കൊച്ചി: സിനിമയുടെ പേരിൽ സാമ്പത്തികനഷ്ടം ഉണ്ടാക്കിയെന്ന നിർമാതാവിന്റെ പരാതിയിൽ തന്നെ അറസ്റ്റ് ചെയ്ത സംഭവത്തേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ഷംസു സൈബ. രാഷ്ട്രീയ സമ്മർദത്തിലാണ് അറസ്‌റ്റെന്ന്‌ സംവിധായകൻ പറഞ്ഞു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ മരുമകളുടെ സഹോദരിയാണ് പരാതിക്കാരിയായ ആൻ സരിഗ ആന്റണി. ബുധനാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവേയാണ് തൊട്ടുതലേദിവസം പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ചെത്തി അറസ്റ്റ് ചെയ്തതെന്നും ഷംസു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,

സിനിമയുടെ ഹാർഡ് ഡിസ്കിന്റെ കോപ്പി സംവിധായകൻ ഉൾപ്പെട്ടവർ കൈവശപ്പെടുത്തിയെന്നും കരാറിൽ പറഞ്ഞതിനേക്കാൾ കൂടുതൽ തുക മുടക്കുമുതൽ വന്നു എന്നതുമാണ് നിർമാതാവ് പരാതി നൽകാനുള്ള കാരണം. ഇതിൽ പതിനെട്ടാം തീയതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ പോലീസ് പതിനേഴാം തീയതി രാത്രി ധൃതിപ്പെട്ട് വന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഷംസു സൈബ പറഞ്ഞു. ഇതിൽ ബാഹ്യ സമ്മർദമുണ്ടായിട്ടുണ്ട്. താനൊരു സാധാരണക്കാരനായ പൗരനാണ്. അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ അത് ചെയ്തേ പറ്റൂ എന്ന രീതിയിൽ പോലീസിന് കടുത്ത സമ്മർദമുണ്ടായിരുന്നു എന്നാണ് മനസിലാക്കുന്നത്. അത് ഉന്നത രാഷ്ട്രീയക്കാരിൽ നിന്നാണെന്നാണ് അറിയാനായതെന്നും ഷംസു പറഞ്ഞു.

"ആ സമ്മർദം തന്നെയാകാം പോലീസിനുണ്ടായിരിക്കുക എന്നാണ് എന്റെ അന്വേഷണത്തിൽ മനസിലായത്. ‘അഭിലാഷ’ത്തിന്റെ നിർമാതാവിന് എം.എ. ബേബിയുമായുള്ള ബന്ധം സത്യമാണ്. ആ ബന്ധം എന്നെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിച്ചിട്ടുണ്ടാകുമെന്നാണ് ഇപ്പോൾ തോന്നുന്നത്. സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം വിളിപ്പിച്ചപ്പോൾ ഒരു ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുകയായിരുന്നു. തിരിച്ചെത്തിയശേഷം സ്റ്റേഷനിലേക്ക് തിരിച്ചുവിളിച്ച് ഹാജരായിക്കൊള്ളാം എന്നുപറഞ്ഞയാളാണ് ഞാൻ. ഈ രീതിയിൽ അറസ്റ്റ് ചെയ്യാൻ മാത്രമുള്ള വകുപ്പുകളല്ല ചുമത്തിയിരിക്കുന്നതെന്നാണ് അഭിഭാഷകൻ എന്നോട് പറഞ്ഞത്.

‘അഭിലാഷ’ത്തിന്റെ സെറ്റിൽ എം.എ. ബേബി സന്ദർശിച്ചിരുന്നു. എം.എ. ബേബിയുടെ മകന്റെ ഭാര്യയുടെ സഹോദരിയാണ് നിർമാതാവ് ആൻ സരിഗ. അന്ന് അദ്ദേഹം സെറ്റിലെത്തി എല്ലാവരേയും പരിചയപ്പെട്ടിരുന്നു. സിനിമയുടെ തുടക്കം മുതൽ ഒരുപാട് തർക്കങ്ങളുണ്ടായിട്ടുണ്ട്. ശങ്കർ ദാസ് എന്നൊരാൾകൂടി  നിർമാണത്തിൽ പങ്കാളിയാണ്. സിനിമയുടെ ആദ്യദിവസം സിനിമയുടെ വനിതാ അസിസ്റ്റന്റ് ഡയറക്ടറുമായി ഇയാൾ ഒരു പ്രശ്നമുണ്ടാക്കിയിരുന്നു. അത് മറ്റൊരു കേസുമായി മുന്നോട്ടുപോകേണ്ടതിനാൽ കൂടുതൽ ഇപ്പോൾ പറയുന്നില്ല. നമ്മളെല്ലാവരും ആ അസിസ്റ്റന്റ് ഡയറക്ടർക്ക് പിന്തുണയുമായെത്തിയപ്പോൾ ആൻ സരിഗ സെറ്റിൽനിന്ന് മുങ്ങുകയായിരുന്നു.

ഈ പ്രശ്നമുണ്ടായിട്ടും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോവുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ സമയത്തും തർക്കമുണ്ടായി. അത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മുന്നിലെത്തി. അവിടെ ഇതെല്ലാം പരിഹരിച്ചാണ് സിനിമ റിലീസ് ചെയ്തത്. സ്വാഭാവികമായും അന്നത്തെ വ്യക്തിവൈരാഗ്യമുണ്ടാകും. ഞാൻ പുതിയ സിനിമകളുമായി മുന്നോട്ടുപോവുകയാണ്. അതിന്റെ ജോലികൾ നടക്കുന്നതിനിടയിലുണ്ടായ ഈ അറസ്റ്റ് എന്റെ കരിയർ ഇല്ലാതാക്കുകയാണ്. എന്റെ ഭാവി എന്താകുമെന്ന് അറിയില്ല. നിർമാതാക്കളുമായി രമ്യതയിൽ പോകാത്ത സംവിധായകനാണ് ഞാനെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ഞാൻ ചെയ്യാനിരുന്ന സിനിമകൾ ഇവർ മുടക്കിയിട്ടുണ്ട്." ഷംസുവിന്റെ വാക്കുകൾ.

പോലീസുമായി പൂർണമായും സഹകരിക്കുകയും തന്റെ ഭാഗം പറഞ്ഞതുമാണെന്നും ഷംസു സൈബ കൂട്ടിച്ചേർത്തു.