ആയുഷ്മാൻ ഖുറാനയേയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു ചിത്രമൊരുക്കാൻ ആലോചിച്ചിരുന്നെന്ന് അടുത്തിടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറഞ്ഞിരുന്നു. മാതൃഭൂമി ക്ലബ് എഫ്എമ്മിനോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മോഹൻലാലിനെ ബോളിവുഡ് ടീം സെക്കൻഡറി കാസ്റ്റിങ് എന്ന് വിളിച്ചതിനെത്തുടർന്ന് താൻ അവരുമായുള്ള കരാർ റദ്ദാക്കിയെന്നും പ്രോജക്റ്റിൽനിന്ന് പിന്മാറിയെന്നും ജൂഡ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആയുഷ്മാൻ ഖുറാനയുമൊരുമിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ്.

To advertise here,

"ആയുഷ്മാനെ ഇന്ന് വീണ്ടും കണ്ടുമുട്ടിയതിൽ ഒരുപാട് സന്തോഷം. വ്യക്തത വരുത്താൻ വേണ്ടി മാത്രം പറയട്ടെ, മോഹൻലാൽ സാറുമായി ബന്ധപ്പെട്ട എന്റെ പരാമർശം ആ നിർമാതാവിനെക്കുറിച്ചായിരുന്നു. അതുമായി ആയുഷ്മാന് യാതൊരു ബന്ധവുമില്ല. ഞങ്ങൾ തമ്മിൽ പരസ്പര ബഹുമാനം മാത്രമേയുള്ളൂ. ഞങ്ങൾ ഉടൻ തന്നെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു!

മോഹൻലാൽ സാറുമൊത്തുള്ള ചിത്രത്തിന്റെ തിരക്കഥയിൽ ആയുഷ്മാൻ വളരെ സന്തോഷവാനായിരുന്നു. നിർഭാഗ്യവശാൽ അത് നടപ്പായില്ല. അത് സംഭവിക്കാത്തതിന് കാരണം തീർച്ചയായും അദ്ദേഹത്തിന്റെ കുറ്റവുമല്ല. ഇത്രയധികം പ്രതിഭയും കഴിവുമുള്ള ഒരു നടനെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. എന്നെങ്കിലും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു." എന്നാണ് ആയുഷ്മാൻ ഖുറാനയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ജൂഡ് എഴുതിയത്.

ഇതിന് കമന്റുമായി ആയുഷ്മാൻ ഖുറാനയുമെത്തി. "ഞാൻ അങ്ങയുടെ ഒരു ആരാധകനാണ്. ഉടൻ തന്നെ നിങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മോഹൻലാൽ സാറിനോട് എനിക്ക് അതിയായ ബഹുമാനമുണ്ട്. അദ്ദേഹം ഒരു ഇതിഹാസമാണ്. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ തക്കവണ്ണം ഞാൻ യോഗ്യനാകുമെന്ന് പ്രതീക്ഷിക്കുന്നു." അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ.

ആയുഷ്മാൻ ഖുറാനയുമായി ഒരു ബോളിവുഡ് പടം ചർച്ച ചെയ്തിരുന്നുവെന്നും അത് അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തിരുന്നുവെന്നുമാണ് നേരത്തേ ജൂഡ് ആന്റണി പറഞ്ഞിരുന്നത്.
 


”അതിൽ ലാൽ സാറിന് ഒരു വേഷമുണ്ടായിരുന്നു. തിരക്കഥയൊക്കെ പൂർത്തിയായെങ്കിലും ആറേഴുമാസം ചർച്ച നീണ്ടു. ഞാൻ പറഞ്ഞു, എത്ര വേണമെങ്കിലും ചർച്ച ചെയ്തോളൂ, പക്ഷേ ആദ്യം ഈ പടം കമ്മിറ്റ് ചെയ്യണമെന്ന്. അപ്പോൾ അവർ എനിക്കൊരു ഇ-മെയിലയച്ചു. അവരുടെ മുഴുവൻ ടീമിനും ഇഷ്ടപ്പെടുന്ന തിരക്കഥ വന്നാൽ മാത്രമേ സെക്കൻഡറി കാസ്റ്റിങ്ങിലേക്ക് പോകൂ എന്നായിരുന്നു അതിന്റെ ഉള്ളടക്കം.

ഞാനവരെ വിളിച്ച് ചോദിച്ചു ആരാണ് ഈ സെക്കൻഡറി കാസ്റ്റിങ്, മോഹൻലാൽ സാർ ആണോ എന്ന്. അതെ എന്നവർ പറഞ്ഞു. ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും വലിയ ഒരു നടനെ സെക്കൻഡറി ആക്ടർ എന്നുപറഞ്ഞ നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ് ഞാനവർക്ക് മെയിലയച്ചു. അങ്ങനെയാണെങ്കിൽ പെട്ടന്ന് ചെയ്യാമെന്ന് അവർ പറഞ്ഞെങ്കിലും ഞാൻ അതിൽനിന്ന് പിന്മാറി. പിന്നെയൊരു നിയമയുദ്ധമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും കുറേ ഇ-മെയിലുകൾ അയച്ചശേഷം അവരുമായുള്ള കരാർ റദ്ദാക്കി. അഡ്വാൻസ് തിരിച്ചുകൊടുത്ത് എൻഡിഎയും വാങ്ങി. നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റ് അവരെക്കൊണ്ട് ഒപ്പിട്ടുവാങ്ങി. കാരണം എന്റെ കഥ അവർക്കറിയാമായിരുന്നല്ലോ." ജൂഡ് ആന്റണി കൂട്ടിച്ചേർത്തു.