കോവിഡ് രണ്ടാം തരം​ഗത്തിന് ശേഷം കേരളത്തിലെ തീയേറ്ററുകൾ വീണ്ടും സജീവമാവുകയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ ബി​ഗ് ബഡ്ജറ്റ് ചിത്രം കുറുപ്പ് നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ ഈ വാരം മൂന്ന് ചിത്രങ്ങളാണ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

To advertise here,

ആസിഫ് അലിയും രജിഷ വിജയനും ഒന്നിക്കുന്ന 'എല്ലാം ശരിയാകും', ഇന്ദ്രജിത് സുകുമാരന്റെ 'ആഹാ', ഒരു കൂട്ടം യുവതാരങ്ങൾ ഒന്നിക്കുന്ന 'ജാൻ എ മൻ' എന്നീ ചിത്രങ്ങൾ നവംബർ 19ന് തീയേറ്ററുകളിൽ പ്രദർനത്തിനെത്തും. ഇതിന് പുറമേ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'ചുരുളി' ഓടിടി റിലീസായും ഈ വാരം പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. 

ജാൻ‌ എ മൻ 

മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്ന കോമഡി എന്റർടെയ്നറാണ് ജാൻ എ മൻ.  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ നടീനടന്മാരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

വികൃതി എന്ന സിനിമക്ക് ശേഷം ചീർസ് എന്റർടെയ്ൻമെന്റിൻറെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്ത് കൂക്കൾ, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് സിനിമാ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ പി എബ്രഹാം. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാൽ, എഡിറ്റർ കിരൺദാസ്, കോസ്റ്റ്യും മാഷർ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാൻ, മേക്കപ്പ് ആർജി വയനാടൻ, സ്റ്റിൽ വിവി ചാർലി, പ്രൊഡക്ഷൻ കൺട്രോളർ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ(സപ്താ റെക്കോർഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആർ.ഒ ആതിര ദിൽജിത്ത്, ഓൺലൈൻ മാർക്കറ്റിങ് പി.ആർ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

എല്ലാം ശരിയാകും

ആസിഫ് അലി-രജിഷ വിജയൻ താരജോഡികളെ ഒന്നിപ്പിച്ച് ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എല്ലാം ശരിയാകും. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഇന്ദ്രൻസ്, ജോണി ആന്റണി, തുളസി ശിവമണി, സേതുലക്ഷ്മി, ബാലു വർ​ഗീസ്, കിച്ചു ടെല്ലസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.  ബി.കെ.ഹരി നാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. സൂരജ് ഇ.എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ആഹാ

വടംവലി പ്രമേയമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഹാ. ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആഹായിൽ ശാന്തി ബാലചന്ദ്രൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. 

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ് നിർമാണം. ചിത്രത്തിന്റെ ഛായാഗ്രാഹകൻ രാഹുൽ ബാലചന്ദ്രനാണ്. ടോബിത് ചിറയത്ത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. സംഗീതം സയനോര ഫിലിപ്പാണ്. 

കലാ സംവിധാനം ഷംജിത് രവി. സയനോര ഫിലിപ്പ്, ജുബിത് നമ്പറാടത്, ടിറ്റോ പി തങ്കച്ചൻ എന്നിവർ ചേർന്നാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. സംവിധായകൻ ബിബിൻ പോൾ സാമുവേൽ തന്നെ ആണ് ആഹായുടെ എഡിറ്റർ. മേക്കപ്പ് : റോണക്‌സ് സേവിയർ. 2020 ഏപ്രിലിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിൽ ആണ്.

ചുരുളി

ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ചുരുളി സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ നവംബർ 19ന് പ്രേക്ഷകരിലേക്കെത്തും. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഒരു കാടാണ് ചിത്രത്തിന്റെ പശ്ചാത്തലം.19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ​ഗീതി സം​ഗീത  തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ.

സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ വേഷമിടുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ.

Content Highlights : New Malayalam Movie release, November release movies, Aaha, Churuli Jaan A Man,Ellam Sheriyakum