എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയ്ക്ക് വിരാമമിട്ടാണ് ഇന്ത്യയുടെ പ്രിയ ഗായിക ആശാ ഭോസ്‌ലെ വിടവാങ്ങിയത്. 92-ാം വയസ്സിൽ ഏപ്രിൽ 12-ന് മുംബൈയിലായിരുന്നു അന്ത്യം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ രാജ്യം മുഴുവൻ കണ്ണീരോടെയാണ് പ്രിയ ഗായികയ്ക്ക് യാത്രാമൊഴി നൽകിയത്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ആശാ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് രംഗത്തുവന്നിരുന്നു. അക്കൂട്ടത്തിൽ അപ്രതീക്ഷിതമായാണ് ഡബ്ല്യു.ഡബ്ല്യു.ഇ (WWE) താരവും നടനുമായ ജോൺ സീന ആശാ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്.

To advertise here,

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ജോൺ സീന യാതൊരു അടിക്കുറിപ്പുകളുമില്ലാതെ ആശാ ഭോസ്‌ലെയുടെ ചിത്രം പങ്കുവെച്ചത്. പോസ്റ്റ് ഇന്ത്യൻ ആരാധകരെ അമ്പരപ്പിച്ചു. നിരവധിയാളുകൾ അദ്ദേഹത്തെ പ്രശംസിച്ച് കമന്റുകൾ പങ്കുവെച്ചു. ഇന്ത്യ നിങ്ങളെ ഏറെ സ്നേഹിക്കുന്നുവെന്നും, പോസ്റ്റ് അപ്രതീക്ഷിതമാണെന്നും ആരാധകർ പറഞ്ഞു.

രാഷ്ട്രീയ-കായിക രംഗത്തെ നിരവധി പ്രമുഖർ പ്രിയ ഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. മുംബൈയിലെ ശിവജി പാർക്കിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യകർമകൾ. സച്ചിൻ ടെണ്ടുൽക്കർ, ടാബു, രൺവീർ സിംഗ്, റിതേഷ് ദേശ്മുഖ്, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, മനോജ് ബാജ്‌പേയി, കങ്കണ റണാവത്ത്, ഹേമ മാലിനി, വിക്കി കൗശൽ, വിവേക് ഒബ്‌റോയ്, പത്മിനി കോലാപുരി, ജാക്കി ഷ്റോഫ് എന്നിവരും ആദരമർപ്പിക്കാൻ എത്തി.