ചേർത്തല : വില്ലൻമാരെപ്പോലെ നിന്ന കണക്കിനെയും രസതന്ത്രത്തെയും മെരുക്കി ലീന ആന്റണി പത്താംക്ലാസ് ജയിച്ചു. സിനിമകളിൽ അമ്മച്ചി വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ഇവർ 73-ാം വയസ്സിലാണ് പത്താംക്ലാസിന്റെ പടികടന്നത്. ആറുപതിറ്റാണ്ടു മുമ്പു മുടങ്ങിയ പഠനത്തിന്റെ വഴിയിൽ ലീന തിരിച്ചെത്തുകയായിരുന്നു.

To advertise here,

‘മഹേഷിന്റെ പ്രതികാരം’ സിനിമിൽ അമ്മച്ചിയായി പ്രധാന വേഷമിട്ടതോടെയാണ് നാടകനടിയായ ലീന ആന്റണി കൂടുതൽ അറിയപ്പെട്ടത്. സെപ്റ്റംബറിൽ തുടർവിദ്യാപദ്ധതി പ്രകാരം പത്താംതരം പരീക്ഷയെഴുതി. പക്ഷേ, നവംബറിൽ ഫലമെത്തിയപ്പോൾ കണക്കും രസതന്ത്രവും ഒഴികെയുള്ള വിഷയങ്ങളേ ജയിച്ചുള്ളൂ. തുടർന്ന് സേ പരീക്ഷയെഴുതിയാണ് രസതന്ത്രവും കണക്കും ജയിച്ചത്.

ഭർത്താവും നടനുമായ കെ.എൽ. ആന്റണിയുടെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിലാണ് ലീന പഠനത്തെ കൂട്ടുപിടിച്ചത്. തൈക്കാട്ടുശ്ശേരി ഉളവയ്‌പ്പിൽ വീടിനടുത്തുള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്. മകൻ ലാസർ ഷൈനും മരുമകൾ അഡ്വ. മായാകൃഷ്ണനുമാണ് പത്താംതരം പരീക്ഷയ്ക്കുള്ള വഴിയൊരുക്കിയത്.