നിൽ അവൾ തളർന്നേക്കാം... സങ്കടപ്പെട്ടേക്കാം...
പക്ഷേ പതറാതെ തളരാതെ അവൾക്ക് കരുത്തായി ഇന്നും എന്നും ഞാൻ കൂടെയുണ്ടാകും...
ലോകം മുഴുവൻ വിഷമിക്കുന്ന ഈ ഒരു വേളയിൽ ഞങ്ങൾക്കും ആഘോഷങ്ങൾ ഇല്ല...
വേഗം ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ...
എല്ലാവർക്കും നന്മയും ആരോഗ്യവും നേരുന്നൂ...".

1993 ൽ 'അമ്മയാണെ സത്യം' എന്ന ബാലചന്ദ്രമേനോൻ സിനിമയിലൂടെയാണ് ആനി അഭിനയ രം​ഗത്തേക്ക് എത്തുന്നത്. മൂന്ന് വർഷം കൊണ്ട് പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞ ആനി വർഷങ്ങൾക്ക് ശേഷം ചാനലിൽ കുക്കറി ഷോ അവതാരകയായാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.

Content Highlights : Shaji Kailas Birthday Wishes To Wife annie