പതിനേഴാം വിവാഹവാർഷികം ആഘോഷിച്ച് നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. മകനൊപ്പം വിവാഹവാർഷികം ആഘോഷിക്കുന്ന മനോഹര ചിത്രങ്ങൾ പങ്കുവച്ചാണ് താരം സന്തോഷം ആരാധകരെ അറിയിച്ചത്. 

To advertise here,

"ഔദ്യോഗികമായി ഒന്നിച്ചുള്ള മധുര പതിനേഴ്...പ്രിയ ഭാര്യേ നിന്നോടൊപ്പം ജീവിതം മികച്ചതായി തുടരുന്നു. ഈ ഡിജിറ്റൽ ലോകത്തിൽ നീയാണ് എന്റെ വേ​ഗതയേറിയ വൈഫൈ. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. എന്നെയും എന്റെ കുടുംബത്തെയും എന്റെ തൊഴിലിനെയും സുഹൃത്തുക്കളെയും പരിപാലിക്കുന്നു, ഒപ്പം എന്റെ ജീവിതം ബാലൻസ് ചെയ്ത് നിലനിർത്തുന്നു.

ഏതൊരു സാധാരണ കപ്പിൾസിനെയും പോലെ നമുക്കിടയിലും ചെറിയ വഴക്കുകൾ ഉണ്ടാകാറുണ്ട്. പക്ഷേ രാത്രി അവസാനിക്കുന്നതിന് മുമ്പ് അവ പരിഹരിക്കാനും അടുത്ത ​ദിവസം മികച്ചതാക്കാനും നമ്മൾ ശ്രദ്ധിക്കാറുമുണ്ട്. 

ഇന്ന് ഞാൻ നല്ല ചിത്രങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഭൂരിഭാ​ഗം ക്രെഡിറ്റും നിനക്കാണ്..എന്നെ എന്നിൽ വിശ്വസിക്കാനും എല്ലാത്തിനെയും വ്യത്യസ്തമായ വീക്ഷണകോണിൽ കാണാനും ഏറ്റവും മികച്ചതിനായി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്. 

ഓ പ്രിയേ...എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല. കാരണം നീയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച മികച്ച കാര്യം. ഇത് വളരെ ലളിതവും എന്നാൽ മധുരതരവുമായ ഒരു ആഘോഷമായിരുന്നു… അതിനിടയിൽ ഞങ്ങളുടെ മകനും ഉണ്ടായിരുന്നത് വളരെ മധുരതരമായി തോന്നി." കുഞ്ചാക്കോ ബോബൻ കുറിച്ചു.

2005 ഏപ്രിൽ 2നാണ് പ്രിയ ആൻ സാമുവൽ എന്ന തന്റെ ആരാധികയെ കുഞ്ചാക്കോ ബോബൻ വിവാഹം ചെയ്യുന്നത്. 2019 ഏപ്രിൽ 16ന് ആയിരുന്നു മകൻ ഇസഹാക്കിന്റെ ജനനം.