ചെന്നൈ: പഠനകാലത്തു കണ്ട നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, തുലാഭാരം തുടങ്ങിയ മലയാളസിനിമകളാണ് തന്നെ കമ്യൂണിസ്റ്റുകാരനാക്കിയതെന്ന് മദ്രാസ് ഹൈക്കോടതി മുൻ ന്യായാധിപൻ ജസ്റ്റിസ് കെ. ചന്ദ്രു പറഞ്ഞു. ഒരു ഭാഷയും മറ്റൊന്നിനേക്കാൾ താഴെയല്ലെന്നും എന്നാൽ, ഒന്നിനെ മറ്റുള്ളവയ്ക്കുമുകളിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നവതിയിലെത്തിയ പ്രശസ്ത മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കറിനെ ആദരിക്കുന്ന ചടങ്ങിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

To advertise here,

അഭിഭാഷകനായ ചന്ദ്രുവിന്റെ ജീവിതകഥ പറയുന്ന ‘ജയ് ഭീം’ എന്ന സിനിമയിൽ ഹിന്ദിയിൽ സംസാരിക്കുന്നയാളെ പ്രകാശ് രാജിന്റെ കഥാപാത്രം അടിക്കുകയും തമിഴിൽ പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഏതെങ്കിലും ഭാഷയ്ക്ക് മറ്റൊന്നിനേക്കാൾ മേന്മയുണ്ടെന്നല്ല അതിനർഥം. എന്നാൽ, ഏതെങ്കിലും ഒരു ഭാഷയെ മറ്റു ഭാഷകൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ല. ഒരു രാഷ്ട്രം ഒരു ഭാഷ എന്നു പറയുന്നത് ഒരു രാഷ്ട്രം ഒരു നേതാവ് എന്നു പറയുന്നതിന് മുന്നോടിയാണ്. ഇതല്ല ഇന്ത്യയുടെ രീതി. ഈ ബുൾഡോസർ ജനാധിപത്യത്തോട് വിട പറയാൻ സമയമായി. -ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.

മദ്രാസ് സർവകലാശാലാ മലയാളവിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ ബി.ആർ.പി. ഭാസ്കറിനെ ജസ്റ്റിസ് ചന്ദ്രു പൊന്നാടയണിയിച്ചു. കേരളം വയോജന സൗഹൃദ സംസ്ഥാനമല്ലെന്നും ജോലിയിൽനിന്നു വിരമിച്ചശേഷവും ചെന്നൈയിൽത്തന്നെ കഴിയാൻ തീരുമാനിക്കേണ്ടിവന്നത് അതുകൊണ്ടാണെന്നും ബി.ആർ.പി. ഭാസ്കർ പറഞ്ഞു. ജാതി, മത സംഘടനകളെപ്പോലെ കേരളത്തിലെ രാഷ്ട്രീയകക്ഷികളും സങ്കുചിത മനോഭാവത്തിന്റെ പിടിയിലായിരിക്കുകയാണെന്നും ചിന്തിക്കാനുള്ള ഉത്തരവാദിത്വം മലയാളികൾ മറ്റുള്ളവരെ ഏൽപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർവകലാശാലാ മലയാളംവിഭാഗം മേധാവി ഡോ. പി.എം. ഗിരീഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ചന്ദ്രുവിന്റെ നിൽക്കൂ, ശ്രദ്ധിക്കൂ, ഡോ. ഒ.കെ. സന്തോഷിന്റെ അനുഭവങ്ങൾ, അടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. മലയാളംവിഭാഗം മുൻ അധ്യക്ഷൻ ഡോ. സി.ജി. രാജേന്ദ്ര ബാബു, മാധ്യമപ്രവർത്തകൻ പി.കെ. ശ്രീനിവാസൻ, പ്രൊഫ. പി.കെ. അബ്ദുൾ റഹ്‌മാൻ, ഡോ. എ.കെ. വാസു, എഴുത്തുകാരായ എസ്. ജോസഫ്, കെ.കെ. ബാബുരാജ്, രാജേഷ് കെ. എരുമേലി, ബി.എസ്. രാജീവ് തുടങ്ങിയവർ സംസാരിച്ചു.