
അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഐസിൻ ഹാഷ് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന നിഴൽ എന്ന ചിത്രത്തിലൂടെയാണ് ഐസിന്റെ അരങ്ങേറ്റം. ഈ കൊച്ചുമിടുക്കൻ സിനിമയിൽ തുടക്കം കുറിക്കുമ്പോൾ അത് പിതാവ് ഹാഷ് ജാവേദിന്റെ കൂടെ വിജയമാണ്. അഭിനയമോഹം ഉള്ളിൽ കൊണ്ട് നടന്ന്, ഒടുവിൽ പരാജയപ്പെട്ട ഹാഷ് തന്റെ മകനിലൂടെ തന്റെ സ്വപ്നങ്ങളെ കീഴടക്കുകയാണെന്ന്.
ഹാഷ് ജാവേദ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
മകൻ ഐസിൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയോടൊപ്പം അഭിനയിക്കുന്നു. "നീ സിനിമാനടനാകും" പണ്ട് സ്‌കൂളിലും കോളജിലും വിവിധ കലോത്സവങ്ങളിലുമൊക്കെമിമിക്രിയും, മോണോആക്റ്റും നാടകവുമൊക്കെ കളിച്ചു നടന്നപ്പോൾ എന്നെ ഏറ്റവും സുഖിപ്പിച്ച ഡയലോഗ്. അങ്ങിനെ ഞാനും സിനിമ സ്വപ്നം കാണാൻതുടങ്ങി, പ്ലസ്ടുവിനു പഠിക്കുമ്പോൾ ഡിഗ്രിക്ക് എറണാംകുളം മഹാരാജാസ് കോളേജിൽ പഠിക്കണെമന്നായിരുന്നു ആഗ്രഹം. ഒരുപാട് സിനിമകളുടെ ലൊക്കേഷനായ, നിരവധിസിനിമാക്കാരെ മലയാളസിനിമയ്ക്ക് സമ്മാനിച്ച മഹാരാജാസ് വഴി
സിനിമയിലെത്താമെന്നായിരുന്നു വ്യാമോഹം. പക്ഷേ പ്ലസ്ടുവിനു മാർക്ക് കുറഞ്ഞതോടെ ആ സ്വപ്നം തകർന്നു. പിന്നീട് ചുങ്കത്തറ മാർത്തോമ കോളേജിൽപഠിക്കുമ്പോൾ തൊട്ടടുത്ത സ്റ്റുഡിയോയിൽ പോയി ഇടയ്ക്കു ഫോട്ടോസ് എടുത്ത് സിനിമാ മാസികകളിൽകാണുന്ന ഒഡീഷൻ അഡ്രെസ്സിലേക്ക് അയച്ചുകൊടുക്കും എന്നാൽ അതും വെളിച്ചംകണ്ടില്ല. അതുകഴിഞ്ഞുപൂരപ്പറമ്പിൽ മിമിക്സ് അവതരിപ്പിച്ചുനടക്കുമ്പോഴും ഫുട്ബോൾ-പരസ്യ അന്നൗൺസറായി നാട്ടിലൂടെകറങ്ങിനടക്കുമ്പോഴും അടുത്ത ലക്ഷ്യം കൊച്ചിൻ കലാഭവനായിരുന്നു. “കലാഭവൻ വഴി സിനിമാ നടൻ”, അതുംനടന്നില്ല. സിനിമയിലഭിനയിക്കാൻ അടുത്ത കുറുക്കുവഴി കണ്ടെത്തിയത് 'ടിവി അവതാരകൻ' എന്നപേരായിരുന്നു. അങ്ങിനെ കൊച്ചിയിലേയിലേക്ക് വണ്ടി കയറി ഇന്റർവ്യൂവിൽ പങ്കെടുത്തു. പക്ഷേ അതും പരാജയമായിരുന്നു. എന്നാൽ അന്ന് ഒഡീഷനിൽതൊട്ടടുത്തിരുന്ന ആസിഫലി അവതാരകനാകുകയും നടനാകുകയും ചെയ്തു. എങ്കിലും കൊച്ചി എന്നെ കൈവിട്ടില്ല, സിനിമാനടനാകാൻ എത്തിയ ഞാൻ പരസ്യ ഏജൻസിയിലെ കണ്ടന്റ് റെെറ്ററായി
അപ്പോഴാണ് എഫ് എം റേഡിയോ കാലഘട്ടം ആരംഭിക്കുന്നത്. അടുത്ത ലക്ഷ്യം " ഒരു റേഡിയോ ജോക്കിയാകുക''. ആ ശ്രമം വിഫലമായില്ല കൊച്ചിയിൽ റേഡിയോ ജോക്കിയായി. ഞാൻഒന്ന് കാണാനാഗ്രഹിച്ച താരങ്ങളെയും, സംവിധായകരെയും അടുത്തുകാണുന്നു, അവരുമായി സംസാരിക്കുന്നു, പരിചയപ്പെടുന്നു. എങ്കിലും നല്ല ശമ്പളം ലഭിക്കുന്ന ഈ ജോലി വെറുതെ കളയണ്ടല്ലോ എന്നുകരുതി സിനിമാ ആഗ്രഹം ഉള്ളിലൊതുക്കി. കൊച്ചിയിൽ ഒരുവർഷം കഴിഞ്ഞപ്പോഴാണ് എനിക്ക് കോഴിക്കോട് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ലഭിച്ചത്. കോഴിക്കോട്ടേക്ക് പോകുന്നതിനുമുൻപ് വിനീത് ശ്രീനിവാസന്റെ ആദ്യസിനിമയായ മലർവാടി ആർട്സ് ക്ളബ്ബിന്റെ ഒഡീഷനിൽ പങ്കെടുത്തു. അത് ഒരു ഗ്രൂപ്പ് ഒഡീഷനായിരുന്നു. അന്ന് നന്നായി പെർഫോം ചെയ്ത നിവിൻ പോളിയെയും, അജു വർഗ്ഗീസിനെയുമെല്ലാം അവസാന റൗണ്ടിലേക്ക് മാറ്റി നിർത്തി.
സിനിമയിൽ അഭിനയിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ട് ഞാൻ കോഴിക്കോട്ടേക്ക് വണ്ടികയറി. കൂടെയുണ്ടായിരുന്ന പല റേഡിയോക്കാരും സിനിമാക്കാരായി.പിന്നീടാണ് കോഴിക്കോട്ടെ റേഡിയോ ലൈഫിനിടക്ക് കല്ല്യാണം കഴിയുന്നതും, ദുബായിലെ റേഡിയോയിൽ ജോലികിട്ടുന്നതും ഒരു മകനുണ്ടാകുന്നതും. അവന്റെ ഓരോ വളർച്ചയിലും എന്റെ ഓരോ സ്വപ്നങ്ങളും അവനിലൂടെ യാഥാർത്യമായിത്തുടങ്ങി.
അറുപതിലേറെ അന്താരാഷ്ട്ര പരസ്യങ്ങളിൽ അഭിനയിച്ച മകൻ ആദ്യമായി ഒരു മലയാള സിനിമയിൽ തുടക്കംകുറിച്ചുകഴിഞ്ഞു. അതും ഞാൻ പരാജയപ്പെട്ട് പിന്മാറിയ കൊച്ചിയിലെ സിനിമാലോകാത്തുനിന്നും !! പ്രാർത്ഥനകൾ വേണം!. നയൻതാര നായികയായ ഈ സിനിമയിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. ഐസിൻ ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്ന നിഴൽ എന്ന ത്രില്ലർ സിനിമ സംവിധാനം ചെയ്യുന്നത് നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററും, സംസ്ഥാന ഫിലിം അവാർഡ്ജേതാവുമായ അപ്പു ഭട്ടതിരിയാണ്. ഈ സിനിമയിലേക്ക് വഴികാണിച്ച റിയാസ് ഷാ ഒരായിരം നന്ദി...
Hash Javad father of Izhin Harsh Nizhal Movie Child artist Nayanthara Kunchako Boban
Published: 04 Dec 2020, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented